KL 14 AG 1925; കാത്തിരുന്നു കിട്ടിയ ഈ 'പാര്‍ട്ടി വണ്ടി'യുടെ നമ്പറിലെ 1925 ലാണ് കാര്യം

കാസര്‍കോട്: ഏറെക്കാലമായി സ്വന്തമായി വാഹനമില്ലാതിരുന്ന സിപിഐ കാസര്‍കോട് ജില്ലാ കമ്മിറ്റി ഒരു കാര്‍ വാങ്ങി. നമ്പര്‍ കണ്ടപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരിലും കൗതുകം. കെഎല്‍14 എജി 1925. പാര്‍ട്ടി രൂപവത്കരണ ഓര്‍മ്മകളുമായി ആ വര്‍ഷംതന്നെ നമ്പറായി കിട്ടി. നേരത്തേ ടാക്‌സിയിലും മറ്റുമായിരുന്നു ജില്ലാ സെക്രട്ടറിയും നേതാക്കളും പാര്‍ട്ടി പരിപാടികള്‍ക്ക് പോയിരുന്നത്.
സ്വന്തമായി വാഹനം വേണമെന്നത് പ്രവര്‍ത്തകരുടെ ദീര്‍ഘനാളത്തെ ആഗ്രഹമായിരുന്നു. അങ്ങനെയാണ് വാഹനം വാങ്ങാന്‍ തീരുമാനിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ രൂപവത്കരണകാലം ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ആ വര്‍ഷം സൂചിപ്പിക്കുന്ന നമ്പര്‍ നേടിയത്.
മഹീന്ദ്രയുടെ എസ്‌യുവി മോഡലായ സ്‌കോര്‍പിയോ എന്‍ ആണ് സിപിഐ കാസര്‍കോട് ജില്ലാ കമ്മിറ്റി സ്വന്തമാക്കിയിരിക്കുന്നത്. സ്‌കോര്‍പിയോ എന്ന വാഹനം നിരത്തുകളില്‍ എത്തി 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി എത്തിയ വാഹനമാണ് സ്‌കോര്‍പിയോ എന്‍. ഇതോടെയാണ് റെഗുലര്‍ മോഡലിനെ സ്‌കോര്‍പിയോ ക്ലാസിക് എന്ന പേരില്‍ പുറത്തിറക്കാനാരംഭിച്ചത്.
2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് സ്‌കോര്‍പിയോ എന്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിന് 203 എച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന്‍ 175 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഡീസല്‍ എന്‍ജിനില്‍ മൂന്ന് ഡ്രൈവ് മോഡുകളും നോര്‍മല്‍, ഗ്രാസ്/ഗ്രാവല്‍/സ്‌നോ, മഡ്, സാന്‍ഡ് എന്നീ ടെറൈന്‍ മോഡുകളുണ്ട്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണുള്ളത്.
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും എത്തുന്ന സ്‌കോര്‍പിയോ എന്‍ പെട്രോള്‍ പതിപ്പിന് 13.99 ലക്ഷം രൂപ മുതല്‍ 22.96 ലക്ഷം രൂപ വരെയും ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 14.49 ലക്ഷം രൂപ മുതല്‍ 25.42 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.
Content Highlights: CPI Kasaragod district committee buys a Mahindra Scorpio Classic with special number