ചില കാറുകള്‍ക്ക് നിരോധനം, ട്രക്കുകള്‍ക്ക് വിലക്ക്; ഒറ്റ-ഇരട്ട സംവിധാനം: വായു 'രക്ഷപെടുത്താൻ' ഡല്‍ഹി

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: ല്‍ഹിയില്‍ വായുനിലവാരസൂചിക ഗുരുതരാവസ്ഥയില്‍ തുടരുമ്പോള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും. തിങ്കളാഴ്ചമുതല്‍ നിരത്തുകളില്‍ ഒറ്റ-ഇരട്ട സംഖ്യ അടിസ്ഥാനത്തില്‍ മാത്രമാണ് വാഹനങ്ങള്‍ ഇറക്കാനാകുക. ആദ്യഘട്ടത്തില്‍ നവംബര്‍ 13 മുതല്‍ 20 വരെയും ആവശ്യമെന്ന് തോന്നിയാല്‍ വരുംദിവസങ്ങളിലേക്കും നിയന്ത്രണങ്ങള്‍ നീട്ടുമെന്ന് തിങ്കളാഴ്ചചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം ഡല്‍ഹി പരിസ്ഥിതിമന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷ നടക്കുന്നതില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ഒഴികെ മറ്റെല്ലാ ക്ലാസുകള്‍ക്കും നവംബര്‍ പത്തുവരെ അവധി പ്രഖ്യാപിച്ചു. ബിഎസ് 3 പെട്രോള്‍, ബിഎസ് 4 ഡീസല്‍ വാഹനങ്ങളുടെ നിരോധനം തുടരും. അവശ്യവസ്തുക്കളുമായി വരുന്ന എല്‍.എന്‍.ജി., സി.എന്‍.ജി. ട്രക്കുകള്‍ക്ക് മാത്രമേ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. 

ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാര്‍ക്കുള്ള വര്‍ക്ക് ഫ്രം ഹോം ഫോര്‍മുല സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. തുടര്‍ച്ചയായ അഞ്ചാംദിവസവും വായുവിന്റെ ഗുണനിലവാരം ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഉന്നതതല യോഗം ചേര്‍ന്നത്. മന്ത്രി ഗോപാല്‍ റായിയും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ആര്‍.കെ. പുരം (466), ഐ.ടി.ഒ. (402), പട്പര്‍ഗഞ്ച് (471), ന്യൂ മോത്തിബാഗ് (488) എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച ഏറ്റവുംമോശം വായുനിലവാരം രേഖപ്പെടുത്തിയത്.

Content Highlights: Delhi air pollution; government implement vehicle ban and odd-even number system