ടാറ്റ കർവ് EV പോലീസിലേക്ക്, ഇന്റർനാഷണൽ ലുക്ക്, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഹിമാചൽ പോലീസ് സേനയുടെ ഭാഗമായി ടാറ്റ കർവ് ഇവികൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ഹിമാചൽ പ്രദേശ് പോലീസിനായി തയ്യാറാക്കിയ പുതിയ വാഹനങ്ങളുടെ ദൃശ്യങ്ങൾ ഒരു ഉപയോക്താവ് പങ്കുവെച്ചു.
ഈ വീഡിയോയിൽ, ടാറ്റയുടെ ഡീലർഷിപ്പിൽ നിന്നും ആറ് ടാറ്റ കർവ് ഇവികൾ കാണാം. പോലീസ് എന്ന് രേഖപ്പെടുത്തിയ പ്രത്യേക സ്റ്റിക്കറുകളും, '112-ൽ വിളിക്കുക' എന്നതുപോലുള്ള ഗ്രാഫിക്സുകളും പലയിടങ്ങളിലായി നൽകിയിട്ടുണ്ട്.
ഹിമാചൽ പോലീസിലെ 'റോഡ് ട്രാൻസ്‌പോർട്ട് സേഫ്റ്റി' വകുപ്പിനായി പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളാണിവ. കർവ് ഇവികളിൽ പ്രത്യേക സ്റ്റിക്കറുകൾ മാത്രമല്ല, അടിയന്തര സാഹചര്യങ്ങൾക്കായി സൈറൺ, ലൗഡ്‌സ്‌പീക്കർ തുടങ്ങിയ ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്.
കാറിന്റെ മുകളിൽ 360-ഡിഗ്രി റെക്കോർഡിങ് ക്യാമറയാണെന്ന് തോന്നിക്കുന്ന ഒരു ഉപകരണവും സ്ഥാപിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ പോലീസ് വാഹനങ്ങളോട് സാമ്യംതോന്നിപ്പിക്കുന്നതാണ് മൊത്തത്തിൽ ഈ വാഹനത്തിന്റെ ലുക്ക്. ഏതായാലും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ടാറ്റ കർവ്
165 ബിഎച്ച്പി കരുത്തും 215 എൻഎം ടോർക്കുമാണ് വാഹനത്തിനുള്ളത്. 45 kWh, 55 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമായ കർവ് ഇവിക്ക്, 430 കിലോമീറ്റർ മുതൽ 502 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ കഴിയും. ബാറ്ററി കപ്പാസിറ്റിയും വേരിയന്റും അനുസരിച്ച് 17.49 ലക്ഷം രൂപ മുതൽ 21.99 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില (എക്സ്-ഷോറൂം).
Content Highlights: Himachal Pradesh Police receives 6 new Tata Curvv EVs for Road Transport Safety. These eco-friendly coupe-SUVs feature police livery, siren, and advanced tech for efficient operations.