അമിത നിരക്ക്, ട്രിപ്പ് റദ്ദാക്കല്‍, പണം റീഫണ്ടില്ല; ഒലയ്ക്കും ഉബറിനുമെതിരേ പരാതിപ്രളയം, നോട്ടീസയച്ചു

പ്രതീകാത്മക ചിത്രം | Photo: NARINDER NANU / AFP/ GeneraGOSsvc
പ്രതീകാത്മക ചിത്രം | Photo: NARINDER NANU / AFP/ GeneraGOSsvc

ഉപയോക്താക്കളുടെ അവകാശങ്ങള്‍ ലംഘിച്ചതിനും യുക്തമല്ലാത്ത ഇടപാടുകള്‍ നടത്തിയതിനും ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ ഒല, ഉബര്‍ കമ്പനികള്‍ക്ക് കേന്ദ്ര ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ നോട്ടീസ്. പരാതിപരിഹാരസംവിധാനത്തിന്റെ അഭാവം, സേവനത്തിലെ അപര്യാപ്തതകള്‍, സവാരി റദ്ദാക്കുന്നതിന് ഈടാക്കുന്ന അമിത നിരക്ക് തുടങ്ങിയവയുടെ പേരിലാണ് നോട്ടീസ് നല്‍കിയതെന്ന് കേന്ദ്ര ഉപഭോക്തൃമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. 

2021 ഏപ്രില്‍ ഒന്നുമുതല്‍ ഈ മാസം ഒന്നുവരെയുള്ള കാലയളവില്‍ ഒലയ്‌ക്കെതിരേ 2482 പരാതികളും ഉബറിനെതിരേ 770 പരാതികളും നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ് ലൈനില്‍ ലഭിച്ചു. സേവനത്തിലെ വീഴ്ചകള്‍, മുന്‍കൂര്‍ നല്‍കിയ പണം മടക്കിനല്‍കാതിരിക്കല്‍, അനധികൃത നിരക്ക് ഈടാക്കല്‍, നിശ്ചിത തുകയെക്കാള്‍ അമിത കൂലി ഈടാക്കല്‍, തെറ്റായ വാഗ്ദാനങ്ങള്‍, അക്കൗണ്ട് ബ്ലോക്ക് ചെയ്യല്‍, സേവനത്തില്‍ കാലതാമസം, തട്ടിപ്പുകള്‍ തുടങ്ങിയവ സംബന്ധിച്ച പരാതികളാണ് ലഭിച്ചിരിക്കുന്നത്. 

വാഹനങ്ങള്‍ ബുക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമില്‍ കസ്റ്റമര്‍കെയര്‍ നമ്പറും പരാതിപരിഹാര ഉദ്യോഗസ്ഥന്റെ നമ്പറും രേഖപ്പെടുത്തിയിട്ടില്ലാത്തതും ഉപയോക്താക്കള്‍ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. സവാരി റദ്ദാക്കുന്നതിനുള്ള നിരക്ക് എത്രയെന്ന് ട്രിപ്പ് ബുക്ക് ചെയ്യുമ്പോള്‍ രേഖപ്പെടുത്തേണ്ടതാണ്. എന്നാല്‍, ഇത് ബുക്കിങ് പ്ലാറ്റ്ഫോമില്‍ രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ ഡ്രൈവര്‍മാര്‍ സവാരിക്ക് വിമുഖത കാട്ടുമ്പോള്‍ ഉപയോക്താക്കള്‍ യാത്ര റദ്ദാക്കാന്‍ നിര്‍ബന്ധിതരാവുകയും അനാവശ്യമായി റദ്ദാക്കല്‍കൂലി വഹിക്കേണ്ടിവരികയും ചെയ്യുന്നു.

ഒരേറൂട്ടില്‍ യാത്രചെയ്യുന്നതിന് രണ്ടുതരം നിരക്കുകള്‍ ഈടാക്കുന്ന പ്രവണതയ്‌ക്കെതിരേയും പരാതികളുണ്ട്. യാത്രക്കാരന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ അധികസേവനങ്ങള്‍ക്ക് അധികനിരക്ക് ഈടാക്കുന്നതും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടര്‍ന്നാണ് കമ്പനികള്‍ക്ക് നോട്ടീസ് അയക്കാന്‍ സി.സി.പി.എ. തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ പ്രതിനിധികളുടെ യോഗംവിളിച്ച് മന്ത്രാലയം ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

Content Highlights: Excessive rates, trip cancellations, no refunds; Complaint against Ola and Uber