‘എന്റെ ഭാഗത്ത് നിന്നും ഒരു പിഴവുണ്ടായി’; സീറ്റ് ബെൽറ്റിടാതെ കാർ യാത്ര, ഖേദം പ്രകടിപ്പിച്ച് MLA

കരുനാഗപ്പള്ളി: സി.ആർ. മഹേഷ് എം.എൽ.എ. സീറ്റ് ബെൽറ്റ് ഇടാതെ കാറിൽ യാത്രചെയ്തത് വിവാദമായി. സംഭവത്തിൽ ഖേദംപ്രകടിപ്പിച്ച് എം.എൽ.എ.യും രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമുയർന്നത്.
വീഡിയോ ചിത്രീകരിച്ചത് കാർ ഓടിച്ചിരുന്ന ജെയിസനായിരുന്നു. നിയമസഭാതിരഞ്ഞെടുപ്പുകാലത്ത് പുതുപ്പള്ളിയിലേക്കുള്ള യാത്രയിലാണ് വീഡിയോ ചിത്രീകരിച്ചത്. കാറിന്റെ പിൻസീറ്റിൽ ചാണ്ടി ഉമ്മനും ഉണ്ടായിരുന്നു.
സംഭവം വിവാദമായതോടെ സി.ആർ. മഹേഷ് എം.എൽ.എ. ഖേദംപ്രകടിപ്പിച്ചു. തന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ പിഴവായിരുന്നു എന്നും ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് അത്തരമൊരു പിഴവുണ്ടാകാൻ പാടില്ലായിരുന്നു എന്നും സാമൂഹികമാധ്യമങ്ങളിൽ എം.എൽ.എ. കുറിച്ചു.
തിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത് ഇങ്ങനെയുള്ള എല്ലാ കേസുകളുടെയും പിഴയടച്ചുവെന്നാണ് കരുതുന്നത്. ഇല്ലെങ്കിൽ പിഴയടയ്ക്കാനും തെറ്റ് ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കുമെന്നും എം.എൽ.എ. പറഞ്ഞു.
സി.ആർ. മഹേഷ് എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവരെ...
സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധം ആണ്. എന്റെ ഭാഗത്തു നിന്നും അങ്ങനെ ഒരു പിഴവ് ഉണ്ടായി. പലർക്കും അറിഞ്ഞും അറിയാതെയും ട്രാഫിക്ക് നിയമങ്ങളിൽ പിഴവ് ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും അങ്ങനെ ഉണ്ടാകാൻ പാടില്ല. ഞാൻ അതിൽ ഖേദം പ്രകടിപ്പിക്കുന്നു.
ഈ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പുതുപ്പള്ളി പള്ളിയിൽ ഉമ്മൻചാണ്ടി സാറിന്റെ കല്ലറയിൽ പോകുന്ന വഴിക്കാണ് പിഴവ് സംഭവിച്ചതെന്ന് ഞാൻ ഓർക്കുകയാണ്. തെരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത് ഇങ്ങനെയുള്ള കേസുകളുടെ എല്ലാം പിഴയടച്ചു എന്നതാണ് എന്റെ ഓർമ്മ.
ഇല്ലെങ്കിൽ പിഴയടക്കുവാനും തെറ്റ് ആവർത്തിക്കാതെ ഇരിക്കാനും ശ്രദ്ധിക്കുന്നതാണ്. ഈ സംഭവം വിഷ്വൽ മീഡിയകളിൽ വാർത്ത വന്നതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. ആയതിനാൽ ഈ സംഭവത്തിൽ ഞാൻ ക്ഷമ ചോദിക്കുകയും ചെയ്യുന്നു. തെറ്റ് ചൂണ്ടിക്കാണിച്ച മാധ്യമങ്ങളോട് നന്ദിയും രേഖപ്പെടുത്തുന്നു.
Content Highlights: CR Mahesh MLA was seen traveling without a seatbelt in a viral car video., The video was filmed during a journey to Puthuppally with Chandy Oommen., The MLA issued a public apology on social media acknowledging his mistake., He stated that he would pay any pending fines related to the traffic violation.