മറ്റ് കമ്പനികളെ മറന്ന് ടെസ്‌ലയ്ക്ക് മാത്രമായി ഒരു ഇളവുമില്ല; നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോഴും യാതൊരു തരത്തിലുള്ള പ്രത്യേക ഇളവുകളും ടെസ്‌ല പ്രതീക്ഷിക്കേണ്ടതിലെന്ന മുന്നറിയിപ്പാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ടെസ്‌ലയുടെ മേധാവി ഇലോണ്‍ മസ്‌ക് അടുത്തിടെ ആവശ്യപ്പെട്ട പ്രത്യേക ഇളവുകളും നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ തള്ളിയിരുന്നു.
പ്രദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയ പദ്ധതിക്ക് ഇന്ത്യയില്‍ നിന്നുള്ള കമ്പനികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. പ്രദേശിക ഉത്പന്നങ്ങളില്‍ നിന്ന് 2.3 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 42,500 കോടിയുടെ പുതിയ നിക്ഷേപങ്ങള്‍ക്കുള്ള നിര്‍ദേശം ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും ഹെവി ഇന്‍ഡസ്ട്രീസ് സെക്രട്ടറി അരുണ്‍ ഗോയല്‍ അറിയിച്ചു.
സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് വ്യവസായ രംഗത്തുണ്ടാകുന്നത്. വലിയ വ്യവസായ മേഖലകള്‍ സര്‍ക്കാരിന്റെ പദ്ധതികളെ അഭിനന്ദിക്കുകയാണ്. ഇത് നിക്ഷേപക സാധ്യത വര്‍ധിപ്പിക്കും. ഈ സാഹചര്യത്തില്‍ ടെസ്‌ലയ്ക്ക് മാത്രമായി പ്രത്യേകം ഇളവും ആനുകൂല്യങ്ങളും നല്‍കുക സാധ്യമല്ലെന്ന സൂചനായണ് അരുണ്‍ ഗോയല്‍ നല്‍കിയത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, അതിനാല്‍ തന്നെ വ്യവസായത്തിനുള്ള ഇളവുകളും സമമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചൈനയില്‍ നിര്‍മിച്ച ടെസ്‌ലയുടെ വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക എത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വിയോജിപ്പ് വ്യക്തമാക്കിയിരിക്കുന്നു. ചൈനയിലെ ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും ഇന്ത്യയില്‍ വിറ്റഴിക്കുകയും ചെയ്യുന്ന കീഴ്‌വഴക്കം മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ സാധ്യമല്ലെന്നും, ഇന്ത്യന്‍ വിപണി പ്രയോജനപ്പെടുത്താന്‍ ഇവിടെ തൊഴില്‍ സാധ്യത ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി കൃഷന്‍ പാല്‍ ഗുജ്ജാര്‍ മുമ്പ് നിലപാട് എടുത്തിരുന്നു.
ടെസ്‌ലയ്ക്ക നികുതി ഇളവ് നിഷേധിക്കാനായി നിരവധി കാരണങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. വിദേശ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി, മെഴ്‌സിഡസ് തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ നിലവില്‍ ഈ നികുതി അടയ്ക്കുന്നുണ്ട്. ടെസ്‌ല പോലെയുള്ള പുതിയ വാഹനത്തിന് നികുതി ഇളവ് നല്‍കിയാല്‍ ഈ കമ്പനികളും ഇളവ് ആവശ്യപ്പെടും. ഇത് പ്രായോഗികമല്ലെന്നാതാണ് ഏറ്റവും പ്രധാന കാരണമായി സര്‍ക്കാര്‍ പറയുന്നത്.
Content Highlights: Central government India will not give any tax reduction for Tesla