ഇത് ഏറ്റവും വിലയുള്ള മാരുതി 800; തന്റെ ആദ്യ കാര്‍ ലക്ഷങ്ങള്‍ എറിഞ്ഞു തിരിച്ചെടുത്ത് റോയി സി.ജെ.

ദ്യമായി സ്വന്തമാക്കുന്ന വാഹനത്തോട് ഏതൊരാള്‍ക്കും ഒരു പ്രത്യേകം സ്‌നേഹം ഉണ്ടാകും. അത് ആഗ്രഹിക്കാതെ കൈവിട്ട് പോവുകയാണെങ്കിലുള്ള നഷ്ടബോധവും വളരെ വലുതായിരിക്കും. ആഗ്രഹിച്ച് സ്വന്തമാക്കിയ വാഹനം കൈവിട്ട് പോയതിലുള്ള വിഷമവും അത് അവിചാരിതമായി തിരിച്ച് കിട്ടിയതിലുള്ള സന്തോഷത്തിലുമാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മേധാവിയായ ഡോ.റോയി സി.ജെ. തന്റെ ആദ്യ വാഹനമായ മാരുതി 800 ആണ് അദ്ദേഹത്തിന് തിരികെ ലഭിച്ചിരിക്കുന്നത്.

തനിക്ക് കൈവിട്ട് പോയ 1994-ല്‍ ആദ്യമായി സ്വന്തമാക്കിയ മാരുതി 800-തിരികെ ലഭിക്കുന്നതിനായി റോയി സി.ജെ. സോഷ്യല്‍ മീഡിയയുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. വാഹനം കണ്ടെത്തി നല്‍ക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ്  അദ്ദേഹം സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് ഇപ്പുറം അദ്ദേഹത്തിന് ഈ വാഹനം തിരികെ ലഭിച്ചിരിക്കുകയാണ്. തന്റെ ആദ്യ വാഹനം തിരികെ ലഭിച്ചതിന്റെ സന്തോഷവും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

എന്റെ ആദ്യ കാറായ ഈ ചുവന്ന മാരുതി 800 കണ്ടെത്തുന്നയാള്‍ക്ക് ഞാന്‍ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയുടെ ശക്തി, എന്റെ ഇന്‍സ്റ്റഗ്രാം സുഹൃത്തുകള്‍ അത് കണ്ടെത്തിയിരിക്കുന്നു. ഒരു മാരുതി 800-ന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വില ഒരുപക്ഷേ ഇതായിരിക്കാം. പക്ഷെ, ആദ്യത്തെ കാര്‍ എന്നത് എപ്പോഴും ആദ്യത്തെ നേട്ടമാണെന്നാണ് അദ്ദേഹം 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നത്.

 
 

ഈ വാഹനം സ്വന്തമാക്കിയ സാഹചര്യങ്ങളെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. 1995 തന്റെ 25-ാം വയസിലാണ് സ്വന്തം സമ്പാദ്യം ഉപയോഗിച്ച് ഈ മാരുതി 800 വാങ്ങിയത്. 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരത്തുകളിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായിരുന്നു മാരുതി 800. 1994-ല്‍ ഈ വിലയ്ക്ക് സര്‍ജാപൂരില്‍ രണ്ട് ഏക്കര്‍ സ്ഥലം ലഭിക്കുമായിരുന്നു. ഇന്ന് സര്‍ജാപൂരില്‍ ആ രണ്ട് ഏക്കര്‍ സ്ഥലത്തിന് 20 കോടി രൂപയിലധികം വില വരുമെന്നും അദ്ദേഹം പറയുന്നു.

1997-ലാണ് ഞാന്‍ ഈ മാരുതി 800 വിറ്റ് പുതിയൊരു മാരുതി എസ്റ്റീം വാങ്ങിയത്. 1997-ല്‍ അതായിരുന്നു ഇന്ത്യന്‍ നിരത്തുകളിലെ ഏറ്റവും മികച്ചതും വില കൂടിയതുമായി കാര്‍. ഞാന്‍ എല്ലാക്കാലത്തും ഒരു വാഹനപ്രേമിയാണെന്നും റോയി സി.ജെയുടെ കുറിപ്പില്‍ പറയുന്നു. ഒരു കാര്‍ വാങ്ങുക, അതിനൊപ്പം ഒരു ചെറിയ തുണ്ട് ഭൂമിയും വാങ്ങുക. ഭൂമിയെന്നത് കുടുംബത്തിന്റെ സമ്പത്തായി മാറുമെന്നതാണ് ഈ കഥയുടെ ഗുണപാഠമെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളില്‍ റോയിയുടെ വിഡിയോ കണ്ട ആനന്ദ്, അനില്‍ എന്നിവരാണ് വാഹനം കണ്ടെത്തിയത്. CKJ 3637 എന്ന നമ്പറിലുള്ള വാഹനമാണിത്. ലോകത്തിലുള്ള ഏത് കാര്‍ വേണമെങ്കിലും എന്റെ വാഹനശേഖരത്തിലുണ്ടന്നും, എന്നാല്‍ അതിനെക്കാള്‍ എല്ലാം അധികമായി ഞാന്‍ ഈ കാറിനെ ഇഷ്ടപ്പെടുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. വാഹനത്തിന് കാലപ്പഴക്കത്തിന്റേതായ കേടുപാടുകള്‍ ഉണ്ട്. എന്നാല്‍, ഇത് തിരിച്ച് ലഭിച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്നും ഡോ.റോയി സി.ജെ പറയുന്നു.

Content Highlights: Dr. Roy C.J. gets his beloved 1994 Maruti 800 back after offering a ₹10 lakh reward. A heartwarming story of sentimentality and social media power.