ടാക്സികൾക്കു പിന്നാലെ സ്വയം നിയന്ത്രിത ട്രക്കുകളും, ചരക്കുഗതാഗതം സുഗമമാക്കാൻ ലക്ഷ്യമിട്ട് ദുബായ്

ദുബായ്: സ്വയംനിയന്ത്രിത ടാക്സികൾക്കു പിന്നാലെ അത്തരത്തിലുള്ള ട്രക്കുകളും പുറത്തിറക്കാൻ ആവശ്യമായ സമഗ്രമായ ചട്ടക്കൂടിന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അംഗീകാരംനൽകി. ചരക്കുഗതാഗതത്തിലും സ്മാർട്ട് മൊബിലിറ്റിയിലും ആഗോള നേതാവായി എമിറേറ്റിനെ ഉയർത്തുകയാണ് സംരംഭത്തിന്റെ ലക്ഷ്യം.
ലൈസൻസിങ്, പരീക്ഷണയോട്ടം, വാഹനസാങ്കേതിക ആവശ്യകതകൾ, സുരക്ഷാ നടപടിക്രമങ്ങൾ എന്നിവ ഉൾകൊള്ളുന്ന വിശദമായ നിയന്ത്രണങ്ങൾ ചട്ടക്കൂടിൽ പ്രതിപാദിച്ചിട്ടുണ്ട്.
സ്വയംനിയന്ത്രിത വലിയവാഹനങ്ങൾകൂടി ഉൾപ്പെടുത്തുന്നതോടെ ഗതാഗത ശൃംഖല വിപുലീകരിക്കാനാകും. വിവിധ സ്വകാര്യസ്ഥാപനങ്ങൾ, വിതരണക്കാർ, ചില്ലറവ്യാപാരികൾ എന്നിവയുമായി സഹകരിച്ചാണ് പുതിയ തീരുമാനമെടുത്തത്.
മുൻനിര വ്യാപാരകേന്ദ്രമെന്നനിലയിൽ എമിറേറ്റിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കാനുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമാണിതെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ദുബായ് സാമ്പത്തിക അജൻഡയെയും (ഡി33) ഇത് പിന്തുണയ്ക്കും.
അടുത്ത അഞ്ചുവർഷത്തിനകം എമിറേറ്റിലെ മൊത്തം യാത്രകളുടെ 25 ശതമാനവും സ്വയംനിയന്ത്രിത വാഹനങ്ങളിലാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. പ്രവർത്തനക്ഷമതയും സുരക്ഷാനിലവാരവും വർധിപ്പിക്കുന്നതിനൊപ്പം ഇത്തരം വാഹനങ്ങൾ കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും ചെയ്യും.
3.5 ടൺ മുതൽ 65 ടൺ വരെ ഭാരമുള്ള 61,290 ട്രക്കുകൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്. ദുബായ് കൊമേഴ്സ്യൽ ആൻഡ് ലോജിസ്റ്റിക്‌സ് ലാൻഡ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജി 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമാണ് പുതിയനീക്കം.
മേഖലയിൽനിന്ന് സമ്പദ്‌വ്യവസ്ഥയിലേക്കുള്ള സംഭാവന 1680 കോടി ദിർഹമാക്കി ഉയർത്തുക, ഗതാഗത മേഖലയുടെ കാര്യക്ഷമത ഉയർത്തുന്നതിനുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗം 75 ശതമാനം വർധിപ്പിക്കുക, കാർബൺ പുറന്തള്ളൽ 30 ശതമാനം കുറയ്ക്കുക, പ്രവർത്തന കാര്യക്ഷമത 10 ശതമാനം മെച്ചപ്പെടുത്തുക എന്നിവയും ലക്ഷ്യമിടുന്നുണ്ടെന്ന് അൽ തായർ വിശദീകരിച്ചു.
സ്വയംനിയന്ത്രിത ഗതാഗത സേവനങ്ങൾ ഏറ്റവുംകൂടുതൽ പ്രാബല്യത്തിലാക്കുന്ന നഗരങ്ങളിലൊന്നാണ് ദുബായ്. രണ്ട് ഘട്ടങ്ങളിലായാണ് ചട്ടക്കൂട് നടപ്പാക്കുക. ആദ്യഘട്ടത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ, ലൈസൻസിങ് നടപടികൾ എന്നിവയ്ക്ക് പ്രാധാന്യംനൽകും.
ജബൽ അലി തുറമുഖം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, ജബൽ അലി പോർട്ട് റെയിൽ ഫ്രെയ്റ്റ് ടെർമിനൽ, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്സ്, ഇബ്ൻ ബത്തൂത്ത മാൾ എന്നിങ്ങനെ അഞ്ച് പരീക്ഷണ റൂട്ടുകളുടെ രൂപരേഖകൾ ഉൾപ്പെടുന്നതാണ് രണ്ടാംഘട്ടം. ഇതിൽ ചില റൂട്ടുകളിൽ സുരക്ഷാ ഡ്രൈവർമാരുണ്ടാകും. മറ്റുള്ളവ പൂർണമായും സ്വയംനിയന്ത്രിത വാഹനങ്ങളുമായിരിക്കുമെന്നും അധികൃതർ പറഞ്ഞു
Content Highlights: Dubai`s RTA greenlights framework for autonomous trucks, enhancing smart mobility and cargo logistics. Aims to boost efficiency and sustainability in the emirate.