ഭൂട്ടാൻ വാഹനക്കടത്ത്; രണ്ട് SUV-കൾ പിടിച്ചെടുത്തു; വാഹനങ്ങൾ ബെംഗളൂരു മലയാളികളുടേത്

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് സംഘം രണ്ട് എസ്.യു.വി.കൾ കൂടി പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്നെത്തിച്ച രണ്ട് ടൊയോട്ട ലാൻഡ് ക്രൂസർ വഹനങ്ങളാണ് ബെംഗളൂരുവിൽനിന്ന് കസ്റ്റംസ് സംഘം പിടിച്ചെടുത്തത്. വ്യാജ രജിസ്ട്രേഷൻ നമ്പറുകൾ ഘടിപ്പിച്ച നിലയിലായിരുന്നു വാഹനങ്ങൾ.
ബെംഗളൂരുവിലെ മലയാളികളുടേതാണ് രണ്ടുവാഹനങ്ങളും. ഭൂട്ടാൻ വാഹനങ്ങൾ കണ്ടെത്താനായി ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കേരളത്തിന് പുറത്തേക്കും കസ്റ്റംസ് അന്വേഷണം നീങ്ങുന്നതിന്റെ ആദ്യഘട്ടമാണിത്.
ഭൂട്ടാൻവാഹനക്കടത്തിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ബെംഗളൂരുവിൽ വിൽപ്പന നടത്തിയ വാഹനങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നത്. ഇതേത്തുടർന്നാണ് വാഹനങ്ങൾ എവിടെയാണെന്നതും ആരെല്ലാം ഉപയോഗിക്കുന്നു എന്നതും കസ്റ്റംസ് പ്രിവന്റീവ് അന്വേഷണസംഘം കണ്ടെത്തുന്നത്. വാഹന ഉടമകളോട് കസ്റ്റംസ് ഓഫീസിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടെ ഭൂട്ടാൻവാഹനക്കടത്തിൽ നടൻ ദുൽഖർ സൽമാന്റെയടക്കം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് പിടികൂടിയ വാഹനങ്ങളുടെ എണ്ണം 60 ആയി. ദുൽഖറിന്റെ നാല് വാഹനങ്ങൾ പിടിച്ചെടുത്ത കസ്റ്റംസ് കഴിഞ്ഞയാഴ്ച ദുൽഖറിനെ ചോദ്യംചെയ്തിരുന്നു. കൈവശമുള്ള വാഹനങ്ങളുടെ രേഖകളെല്ലാം ഹാജരാക്കാൻ ദുൽഖറിനോട് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Customs Preventive team seized two additional Toyota Land Cruisers in Bengaluru., Vehicles were found with fake registration numbers., Total count of seized vehicles in the Bhutan smuggling case has reached 60., Investigation expands outside Kerala under 'Operation Numkhor'., Actor Dulquer Salmaan questioned regarding his four seized vehicles.