കെ.എസ്.ഇ.ബിക്ക് പിന്നാലെ കെ.എസ്.ആര്.ടി.സി; സ്വിഫ്റ്റ് ബസിന് പിഴയിട്ട് എം.വി.ഡി

തിരുവനന്തപുരം: പിന്‍വശത്തെ ഗ്ലാസില്‍ കറുത്ത കൂളിങ് പേപ്പര്‍ ഒട്ടിച്ചതിന് കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസിന് മോട്ടോര്‍വാഹന വകുപ്പ് പിഴചുമത്തി. സ്വിഫ്റ്റിന്റെ സൂപ്പര്‍ക്ലാസ് സര്‍വീസായ ഗജരാജിനെതിരേയാണ് നടപടി. ബസുകളുടെ പിന്‍വശത്തെ ഗ്ലാസ് സുതാര്യമായിരിക്കണമെന്നാണ് നിയമം. 19-ന് കണിയാപുരത്തുെവച്ചാണ് ബസ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍ പെട്ടത്. മൊബൈല്‍ഫോണില്‍ ചിത്രമെടുത്താണ് പിഴ ചെല്ലാന്‍ തയ്യാറാക്കി നോട്ടീസ് അയച്ചിട്ടുള്ളത്. നിയമപരമായ നടപടി മാത്രമാണിതെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റിലെ അസി. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ് പിഴ നോട്ടീസ് അയച്ചത്. 250 രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്. കെ.എസ്.ആര്.ടി.സി.യുടെ ബസുകള്‍ക്ക് ഗതാഗത നിയമലംഘനങ്ങളില്‍ പിഴ ചുമത്തുന്നത് അപൂര്‍വമല്ല. വാഹന ഉടമ എന്ന നിലയില്‍ കെ.എസ്.ആര്.ടി.സി. എം.ഡി.ക്കാണ് പിഴ നോട്ടീസ് അയയ്ക്കുക. ഡ്രൈവര്‍മാരുടെ പിഴവുകള്‍ക്ക് അവരുടെ ശമ്പളത്തില്‍നിന്നു തുകയീടാക്കി പിഴ അടയ്ക്കുകയാണ് പതിവ്.
ഗതാഗത സെക്രട്ടറിയും കെ.എസ്.ആര്.ടി.സി. സി.എം.ഡി.യും ബിജു പ്രഭാകറാണ്. അദ്ദേഹത്തിന്റെ കീഴിലുള്ള മോട്ടോര്‍വാഹന വകുപ്പാണ് അദ്ദേഹത്തിന്റെതന്നെ കീഴിലുള്ള പൊതുഗതാഗതസ്ഥാപനത്തിന്റെ നിയമലംഘനം കണ്ടെത്തിയത്. ഗ്ലാസില്‍ കൂളിങ് പേപ്പര്‍ ഒട്ടിച്ചിട്ടുണ്ടെങ്കില്‍ അത് ഡ്രൈവറുടെ പിഴവല്ല. ബസിന്റെ പരിപാലനച്ചുമതലയുള്ള എന്ജിനിയറായിരിക്കും ഉത്തരവാദി.
അതേസമയം, ബസിന്റെ ഗ്ലാസ് ടിന്റഡാണെന്ന വാദം കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ ഉയര്‍ത്തുന്നുണ്ട്. ബസ് നിര്‍മാണക്കമ്പനി അതിന് നിയമാനുസൃതമായ അനുമതി നേടിയിട്ടില്ലെങ്കില്‍ പിഴയൊടുക്കേണ്ടിവരും. കെ.എസ്.ഇ.ബി.യുടെ വാഹനങ്ങള്‍ക്ക് മോട്ടോര്‍വാഹന വകുപ്പ് പിഴയീടാക്കിയതും വൈദ്യുതി ബില്‍ അടയ്ക്കാത്തതിന് മോട്ടോര്‍വാഹന വകുപ്പ് ഓഫീസിന്റെ വൈദ്യുതബന്ധം കെ.എസ്.ഇ.ബി. വിച്ഛേദിച്ചതും അടുത്തിടെ വിവാദമായിരുന്നു.
Content Highlights: cooling sticker, mvd fined ksrtc swift bus, sun film in bus, ksrtc swift, mvd kerala