പോലീസിന്റെ ജീവന്‍ രക്ഷിച്ച ധൈര്യം, പതിറ്റാണ്ടുകളായി പോസ്റ്റ്മാന്‍; ഒരു നൂറ്റാണ്ടിന്റെ ചുറുചുറുക്കില്‍ 'ഗോപാലകൃഷ്ണന്‍'

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് മുമ്പുതന്നെ ഓടിത്തുടങ്ങിയ ബസ്, കൊല്ലത്തുനിന്ന് ആദ്യമായി ആഴപ്പുഴയിലേക്ക് യാത്രക്കാരുമായി പോയ ബസ് ഇങ്ങനെ പല ചരിത്രങ്ങളും പറയാനുണ്ട് കൊല്ലത്തുകാരുടെ സ്വന്തം ഗോപാലകൃഷ്ണന്‍ എന്ന സ്വകാര്യബസിന്. നിരത്തുകളില്‍ പതിറ്റാണ്ടുകളുടെയല്ല ഒരു നൂറ്റാണ്ടിന്റെ പരമ്പര്യം അവകാശപ്പെടാനുള്ള ഗോപാലകൃഷ്ണന്‍ ബസ് സര്‍വീസിന് ഇപ്പോള്‍ പ്രായം 105 വയസാണ്. 1920-ലാണ് ഗോപാലകൃഷണന്‍ ബസ് സര്‍വീസിന്റെ ആദ്യ ബസ് ഓടിത്തുടങ്ങിയത്.
1920-ലാണ് ഗോപാലകൃഷ്ണന്‍ എന്ന പേരില്‍ ഈ സ്വകാര്യ ബസ് സര്‍വീസ് ആരംഭിക്കുന്നത്. ചവറ പൊന്‍മല സ്വദേശിയായ ശേഖരന്‍ എന്നയാളാണ് ബസ് സര്‍വീസിന് തുടക്കമിട്ടത്. അദ്ദേഹത്തിന്റെ പിന്‍ഗാമികളായി ഡാ.ഗോപാലകൃഷ്ണന്‍, ടി.എസ്. ചിദംബരം എന്നിവരാണ് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന ഈ ബസ് വ്യവസായത്തെ ഇപ്പോള്‍ നയിക്കുന്നത്. ചരിത്രത്തിന്റെ ഭാഗമായ ഈ ഗോപാലകൃഷ്ണന്‍ ബസ് സര്‍വീസിന് ഇപ്പോള്‍ നാല് ബസുകളാണുള്ളത്.
1949 മുതല്‍ തന്നെ പോസ്റ്റുമാന്റെ റോള്‍ കൂടി ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കുന്നുണ്ട്. ചവറയ്ക്കും കൊടുമണ്ണിനും ഇടയിലുള്ള 11 പോസ്റ്റ് ഓഫീസുകളിലേക്കുള്ള മെയില്‍ സര്‍വീസും ഗോപാലകൃഷ്ണന്‍ ബസിന്റെ ചുമതലയാണ്. അത് ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. മറ്റു ബസുകളുമായി മത്സരിക്കാനോ അമിതവേഗത്തിലുള്ള ഓട്ടത്തിനോ ഈ ബസുകള്‍ നില്‍ക്കാറില്ലെന്നുമാണ് 28 വര്‍ഷമായി ഗോപാലകൃഷ്ണന്‍ ബസിലെ കണ്ടക്ടറായ സുദര്‍ശന കുമാര്‍ പറയുന്നത്.
ഗോപാലകൃഷ്ണന്‍ ബസിന് മാത്രമായി കുറേയേറെ സ്ഥിരം യാത്രക്കാരുമുണ്ട്. വേറെ എത്ര ബസുകള്‍ വന്നാലും അവര്‍ ഈ ബസിനെ കാത്തിരിക്കാറുണ്ടെന്നാണ് ഗോപാലകൃഷ്ണന്‍ ബസ് സര്‍വീസില്‍ ഒരു വാഹനത്തിന്റെ വളയം പിടിക്കുന്ന കോമളന്‍ പറയുന്നത്. തകര ഷീറ്റുകൊണ്ട് മേല്‍ക്കൂര ഒരുക്കുന്ന പണ്ടുകാലത്തെ ബസിലാണ് ഗോപാലകൃഷ്ണന്‍ തുടങ്ങിയതെങ്കിലും കാലത്തിന് അനുസരിച്ച് കോലം മാറിയിട്ടുള്ള മികച്ച ബസുകളാണ് ഇപ്പോള്‍ നിരത്തുകളില്‍ ഉള്ളത്.
ഒരു പോലീസുകാരന്റെ ജീവന്‍ രക്ഷിച്ചതിന്റെ ചരിത്രവും ഈ ബസിന് പറയാനുണ്ട്. കൊലത്ത് നടന്ന ഒരു പ്രതിഷേധ പരിപാടി നിയന്ത്രിക്കുന്നതിനിടെ പോലിസ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഈ സമയത്ത് അതുവഴി വന്ന ഗോപാലകൃഷ്ണന്‍ ബസിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. പോലീസ് ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിച്ചതിന് പ്രതിഫലമായി പുതിയൊരു പെര്‍മിറ്റ് അനുവദിച്ചാണ് സര്‍ക്കാര്‍ ഗോപാലകൃഷ്ണന്‍ ബസ് സര്‍വീസിനോടുള്ള നന്ദി അറിയിച്ചത്.
Content Highlights: Discover the incredible 105-year journey of the Gopalakrishnan bus service in Kollam. From early mail delivery to saving a policeman`s life, this historic bus is a testament to endurance and service.