ചാര്‍ട്ടേഡ്, ടൂറിസ്റ്റ്, അന്താരാഷ്ട്ര ബസുകളില്‍ 15,575 പരിശോധനകള്‍; ഇവിടെ ബസിന് സുരക്ഷയാണ് മുഖ്യം

ആർടിഎ അധികൃതരുടെ പരിശോധന.
ആർടിഎ അധികൃതരുടെ പരിശോധന.

ദുബായ്: ഗതാഗത നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഗതാഗത ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടു. യുഎഇയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും അനുയോജ്യമായ സേവനങ്ങള്‍ നല്‍കാന്‍ ഗതാഗത ഓപ്പറേറ്റര്‍മാരുടെ സഹകരണംവേണമെന്നും ആര്‍ടിഎ അധികൃതര്‍ പറഞ്ഞു.

ഗതാഗത ഓപ്പറേറ്റര്‍മാര്‍ നിയമംപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ചാര്‍ട്ടേഡ്, ടൂറിസ്റ്റ്, അന്താരാഷ്ട്ര ബസുകളില്‍ ആര്‍ടിഎ പരിശോധനനടത്തി. ആര്‍ടിഎ ഫീല്‍ഡ് വിഭാഗം ഗതാഗതസേവനങ്ങള്‍ നല്‍കുന്ന സര്‍വീസുകള്‍ കേന്ദ്രീകരിച്ച് 15,575 പരിശോധനകളാണ് നടത്തിയത്.

ഗതാഗത സര്‍വീസുകള്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്നറിയാനുള്ള കാംപെയ്ന്റെ ഭാഗമായാണ് പരിശോധനകള്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ഹത്ത ബോര്‍ഡര്‍ പോസ്റ്റ്) ദുബായ് ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് നൂതന സാങ്കേതികസംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ആര്‍ടിഎയുടെ പരിശോധന.

ഗതാഗതനിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു മാത്രമല്ല യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണവശങ്ങളും പരിശോധിക്കുന്നുണ്ടെന്ന് ആര്‍ടിഎയുടെ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ആക്ടിവിറ്റീസ് മോണിറ്ററിങ് ഡയറക്ടര്‍ സയീദ് അല്‍ ബലൂഷി പറഞ്ഞു.

ചാര്‍ട്ടേഡ്, ടൂറിസ്റ്റ്, അന്താരാഷ്ട്ര ബസുകളുടെ സുരക്ഷാപരിശോധനയും ലൈസന്‍സ് അടക്കമുള്ള രേഖകളും പരിശോധനയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

ദുബായിലെ ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ പരിശോധനാ കാംപെയ്നുകളിലൂടെ ഓപ്പറേറ്റര്‍മാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും സയീദ് അല്‍ ബലൂഷി അഭിപ്രായപ്പെട്ടു. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം എമിറേറ്റിന്റെ പ്രശസ്തി ഉയര്‍ത്തുകയുമാണ് ആര്‍ടിഎയുടെ ലക്ഷ്യം.

Content Highlights: Dubai Road and Transport Authority Enforces Stricter Compliance for Tourist and Transportation