മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗം, രണ്ട് മണിക്കൂറില്‍ ചെന്നൈ ടു ബെംഗളൂരു; ആളില്ലാഹെലികോപ്റ്ററുകള്‍ വരുന്നു

ചെന്നൈ: നഗരങ്ങളില്‍ അതിവേഗം ചരക്കുകളെത്തിക്കുന്നതിന് ആളില്ലാഹെലികോപ്റ്റര്‍ വരുന്നു. തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള എന്‍ലൈറ്റ് ഹെലികോപ്റ്റേഴ്സ് എന്ന സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ച കുഞ്ഞുചോപ്പര്‍ അടുത്തവര്‍ഷം പകുതിയോടെ പരീക്ഷണപ്പറക്കലിന് സജ്ജമാകും.
വ്യോമയാന, പ്രതിരോധ മേഖലകളിലെ പുതിയപ്രവണതകള്‍ പരിചയപ്പെടുത്തുന്നതിന് ചെന്നൈയില്‍ ചൊവ്വാഴ്ച തുടങ്ങിയ എയ്റോഡിഫ്കോണ്‍ 2025-ലാണ് ആളില്ലാഹെലികോപ്റ്ററിന്റെ പരീക്ഷണമാതൃക അവതരിപ്പിച്ചത്. ആര്‍ടു എന്ന് പേരിട്ട ഇത് വിജയകരമായി പറന്നതായി എന്‍ലൈറ്റ് സിഇഒ എം. മോഹനകണ്ണന്‍ പറഞ്ഞു.
ആര്‍ത്രീ എന്ന പരിഷ്‌കൃതമാതൃക പരിശോധനകള്‍ക്കുശേഷം അടുത്തവര്‍ഷം പരീക്ഷണപ്പറക്കല്‍ നടത്തും. അഞ്ചുവര്‍ഷം എയര്‍ബസില്‍ എന്‍ജിനിയറായി പ്രവര്‍ത്തിച്ചശേഷമാണ് മോഹനകണ്ണന്‍ എന്‍ലൈറ്റ് തുടങ്ങിയത്.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍കഴിവുള്ള ഹെലികോപ്റ്ററിന് ചെന്നൈയില്‍നിന്ന് രണ്ടുമണിക്കൂര്‍കൊണ്ട് ബെംഗളുരുവിലെത്താനാവും. 70 കിലോഗ്രാംവെരയുള്ള സാധനങ്ങള്‍ വഹിക്കാം. ഒറ്റയടിക്ക് 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍കഴിയും. പ്രകൃതിക്ഷോഭങ്ങളുണ്ടായ സ്ഥലങ്ങളിലും സൈനികമേഖലകളിലും അടിയന്തരസാധനങ്ങളെത്തിക്കാന്‍ ഇത് ഉപയോഗിക്കാനാവും.
നാലരമീറ്റര്‍ നീളമുള്ള ഹെലികോപ്റ്ററിന് 200 കിലോഗ്രാം ഭാരമുണ്ട്. പെട്രോളിയം ഇന്ധനമാണ് ഉപയോഗിക്കുക. നിലവിലുള്ള ഡ്രോണുകളധികവും ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 15-20 മിനിറ്റിലധികം അവയ്ക്ക് തുടര്‍ച്ചയായി പറക്കാനാവില്ല. ചാര്‍ജുചെയ്യുന്നതിന് ധാരാളം സമയംവേണംതാനും. എന്നാല്‍, ഇതില്‍ ഇന്ധനംനിറയ്ക്കാന്‍ മിനിറ്റുകള്‍മതി.
Content Highlights: India`s first drone helicopter, `Arthra`, by Enlite Helicopters, set for test flights next year. Capable of 200 km/h, 70kg payload, and 500km range for rapid deliveries and emergency aid.