പിടിച്ചെടുത്ത അവകാശികളില്ലാത്ത വാഹനങ്ങൾ പോലീസിന് ഉപയോഗിക്കാൻ വേണം; സർക്കാരിന് മുൻ DGP-യുടെ ശുപാർശ

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: വിവിധ കേസുകളിൽ ഉൾപ്പെട്ട് പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ അവകാശികളില്ലെങ്കിൽ റീരജിസ്റ്റർ ചെയ്ത് പോലീസ് വാഹനങ്ങളായി ഉപയോഗിക്കണമെന്ന് ശുപാർശ. മുൻ പോലീസ് മേധാവി ഡോ. ഷെയ്‌ഖ് ദർവേശ് സാഹിബാണ് ഇത്തരമൊരു ശുപാർശ സർക്കാരിനു സമർപ്പിച്ചത്. 

കേന്ദ്രസർക്കാരിന്റെ വാഹനംപൊളിക്കൽ നയപ്രകാരം ആയിരത്തോളം പോലീസ് വാഹനങ്ങൾ പൊളിക്കേണ്ടിവരുന്ന സാഹചര്യത്തിൽ പകരം പുതിയതു വാങ്ങാൻ പോലീസിനു സാമ്പത്തികപ്രശ്നവുമുണ്ട്. അതിനാൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉപയോഗിക്കാനാവുന്നത് വകുപ്പിനു സഹായകരമാകുമെന്നും ഡിജിപിയുടെ ശുപാർശയിലുണ്ട്.

കേന്ദ്രസർക്കാരിന്റെ സ്‌ക്രാപ് നയം സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തിൽ ഇത്തരത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് പഴയ പോലീസ് മേധാവി ഇതുസംബന്ധിച്ച ശുപാർശ നൽകിയത്. പിടിച്ചെടുക്കുന്ന വാഹനങ്ങൾ പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത് അസൗകര്യങ്ങളുണ്ടാക്കുകയും വാഹനങ്ങൾ നശിച്ചുപോകുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. 

ഈ സാഹചര്യത്തിൽ അവകാശികളില്ലാത്ത, പിടിച്ചെടുത്തവയിൽ കാലപ്പഴക്കം കുറഞ്ഞ വാഹനങ്ങൾ സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെക്‌നിക്കൽ ടീം പരിശോധിച്ച് ഏറ്റെടുക്കാനാകും. ഇത് പോലീസിന്റെ വാഹനക്കുറവ് പരിഹരിക്കുന്നതിനും സാമ്പത്തിക ലാഭത്തിനും കാരണമാകുമെന്നും ശുപാർശയിലുണ്ട്.

നിലവിൽ പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങളിൽ അവകാശികളില്ലാത്തവയെ കോടതി ഉത്തരവിനനുസരിച്ച് ലേലം ചെയ്യുകയാണ് പതിവ്. ഇപ്പോൾ നൽകിയ ശുപാർശയിൽ ആഭ്യന്തരവകുപ്പ് തീരുമാനമെടുത്തിട്ടില്ല.

Content Highlights: Demand for police to use seized vehicles have no owner