'വാഹനം തിരഞ്ഞെടുത്തതിൽ അവർക്ക് തെറ്റി'; ട്രംപ് ഹോട്ടലിന് മുന്നിലെ സൈബർട്രക്ക് സ്‌ഫോടനത്തിൽ മസ്ക്

ഇലോൺ മസ്ക്, സ്ഫോടനത്തെ തുടർന്ന് സൈബർട്രക്ക് കത്തുന്നു | Photos: AP, x.com/MarioNawfal
ഇലോൺ മസ്ക്, സ്ഫോടനത്തെ തുടർന്ന് സൈബർട്രക്ക് കത്തുന്നു | Photos: AP, x.com/MarioNawfal

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ലാസ് വേഗസിലെ ഹോട്ടലിന് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ നടുക്കത്തിലാണ് യു.എസ്. ലാസ് വേഗസ് സമയം വ്യാഴാഴ്ച രാവില ഒമ്പതുമണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ടെസ്‌ലയുടെ ഇലക്ട്രിക് പിക്ക് അപ്പ് ട്രക്കായ സൈബര്‍ട്രക്കാണ് ഹോട്ടലിന് പുറത്ത് പൊട്ടിത്തെറിച്ചത്. ഇതിന് പിന്നില്‍ മുന്‍ സൈനികനാണെന്നാണ് റിപ്പോര്‍ട്ട്. 

ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ടെസ്ല സി.ഇ.ഒ. ഇലോണ്‍ മസ്‌ക്. അക്രമി തിരഞ്ഞെടുത്തത് തെറ്റായ വാഹനമാണെന്ന് മസ്‌ക് തന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമമായ എക്‌സില്‍ പ്രതികരിച്ചു. 

'ദുഷ്ടനായ ആ വിഡ്ഢി ഭീകരാക്രമണത്തിനായി തിരഞ്ഞെടുത്തത് തെറ്റായ വാഹനമാണ്. സ്‌ഫോടനത്തിന്റെ ആഘാതം കുറയ്ക്കുകയും സ്‌ഫോടനത്തെ മുകള്‍ഭാഗത്തേക്ക് തിരിച്ചുവിടുകയുമാണ് യഥാര്‍ഥത്തില്‍ സൈബര്‍ട്രക്ക് ചെയ്തത്. ഹോട്ടല്‍ ലോബിയിലെ ചില്ലുവാതിലുകള്‍ പോലും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടില്ല.' -ഇലോണ്‍ മസ്‌ക് എക്‌സില്‍ കുറിച്ചു. 

ട്യൂറോ എന്ന കാര്‍ ഷെയറിങ് പ്ലാറ്റ്‌ഫോമില്‍ നിന്നെടുത്ത 2024 മോഡല്‍ ടെസ്‌ല സൈബര്‍ട്രക്കാണ് ലാസ് വേഗസിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ പ്രധാന കവാടത്തിന് തൊട്ടടുത്ത് വെച്ച് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാഹനത്തിനുള്ളില്‍ പെട്രോള്‍ നിറച്ച കാനുകളും വെടിമരുന്നും പാചകവാതകവും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 
 

Content Highlights: "Picked Wrong Vehicle": Elon Musk On Cybertruck Explosion Outside Trump Hotel