GST ഘടനയിലെ മാറ്റം; ചെറിയ കാറുകളുടെ നികുതി കുറഞ്ഞേക്കുമെന്ന് സൂചന

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

വാഹനങ്ങളുടെ ജിഎസ്ടി ഘടനയില്‍ കേന്ദ്രസര്‍ക്കാര്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ  പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്കരണത്തിന്റെ ചുവടുപിടിച്ചാണിത്. വാഹനങ്ങളുടെ എഞ്ചിന്‍ ശേഷിയെ അടിസ്ഥാനമാക്കി പുതിയ തരംതിരിവ് നിര്‍ദ്ദേശിക്കാനാണ് നീക്കമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു. ചെറിയ കാറുകള്‍ക്ക് കുറഞ്ഞ നികുതി നിരക്കുകള്‍ വരാന്‍ ഇത് വഴിയൊരുക്കുമെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി പ്രോഫിറ്റ് റിപ്പോര്‍ട്ടുചെയ്തു.

നിര്‍ദ്ദിഷ്ട ഘടന പ്രകാരം 1200 സിസിയില്‍ താഴെ എഞ്ചിനുള്ള ചെറിയ കാറുകള്‍ ഒരു വിഭാഗത്തിലും, 1200 സിസിക്ക് മുകളില്‍ എഞ്ചിന്‍ ശേഷിയുള്ള വലിയ കാറുകള്‍ ഉയര്‍ന്ന നികുതിയുള്ള രണ്ടാമത്തെ വിഭാഗത്തിലും ഉള്‍പ്പെടും. ഇത് നടപ്പിലാക്കിയാല്‍ നിലവിലെ 28 ശതമാനം ജിഎസ്ടിയും ബാധകമായ സെസ്സും ചേര്‍ന്ന നിരക്കില്‍ നിന്ന് ചെറിയ കാറുകളുടെ നികുതി 18 ശതമാനമായി കുറഞ്ഞേക്കാം. ഈ നീക്കം എന്‍ട്രി ലെവല്‍ വിഭാഗത്തിലെ കാറുകളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.

നിലവില്‍ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകള്‍, ചെറിയ സെഡാനുകള്‍, കോംപാക്ട് എസ്​യുവികള്‍ എന്നിവ ഉയര്‍ന്ന നിരക്കായ 28 ശതമാനം ജിഎസ്ടിക്ക് കീഴിലാണ് വരുന്നത്. വാഹനത്തിന്റെ സവിശേഷതകള്‍ അനുസരിച്ച് 22 ശതമാനം വരെ അധിക സെസ്സും ചുമത്തുന്നുണ്ട്. ഇതില്‍ മാറ്റംവരുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മന്ത്രിതല സമിതി (GoM) കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുക. സമിതി ഈയാഴ്ച യോഗം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Proposed GST changes could lower taxes on small cars with engines below 1200cc