കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; റോബിന്‍ ബസ് നടത്തിപ്പുകാരനെതിരേ എം.വി.ഡി. ഉദ്യോഗസ്ഥരുടെ പരാതി

#സ്വന്തം ലേഖകന്‍
റോബിന്‍ ബസ്, ഉടമ ഗിരീഷ്‌ | Photo: www.facebook.com/RobinMotors007, Screengrab
റോബിന്‍ ബസ്, ഉടമ ഗിരീഷ്‌ | Photo: www.facebook.com/RobinMotors007, Screengrab

പത്തനംതിട്ട:  ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് നേടി പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയിരുന്ന റോബിന്‍ എന്ന സ്വകാര്യ ബസിന്റെ നടത്തിപ്പുകാരനും കേരള മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള പോരാട്ടം 2023-ന്റെ അവസാനം മുതല്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. നിയമലംഘനം ആരോപിച്ച് കേരളത്തിലേയും തമിഴ്‌നാട്ടിലേയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് പിടിച്ചെടുക്കുന്ന നടപടി ഉള്‍പ്പെടെ സ്വീകരിച്ചിരുന്നു. 

എന്നാല്‍, ഈ ബസുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ബസ് നടത്തിപ്പുകാരനായ ഗിരീഷിന്റെ ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥന്‍ പത്തനംതിട്ട എസ്.പിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഗിരീഷിനോട് എസ്.പി. ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ഗിരീഷിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എ.എം.വി.ഐമാരായ രണ്ട് ഉദ്യോഗസ്ഥരാണ് ഗിരീഷിനെതിരേ പരാതി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, കോടതി വിധി എതിരായതിനാല്‍ തന്നെ എങ്ങനെയെങ്കിലും പൂട്ടിക്കാനാണ് ഇപ്പോള്‍ ഈ വധഭീഷണി ആരോപണം ഉയര്‍ത്തിയിരിക്കുന്നതെന്നാണ് ബസ് നടത്തിപ്പുകാരനായ ഗിരീഷ് പറയുന്നത്. പത്തനംതിട്ട എസ്.പി. ഓഫീസില്‍ ഹാജരാകുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതികരിച്ചത്. റോബിന്‍ ബസ് നാളെ മുത ല്‍ അടൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മോട്ടോര്‍വാഹന വകുപ്പിന്റെ തുടര്‍ച്ചയായ പരിശോധനയും വാഹനം പിടിച്ചെടുക്കലും കാരണം സര്‍വീസ് നടത്താനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി റോബിന്‍ ബസ് ഉടമ കെ. കിഷോര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. സര്‍വീസ് നടത്താന്‍ അനുകൂല ഉത്തരവുണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുന്നെന്ന് ആരോപിച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. മോട്ടോര്‍ വാഹനവകുപ്പ് വാഹനം പിടിച്ചെടുത്തതിന്റെയും പലപ്പോഴായി പിഴയിട്ടതിന്റെയും പശ്ചാത്തലത്തിലായിരുന്നു പരാതി. 

മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബന്‍ ബസിന് ലഭിച്ചിട്ടുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ അന്ന് വ്യക്തമാക്കിയത്. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍, ഏത് പോയിന്റില്‍ നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം ആവര്‍ത്തിക്കുന്നുവെന്നതാണ് ബസിനെതിരേ നടപടി സ്വീകരിക്കാന്‍ കാരണം.

Content Highlights: Death threat; mvd officials file compliant against robin bus owner