15 വർഷമായ ബസുകൾക്ക് അഞ്ച് വർഷംകൂടി കാലാവധി നൽകിയ നീക്കം; കടുത്ത നടപടിക്ക് ഹരിത ട്രിബ്യൂണൽ

#Auto Desk
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

തൃശ്ശൂർ: 15 വർഷം കഴിഞ്ഞ ഡീസൽ ബസുകളുടെ കാലാവധി അഞ്ചു വർഷം കൂടി നീട്ടിയ കേരള സർക്കാർ ഉത്തരവിൽ കർശന ഇടപെടലുമായി ഹരിത ട്രിബ്യൂണൽ. ഉത്തരവിനെതിരേ സ്വകാര്യവ്യക്തി നൽകിയ പരാതിയിൽ ഗതാഗതവകുപ്പ് അധികാരികളുടെ വിശദീകരണം കിട്ടാത്തതിനാൽ കടുത്ത നടപടിയിലേക്ക് നീങ്ങുകയണ് ട്രിബ്യൂണൽ.

അടുത്ത ഹിയറിങ്ങിനു മുൻപേ റിപ്പോർട്ട് നൽകാത്തപക്ഷം കേരള ഗതാഗത സെക്രട്ടറി ട്രിബ്യൂണലിൽ നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ട്രിബ്യൂണലിന്റെ ദക്ഷിണമേഖലാ ഘടകത്തിന്റേതാണ് ഉത്തരവ്. ചെന്നൈയിലാണ് ട്രിബ്യൂണലിന്റെ ഓഫീസ്. അടുത്ത ഹിയറിങ് ദിവസമാണ് നേരിട്ട് ഹാജരാേകണ്ടത്.

ദേശീയ സ്‌ക്രാപ്പ് നയത്തെ മറികടന്നാണ് കേരളത്തിൽ കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഏഴും സ്വകാര്യ ബസുകൾക്ക് അഞ്ചും വർഷം കൂടി പ്രവർത്തന കാലാവധി നീട്ടി നൽകിയത്. 2024 മാർച്ച് അഞ്ചിനാണ് ദേശീയ സ്‌ക്രാപ്പ് നയത്തെ മറികടക്കാൻ സർക്കാർ പ്രത്യേക ഉത്തരവിറക്കിയത്.

ദേശീയ സ്‌ക്രാപ്പ് നയപ്രകാരം 15 വർഷം പൂർത്തിയാക്കിയ ഡീസൽ ബസുകൾ നിരത്തിലിറങ്ങാൻ പാടില്ല. എന്നാൽ സി.എൻ.ജി. ഇന്ധനമാക്കുന്നവയ്ക്കും വൈദ്യുത വാഹനങ്ങൾക്കും ഇത് ബാധകമല്ല. കേന്ദ്രസർക്കാരും സുപ്രീംകോടതിയും പഴയ ഡീസൽ വാഹനങ്ങൾ ഘട്ടങ്ങളായി പിൻവലിക്കണമെന്ന് നിർദേശിച്ചതാണ്. പരിസ്ഥിതി മലിനീകരണമാണ് പ്രധാന പ്രശ്‌നം.

കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നോട്ടിഫിക്കേഷൻ വഴി വാഹനങ്ങളുടെ സേവനകാലാവധി നീട്ടിയിരുന്നു. കേരളത്തിന്റെ നടപടിക്കെതിരേയാണ് ഒരു വ്യക്തി ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. കേന്ദ്രസർക്കാരിന്റേയും സുപ്രീംകോടതിയുടേയും നിർദേശങ്ങളും ഉത്തരവുകളും കാറ്റിൽ പറത്തുന്ന സംസ്ഥാനങ്ങളുടെ നീക്കം യുക്തിസഹമല്ലെന്നും ട്രിബ്യൂണൽ മുൻപ് വിലയിരുത്തിയിരുന്നു.

ട്രിബ്യൂണലിന്റെ നടപടികളെ കേരള ഗതാഗത വകുപ്പ് ഉദാസീനതയോടെയാണ് നേരിട്ടത്. അതോടെയാണ് ജസ്റ്റിസ് പുഷ്പ സത്യനാരായണ നേതൃത്വം നൽകുന്ന ദക്ഷിണേന്ത്യൻ ഹരിത ട്രിബ്യൂണൽ നടപടി കടുപ്പിച്ചത്.

Content Highlights: Green Tribunal threatens legal action against Kerala Transport Secretary for ignoring summons., The state government extended the life of 15-year-old diesel buses, violating National Scrappage Policy., The tribunal mandates a report before the next hearing or requires personal appearance by the official., Environmental concerns remain the primary driver for the tribunal's strict stance against old diesel vehicles.