ഡീസൽ കാറുകൾക്ക് കൂടുതൽ 'സ്നേഹം' ആവശ്യമാണ്; എൻജിൻ പരിപാലിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നിങ്ങൾ ഒരു ഡീസൽ കാറിന്റെ ഉടമയാണോ? എങ്കിൽ ഡീസൽ എൻജിനുകളുടെ പരിചരണത്തിൽ യാതൊരു മടിയും കാണിക്കരുത്. കരുത്തിനും ഈടിനും ഇന്ധനക്ഷമതയ്ക്കും വേണ്ടി നിർമിച്ചതാണെങ്കിലും ഡീസൽ എൻജിനുകൾക്ക് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഇത് അവയുടെ ദീർഘായുസിനും സുഗമമായ പ്രവർത്തനത്തിനും അത്യാവശ്യമാണ്. എന്നാൽ, ഇക്കാര്യമെല്ലാം അവഗണിച്ചാൽ അറ്റകുറ്റപ്പണികൾക്കായി വലിയ തുക ചെലവാക്കേണ്ടിവരും. നിങ്ങളുടെ ഡീസൽ എൻജിൻ ദീർഘകാലം നിലനിൽക്കുന്നതിന് ഓർമിക്കേണ്ട ചില പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു.

 1. പുതിയ ഓയിലും ഫിൽട്ടറുകളും

ഡീസൽ കാർ എൻജിന്റെ രക്തമാണ് എൻജിൻ ഓയിൽ എന്നു പറയാം. ഘർഷണവും ചൂടും കുറച്ച് ഇത് എല്ലാ ഭാഗങ്ങളെയും സുഗമമായി ചലിപ്പിക്കുന്നു. എന്നാൽ കാലക്രമേണ ഓയിൽ മലിനമാവുകയും അതിൻ്റെ ശേഷി നഷ്ടപ്പെടുകയും ചെയ്യും. ഇത് ഡീസൽ എൻജിനുകളിൽ വളരെ സാധാരണമാണ്. ഓരോ 8000-9000 കിലോമീറ്ററിലോ അല്ലെങ്കിൽ വർഷത്തിലൊരിക്കലോ എൻജിൻ ഓയിൽ മാറ്റണം. ഡീസൽ എൻജിനുകൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഉയർന്ന നിലവാരമുള്ള ഓയിൽ എപ്പോഴും ഉപയോഗിക്കുക. ഉയർന്ന ടോട്ടൽ ബേസ് നമ്പർ (TBN) ഉള്ള ഓയിൽ തിരഞ്ഞെടുക്കുക. കൂടാതെ, ഓയിൽ മാറ്റുമ്പോഴെല്ലാം ഓയിൽ ഫിൽട്ടറും മാറ്റാൻ മറക്കരുത്.

2. ഇന്ധനം

ശുദ്ധവും ഉയർന്ന നിലവാരവുമുള്ള ഇന്ധനത്തിലാണ് ഡീസൽ എന്‍ജിനുകൾ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുക.  
​ഗുണനിലവാരം ഇല്ലാത്ത ഡീസൽ ഒരിക്കലും ഉപയോ​ഗിക്കരുത്. ഇത് പ്രവർത്തനക്ഷമതയെ ബാധിക്കുകയും ഡീസൽ എൻജിന്റെ ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യും. എല്ലായ്പ്പോഴും വിശ്വസ്തമായ ഫ്യുവൽ സ്റ്റേഷനുകളിൽനിന്ന് ഇന്ധനം നിറയ്ക്കുക. കൂടാതെ, റിസർവ് മോഡിൽ വാഹനം ഓടിക്കുന്നതും ഒഴിവാക്കുക. കാരണം ഇന്ധനം കുറയുന്നത് സിസ്റ്റത്തിലേക്ക് വായു കടക്കാൻ ഇടയാക്കുകയും പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.  ഫ്യുവൽ ഫിൽട്ടറുകൾ കൃത്യസമയത്ത് മാറ്റുകയും വേണം. കാറിൽ വാട്ടർ സെപ്പറേറ്റർ ഉണ്ടെങ്കിൽ അത് ഇടയ്ക്കിടെ ഡ്രെയിൻ ചെയ്യുക.

