വിദേശ കാറിൽ, അതേ നമ്പർപ്ലേറ്റിൽ കേരളം ചുറ്റാം! 6 മാസത്തിന് 35,000 രൂപ; പുതിയ നികുതി വ്യവസ്ഥ ഹിറ്റ്

#ന്യൂസ് ഡെസ്ക്

കാക്കനാട്: വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന സ്വന്തം വാഹനവുമായി അവധിക്ക് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസം. ‘കാർനെറ്റ് ഡി പാസേജ്’ വ്യവസ്ഥയിൽ വിദേശത്ത് രജിസ്റ്റർചെയ്ത വാഹനങ്ങൾ കേരളത്തിൽ താത്കാലികമായി ഉപയോഗിക്കുന്നതിനുള്ള നടപടികൾ മോട്ടോർവാഹന വകുപ്പ് വേഗത്തിലാക്കി.

ആദ്യഘട്ടത്തിൽ ആറു മാസത്തേക്കാണ് അനുമതി. പ്രത്യേക സാഹചര്യങ്ങളിൽ അപേക്ഷ നൽകിയാൽ ആറുമാസം കൂടി കാലാവധി നീട്ടാം. എന്നാൽ പരമാവധി ഒരുവർഷം മാത്രമേ വാഹനം ഇന്ത്യയിൽ സൂക്ഷിക്കാനാകൂ.

വിദേശ രജിസ്‌ട്രേഷനുള്ള വാഹനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഹ്രസ്വകാല നികുതി പദ്ധതിയാണ് പ്രവാസികൾക്ക് ഏറെ പ്രയോജനകരം. വാഹനത്തിന്റെ വില എത്രയായാലും ആറുമാസത്തേക്ക് 35,000 രൂപ മാത്രമാണ് നികുതിയായി ഈടാക്കുന്നത്.

'ഫോർഡ് എഫ്-150' മാതൃക

ദുബായിൽനിന്ന് എറണാകുളം സ്വദേശി പ്രശോഭ് ശശിധരൻ പറപ്പുറത്ത് കൊണ്ടുവന്ന ഫോർഡ് എഫ്-150 ആണ് പദ്ധതിയുടെ പ്രയോജനം നേടി നടപടികൾ പൂർത്തിയാക്കിയ വാഹനങ്ങളിലൊന്ന്. ‘ദുബായ് ആർ. 28483’ എന്ന നമ്പർ രേഖപ്പെടുത്തിയ വാഹനമാണ് കാർനെറ്റ് വ്യവസ്ഥയിൽ കേരളത്തിലെത്തിച്ചത്.

2027 ജൂലായ് 14 വരെ സാധുതയുള്ള കാർനെറ്റ് രേഖകളുമായാണ് ഉടമ എറണാകുളം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. ഓഫീസിലെത്തിയത്. തുടർന്ന് ആറുമാസത്തേക്കുള്ള ഹ്രസ്വകാല നികുതിയായ 35,000 രൂപ അടച്ചു. ഉടമയുടെ അപേക്ഷ പരിഗണിച്ച് 2027 ഫെബ്രുവരി 11 വരെ വാഹനത്തിന് താത്കാലിക ഉപയോഗാനുമതിയും നൽകി.

എറണാകുളം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. ബിജു ഐസക്കിന്റെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ് കുമാറിന്റെയും നേതൃത്വത്തിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി അനുമതിപത്രം കൈമാറി.

വിദേശനമ്പർ തന്നെ മതി

വാഹനം കേരളത്തിലെത്തിച്ചശേഷം പുതിയ ഇന്ത്യൻ രജിസ്‌ട്രേഷൻ നമ്പർ എടുക്കേണ്ടതില്ല. വിദേശത്ത് അനുവദിച്ച അതേ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ച് കേരളത്തിലെ റോഡുകളിൽ വാഹനം ഓടിക്കാം. താത്കാലിക ഉപയോഗാനുമതിയുള്ളതിനാൽ സംസ്ഥാനത്തെ ഏത് ഭാഗത്തേക്കും യാത്രചെയ്യുന്നതിനും തടസ്സമില്ല.

ഒരുവർഷം കഴിഞ്ഞാൽ തിരിച്ചുപോകണം

ആറുമാസത്തെ ആദ്യ കാലാവധി കഴിഞ്ഞാൽ പ്രത്യേക സാഹചര്യങ്ങളിൽ ആറുമാസം കൂടി നീട്ടാൻ വ്യവസ്ഥയുണ്ടെങ്കിലും ഒരുവർഷമാണ് പരമാവധി പരിധി. അതിനുശേഷം വാഹനം നിർബന്ധമായും വിദേശത്തേക്ക് തിരിച്ചുകൊണ്ടുപോകണം.

കാലാവധി കഴിഞ്ഞിട്ടും വാഹനം ഇന്ത്യയിൽ തുടരുകയോ നിബന്ധനകൾ ലംഘിക്കുകയോ ചെയ്താൽ വാഹനം പിടിച്ചെടുക്കുന്നതിനൊപ്പം കസ്റ്റംസ് ഡ്യൂട്ടിയും പിഴയും ഈടാക്കും. അതിനാൽ കാർനെറ്റ് വ്യവസ്ഥയിൽ വാഹനം കൊണ്ടുവരുന്നവർ അനുവദിച്ച കാലാവധി കൃത്യമായി പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.

റേസിങ്ങിന് അനുമതിയില്ല

കാർനെറ്റ് വ്യവസ്ഥയിൽ കൊണ്ടുവരുന്ന വാഹനങ്ങൾ പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും യാത്രയ്ക്കും വിനോദസഞ്ചാര ആവശ്യങ്ങൾക്കും മാത്രമാണ് ഉപയോഗിക്കേണ്ടത്. റേസിങ്, ഓഫ്-റോഡ് റാലി തുടങ്ങിയ മത്സരങ്ങളിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതിയില്ല.

നിയമലംഘനം കണ്ടെത്തിയാൽ കാർനെറ്റ് പെർമിറ്റ് റദ്ദാക്കുന്നതിനൊപ്പം ബാധകമായ ഡ്യൂട്ടിയും പിഴയും ഈടാക്കും. വിദേശത്തുനിന്ന് സ്വന്തം വാഹനങ്ങളുമായി കേരളത്തിലെത്തുന്ന പ്രവാസികൾക്കും വിദേശ സഞ്ചാരികൾക്കും കൂടുതൽ സൗകര്യമൊരുക്കുന്നതിനൊപ്പം സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കും പദ്ധതി ഗുണകരമാകുമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ വിലയിരുത്തൽ.

നിയമാനുസൃതമായി നികുതി അടച്ച് താത്കാലിക ഉപയോഗാനുമതി നേടാൻ വിദേശ വാഹന ഉടമകൾ മുന്നോട്ടുവരണമെന്നും അധികൃതർ അറിയിച്ചു.

Content Highlights: The Kerala Motor Vehicles Department has expedited the process for expatriates to temporarily use their foreign-registered vehicles in Kerala under the 'Carnet de Passage' scheme, allowing an initial six-month stay, extendable by another six months, with a maximum limit of one year. Vehicles can retain their foreign registration numbers while in Kerala, and a short-term tax of 35,000 INR is applicable for six months, regardless of the vehicle's value.