അപകടത്തിൽ തകർന്ന് തരിപ്പണമായ വാഹനങ്ങൾ വീണ്ടും നിരത്തിൽ, ഇൻഷുറൻസ് കമ്പനികളെ കുറ്റപ്പെടുത്തി MVD

തിരുവനന്തപുരം: നന്നാക്കിയെടുക്കാൻ പറ്റാത്തവിധം അപകടത്തിൽ തകർന്ന വാഹനങ്ങൾ വീണ്ടും നിരത്തിലിറങ്ങുന്നതിനു പിന്നിൽ ഇൻഷുറൻസ് കമ്പനികളുടെ വീഴ്ചയെന്ന് മോട്ടോർ വാഹനവകുപ്പ്. ടോട്ടൽ ലോസ് ആയി കണക്കാക്കി വാഹനങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കുമ്പോൾ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നാണ് വ്യവസ്ഥ.
എന്നാൽ, വാഹന രജിസ്‌ട്രേഷൻ റദ്ദാക്കാതെ നഷ്ടപരിഹാരം നൽകുകയും ഈ വാഹനം ഏറ്റെടുത്ത് മറ്റൊരാൾക്ക് വിൽക്കുകയും ചെയ്യുന്നെന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച് 2024-ൽ ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി നൽകിയ നിർദേശങ്ങൾ ചില കമ്പനികൾ പാലിക്കാത്തതാണ് കാരണം.
ഇൻഷുറൻസ് തുകയുടെ 75 ശതമാനത്തിലധികം അറ്റകുറ്റപ്പണിക്ക് വേണ്ടിവരുമ്പോഴാണ് വാഹനം ടോട്ടൽലോസായി കണക്കാക്കുന്നത്. ഇൻഷുറൻസ് തുക മുഴുവനായി അനുവദിക്കുകയും രജിസ്‌ട്രേഷൻ റദ്ദാക്കി വാഹനം കമ്പനി ഏറ്റെടുക്കുകയും ചെയ്യണമെന്നാണ് വ്യവസ്ഥ. രജിസ്‌ട്രേഷൻ റദ്ദായാൽ വാഹനത്തിന് ലോഹവിലയേ കിട്ടൂ.
നഷ്ടപരിഹാരത്തിന്റെ ഭൂരിഭാഗവും കമ്പനി നൽകേണ്ടിവരും. ഇതൊഴിവാക്കാൻ ഉടമയുമായി ധാരണയുണ്ടാക്കിയശേഷം വാഹനം വാങ്ങാൻ ആളെ കണ്ടെത്തും. വാഹനവില കഴിച്ചിട്ടുള്ള തുകയാകും ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകുക.
ഇത്തരം വാഹനങ്ങൾ വാങ്ങുന്നവരുടെ ലക്ഷ്യം തട്ടിക്കൂട്ടി നന്നാക്കി വീണ്ടും വിൽക്കുകയാണ്. അപകടത്തിൽപ്പെട്ട വിവരം മറച്ചുവെച്ചാകും വിൽപ്പന. ചട്ടക്കൂടും, ചേസിസും തകർന്ന വാഹനങ്ങൾ വീണ്ടും നിരത്തിലെത്തുന്നത് റോഡ് സുരക്ഷയ്ക്ക് ഭീഷണിയാണ്.
Content Highlights: MVD flags insurance companies for allowing accident-totaled vehicles back on roads after payouts. Learn how this threatens road safety.