മുപ്പതുലക്ഷത്തിന്റെ കാറിന് 8.54 ലക്ഷത്തിന്റെ ഫാൻസി നമ്പർ

പുനലൂർ: വണ്ടിവില 30.82 ലക്ഷം. ഫാൻസി രജിസ്‌ട്രേഷൻ നമ്പർ നേടാൻ ചെലവഴിച്ചത് 8.54 ലക്ഷം.തിങ്കളാഴ്ച പുനലൂർ ജോയിന്റ് ആർടി ഓഫീസിലാണ് കൗതുകം പകർന്ന ഈ വാഹന നമ്പർ ലേലം നടന്നത്.
പുതുതായി വാങ്ങിയ ടോയോട്ട ഇന്നോവാ ഹൈക്രോസ് കാറിനുവേണ്ടി പുനലൂർ ഇടമൺ സ്വദേശിനിയാണ് വാഹനവിലയുടെ മൂന്നിലൊന്നോളം ചെലവഴിച്ച് ഫാൻസി നമ്പർ സ്വന്തമാക്കിയത്. കെഎൽ-25 എസ്, 2525 എന്ന രജിസ്‌ട്രേഷൻ നമ്പർ ഇനി ഈ കാറിനു സ്വന്തം.
ഇടമൺ സ്വദേശിനിയുൾപ്പെടെ ആറുപേരാണ് ഓൺലൈൻ ലേലത്തിൽ പങ്കെടുത്തത്. 17,000 രൂപമുതൽ 8.54 ലക്ഷംവരെയായിരുന്നു ലേലത്തുക. ഇതിൽ പുനലൂർ സ്വദേശിയായ പ്രവാസി വ്യവസായി 8.39 ലക്ഷം രൂപവരെ ലേലംവിളിച്ച് പിൻവാങ്ങി. തുടർന്നാണ് ഏറ്റവുമുയർന്ന തുകയായ 8.54 ലക്ഷത്തിന് ലേലം ഉറപ്പിച്ചത്.
പുനലൂർ ജോയിന്റ് ആർടി ഓഫീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഉയർന്ന തുകയ്ക്ക് ഫാൻസി നമ്പർ ലേലംപോകുന്നത്. പുനലൂർ സ്വദേശിയായ വ്യവസായി നാലുലക്ഷത്തിലധികം രൂപ മുടക്കി കാറിനായി നേടിയ ഫാൻസി നമ്പരാണ് ഇതിനുമുൻപ് ഉയർന്ന തുകയ്ക്ക് ലേലംകൊണ്ട രജിസ്‌ട്രേഷൻ നമ്പർ.
Content Highlights: A Toyota Innova Hycross owner spent ₹8.54 lakhs for a fancy registration number (KL 25 S 2525) in Punalur, exceeding previous records. Learn more about this expensive car number.