ഓപ്പറേഷന്‍ നുംഖൂര്‍; ദുല്‍ഖര്‍ സല്‍മാന്റെ വാഹനം കസ്റ്റംസ് തിരികെ നല്‍കും

കൊച്ചി: ഭൂട്ടാനില്‍നിന്ന് കടത്തിക്കൊണ്ടുവന്ന വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖൂറിന്റെ ഭാഗമായി പിടിച്ചെടുത്ത നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ വിട്ടുനല്‍കും. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് വാഹനം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് ദുല്‍ഖര്‍ കസ്റ്റംസിന് അപേക്ഷ നല്‍കിയിരുന്നു. ദുല്‍ഖര്‍ സല്‍മാന് വാഹനം കൊണ്ടുപോവാമെന്ന് കസ്റ്റംസ് വ്യക്തമാക്കി. ബോണ്ടിന്റെയും 20 ശതമാനം ബാങ്ക് ഗാരന്റിയുടേയും അടിസ്ഥാനത്തിലാണ് ഈ നടപടി. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാല്‍ കേരളത്തിന് പുറത്ത് കൊണ്ടുപോവരുത്, ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം തുടങ്ങിയ നിബന്ധനകള്‍ ഉണ്ടെന്നാണ് വിവരം.
അതേസമയം, ദുല്‍ഖറിന്റെ മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ഈ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ല. ലാന്റ് റോവര്‍ ഡിഫന്‍ഡര്‍, ലാന്റ് ക്രൂയിസര്‍, നിസാന്‍ പട്രോള്‍ തുടങ്ങിയ വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡറര്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്.
വാഹനം താത്കാലികമായി തിരികെ ലഭിക്കുന്നതിന് അഡ്ജുഡീക്കേറ്റിങ് അതോറിറ്റിയായ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറെ സമീപിക്കാനായിരുന്നു ദുല്‍ഖര്‍ സല്‍മാനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. ദുല്‍ഖറിന്റെ അപേക്ഷയില്‍ ബന്ധപ്പെട്ട അതോറിറ്റി ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദുല്‍ഖര്‍ കസ്റ്റംസിനെ സമീപിക്കുകയായിരുന്നു.
Content Highlights: Dulquer Salmaan's Land Rover, seized under Operation Numkhor, to be released by Customs on bond and bank guarantee.