പെട്രോളിൽ എഥനോൾ പോലെ സിഎൻജിയിൽ ബയോഗ്യാസ്; 23,731 കോടിയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വിവാദങ്ങൾ സിഎൻജിയിലും പുതിയ പരീക്ഷണം നടത്തുന്നതിനുള്ള പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദനം വർധിപ്പിക്കുന്നതിനായി 23,731 കോടി രൂപയുടെ ഗോബർ ധൻ (ഗാൽവനൈസിങ് ഓർഗാനിക് ബയോ-അഗ്രോ റിസോഴ്‌സസ് ധൻ) പദ്ധതിയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലീൻ മൊബിലിറ്റി എന്ന ആശയം യാഥാർഥ്യമാക്കാൻ ഈ നീക്കം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഹനങ്ങളിൽ ഉപയോഗിക്കുന്ന സിഎൻജിയിലും ഗാർഹിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന പിഎൻജിയിലും ഘട്ടംഘട്ടമായി കംപ്രസ്ഡ് ബയോ ഗ്യാസ് കലർത്താനുള്ള നീക്കവും സർക്കാർ നടത്തുന്നുണ്ട്. 2026-27 സാമ്പത്തിക വർഷത്തിൽ സിഎൻജിയിൽ മൂന്ന് ശതമാനവും 2027-28 സാമ്പത്തിക വർഷത്തിൽ നാല് ശതമാനവും 2028-29 സാമ്പത്തിക വർഷത്തിൽ അഞ്ച് ശതമാനവും ബയോഗ്യാസ് കലർത്താനാണ് പദ്ധതി.
രാസഘടനയിൽ ബയോഗ്യാസും സിഎൻജിയും ഏകദേശം സമാനമായതിനാൽ തന്നെ ഈ മിശ്രിതം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിന് വാഹനങ്ങളിൽ ഹാർഡ്‌വെയർ സംബന്ധമായ മാറ്റങ്ങൾ വരുത്തേണ്ടി വരില്ലെന്നാണ് കരുതുന്നത്. എന്നാൽ, എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ E20 കോംപാറ്റബിൾ ആക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു.
2027 സാമ്പത്തിക വർഷം മുതൽ 2036 സാമ്പത്തിക വർഷംവരെ നീളുന്നതാണ് ഗോബർധൻ പദ്ധതി. രാജ്യത്തെ സിബിജി ഉത്പാദനം പത്തിരട്ടിയായി വർധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ പദ്ധതിയിലൂടെ ഇന്ത്യയുടെ ക്ലീൻ എനർജി സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഊർജ മേഖലയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. കാർഷിക അവശിഷ്ടങ്ങൾ, ചാണകം, പ്രസ് മഡ്, ജൈവ മാലിന്യങ്ങൾ തുടങ്ങിയവയെ ശുദ്ധമായ ഇന്ധനമാക്കി മാറ്റി കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുന്നതാണ് ഈ പദ്ധതിയെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. രാജ്യത്തിന്റെ ഊർജ സുരക്ഷയ്ക്ക് കൂടുതൽ കരുത്തേകുന്നതിനൊപ്പം മാലിന്യ സംസ്‌കരണത്തിന് വലിയ പ്രോത്സാഹനമാണ് ഇതുവഴി ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് നിർമിക്കുന്ന പുനരുപയോഗിക്കാവുന്ന ഇന്ധനമാണ് കംപ്രസ്ഡ് ബയോഗ്യാസ്. കാർഷിക അവശിഷ്ടങ്ങൾ, ചാണകം തുടങ്ങിയവയിൽ നിന്നാണ് പ്രധാനമായും ഇവ നിർമിക്കുന്നത്. ശുദ്ധീകരിച്ച ബയോഗ്യാസ്, സിഎൻജിയുടെ ഘടനയോട് വളരെ ചേർന്ന് നിൽക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ നിലവിലെ ഗ്യാസ് പൈപ്പ് ലൈനുകൾ വഴിയും സിഎൻജി പമ്പുകളിലൂടെയും ഇതിന്റെ വിതരണവും സാധ്യമാകും.
Content Highlights: Central government announced Rs 23,731 crore Gobardhan scheme to boost compressed biogas production., Biogas blending in CNG will be 3% in 2026-27, 4% in 2027-28, and 5% in 2028-29., No major hardware changes needed in existing CNG vehicles due to similar chemical composition., Aims to boost farmers' income, ensure energy security, and promote waste management.