3. തണുപ്പ് നിലനിർത്തുക

ഡീസൽ എൻജിനുകൾക്ക് ചൂട് കൂടുതലാണ്. അതിനാൽ കാറിലെ കൂളിങ് സിസ്റ്റത്തിന്റെ പങ്ക് ഇതിൽ പ്രധാനമാണ്. എൻജിൻ ആരോഗ്യത്തോടെ സൂക്ഷിക്കാൻ എപ്പോഴും കൂളൻ്റ് ലെവൽ പതിവായി പരിശോധിക്കുക. റേഡിയേറ്ററും ഫാനും വൃത്തിയുള്ളതാണെന്നും പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ഹോസുകളും ബെൽറ്റുകളും പരിശോധിച്ച് അവയ്ക്ക് തേയ്മാനമോ വിള്ളലോ ഉണ്ടെങ്കിൽ മാറ്റിസ്ഥാപിക്കുക.

4. ശുദ്ധമായ വായു

എൻജിനുകൾക്ക് നന്നായി പ്രവർത്തിക്കാൻ ശുദ്ധവായു ആവശ്യമാണ്. ഇതിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് എയർ ഫിൽട്ടർ അഴുക്കാകുമ്പോൾ മാറ്റുക. എയർ ഫിൽട്ടർ അടഞ്ഞുപോയാൽ മോശം പ്രകടനവും കൂടുതൽ ഇന്ധന ഉപയോഗവുമാണ് സംഭവിക്കുക.

5. വാം അപ്പ്, കൂൾ ഡൗൺ

വ്യത്യസ്ത സാഹചര്യങ്ങളിലും താപനിലയിലും പ്രവർത്തിക്കാൻ ഡീസൽ എൻജിനുകൾക്ക് വ്യത്യസ്ത സമയം ആവശ്യമാണ്. കാലാവസ്ഥ ചൂടിൽനിന്ന് തണുപ്പിലേക്കോ തിരിച്ചോ മാറുമ്പോൾ, ഡീസൽ എൻജിന്റെ പ്രകടനത്തിൽ വ്യതിയാനങ്ങൾ ഉണ്ടാകാം. തണുത്ത കാലാവസ്ഥയിൽ ഓടിക്കുന്നതിന് മുൻപ് എൻജിൻ വാം അപ്പ് ചെയ്യുക. ദീർഘദൂര യാത്രകൾക്ക് ശേഷം, സ്വിച്ച് ഓഫ് ചെയ്യുന്നതിന് മുൻപ് അത് കൂൾ ഡൗൺ ആകാൻ അനുവദിക്കുക. ഇത് ടർബോയെയും മറ്റ് ഭാഗങ്ങളെയും സംരക്ഷിക്കും.

6. വൃത്തിയായി സൂക്ഷിക്കുക, ലക്ഷണങ്ങൾ ശ്രദ്ധിക്കുക

ഡീസൽ കാർ നൽകുന്ന സൂചനകൾ നിരീക്ഷിക്കുന്നത് വളരെ പ്രധാനമാണ്. ഇടയ്ക്കിടെ എൻജിൻ ബേ വൃത്തിയാക്കുക. അതുവഴി നിങ്ങൾക്ക് ലീക്കുകളോ കേടുപാടുകളോ നേരത്തെ കണ്ടെത്താൻ കഴിയും. വാണിങ് ലൈറ്റുകളോ എക്‌സ്‌ഹോസ്റ്റിൽ നിന്നുള്ള അസാധാരണമായ പുകയോ ശ്രദ്ധിക്കുക. എല്ലാം ശരിയാണെന്ന് തോന്നിയാലും ഇടയ്ക്കിടെ ഒരു മെക്കാനിക്കിനെ സന്ദർശിച്ച് വാഹനം പരിശോധിക്കണം. 

Content Highlights: Keep your diesel engine running smoothly with these essential maintenance tips