ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി: യാത്രാവാഹനങ്ങൾക്ക് അടുത്ത ഏപ്രിൽമുതൽ ഇന്ധനക്ഷമതാ മാനദണ്ഡം കൂടുതൽ കർശനമാക്കി കേന്ദ്രം. പുതിയ കഫെ മാനദണ്ഡങ്ങൾ (കഫെ-3) കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കി. വ്യക്തിഗത മോഡലുകളെക്കാൾ ഇന്ധനക്ഷമതയ്ക്ക് ഊന്നൽ നൽകുന്നതാണ് കഫെ-3 (കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കോണമി).
2027 ഏപ്രിൽ ഒന്നുമുതൽ 2032 മാർച്ച് 31വരെയാണ് കഫെ-3-ന് പ്രാബല്യം. അഞ്ചുവർഷത്തിനുള്ളിൽ ഇന്ധനക്ഷമതയിൽ 16.7 ശതമാനം പുരോഗതി കൈവരിക്കലാണ് ലക്ഷ്യം.
എന്താണ് കഫേ -3
ഇന്ത്യയിൽ വിൽപ്പനയ്ക്കായി നിർമിക്കുകയോ ഇറക്കുമതിചെയ്യുകയോ ചെയ്യുന്ന എം-ഒന്ന് വിഭാഗം യാത്രാവാഹനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് കഫെ-3. വാഹന നിർമാതാവിന്റെ പക്കലുള്ള വാഹന ശേഖരത്തിന്റെ ശരാശരിഭാരം കൂടുന്തോറും അനുവദനീയമായ ഇന്ധന ഉപഭോഗത്തിന്റെ അളവും വർധിക്കും. കാർബൺ ബഹിർഗമനം പരമാവധി കുറയ്ക്കുന്നതരത്തിൽ യാത്രാവാഹനങ്ങളുടെ ശരാശരി ഇന്ധന ഉപഭോഗം നിശ്ചിതപരിധിക്കുള്ളിൽ നിലനിർത്തണം.
ലക്ഷ്യമെന്ത് ?
ഇന്ധന ഉപഭോഗത്തിനുള്ള മാനദണ്ഡം 2027-'28ൽ 100 കിലോമീറ്ററിന് 3.996 ലിറ്റർ എന്നത് 2031-'32-ൽ 100 കിലോമീറ്ററിന് 3.3273 ലിറ്ററായി കുറയ്ക്കാൻ പുതിയ കഫെ മാനദണ്ഡങ്ങൾ വ്യവസ്ഥ ചെയ്യുന്നു. വാഹനങ്ങൾക്ക് 1082 കിലോഗ്രാം ആയിരുന്ന റഫറൻസ് ഭാരം പുതിയ കഫെ മാനദണ്ഡങ്ങളിൽ 1229 കിലോഗ്രാമായി ഉയർത്തി. ഏകദേശം 13.6 ശതമാനമാണ് വർധന.
മികച്ച ഇന്ധനക്ഷമത, ഊർജസുരക്ഷ, സുസ്ഥിരത എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സോളാർ റിഫ്‌ളക്ടീവ് പെയിന്റുകൾ, നൂതന ഗ്ലേസിങ്, ഉയർന്ന കാര്യക്ഷമതയുള്ള എയർ കണ്ടീഷനിങ് തുടങ്ങിയവയെയും പുതിയ കഫെ മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
Content Highlights: Central Energy Ministry released strict CAFE-3 norms effective from April 1, 2027, to March 31, 2032., Aims for a 16.7% improvement in fuel efficiency over five years., Fuel consumption limit to be reduced from 3.996L/100km in 2027-28 to 3.3273L/100km by 2031-32., Reference weight for vehicles increased from 1082 kg to 1229 kg.