‘500 രൂപ നിക്ഷേപിക്കൂ, ലാഭത്തിന്റെ ഒരു വിഹിതം നേടൂ’; ഭാരത് ടാക്സി ഡ്രൈവർമാരെ നേരിൽ കണ്ട് അമിത് ഷാ

ഉബർ, റാപ്പിഡോ, ഒല പോലുള്ള സ്വകാര്യ ഓൺലൈൻ ടാക്സി സർവീസിന് ബദലായി ഈ മാസം ആദ്യമാണ് സഹകരണമന്ത്രാലയത്തിനു കീഴിൽ കേന്ദ്രസർക്കാർ ഭാരത് ടാക്സി എന്ന ഓൺലൈൻ ടാക്സി സംവിധാനം പുറത്തിറക്കിയത്. ഡൽഹി-എൻസിആർ, അഹമ്മദാബാദ്, രാജ്കോട്ട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സേവനം. ഈ വർഷം അവസാനത്തോടെ രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കും.
ഇതിന്റെ ഭാഗമായി ഭാരത് ടാക്സി ഡ്രൈവർമാർക്കുള്ള ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് വിശദീകരിച്ചിരിക്കുകയാണിപ്പോൾ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ. ഡൽഹിയിൽ ഭാരത് ടാക്സിയിൽ രജിസ്റ്റർ ചെയ്ത ടാക്സി ഡ്രൈവർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ലാഭത്തിൽ പങ്കും പ്ലാറ്റ്ഫോമിന്റെ ഉടമസ്ഥാവകാശവും ഡ്രൈവർമാർക്ക് ലഭിക്കുമെന്ന് ഷാ അറിയിച്ചു.
നിങ്ങൾക്ക് 500 രൂപ മാത്രമേ നിക്ഷേപിക്കേണ്ടതുള്ളൂവെന്ന് അദ്ദേഹം ഡ്രൈവർമാരോട് പറഞ്ഞു. ഡ്രൈവർമാർ കമ്പനിക്കു വേണ്ടി പ്രവർത്തിക്കുക മാത്രമല്ല, അത് സ്വന്തമാക്കുകകൂടി ചെയ്യും എന്ന തത്വത്തിലാണ് പ്ലാറ്റ്ഫോം നിർമിച്ചിരിക്കുന്നതെന്ന് ഡൽഹി-എൻസിആർ, ഗുജറാത്ത് എന്നിവിടങ്ങളിലെ ഡ്രൈവർമാരുമായി സംവദിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
‘മറ്റ് കമ്പനികൾ പ്രവർത്തിക്കുന്നതിന്റെ ഉദ്ദേശ്യം ഉടമകളെ ധനികരാക്കുക എന്നതാണ്. ഞങ്ങളുടെ ഉദ്ദേശ്യവും ഉടമകളെ ധനികരാക്കുക എന്നതാണ്. ഏക വ്യത്യാസം എന്തെന്നാൽ, നിങ്ങളാണ് ഉടമ’, അദ്ദേഹം പറഞ്ഞു. ഡ്രൈവർമാർ ക്ഷമയോടെ കാത്തിരിക്കണമെന്ന് ഷാ ഉപദേശിച്ചു. ആദ്യ വർഷങ്ങൾക്ക് ശേഷം പ്ലാറ്റ്ഫോം ലാഭം നേടിക്കഴിഞ്ഞാൽ ഡ്രൈവർമാർക്ക് സഹ-ഉടമസ്ഥാവകാശം ആസ്വദിക്കുന്നതോടൊപ്പം ലാഭവിഹിതവും ലഭിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
‘ഭാരത് ടാക്സിക്ക് 25 കോടി രൂപ ലാഭം ലഭിച്ചാൽ ഈ 25 കോടി രൂപയുടെ 20ശതമാനം, അതായത് അഞ്ച് കോടി രൂപ നിങ്ങളുടെ മൂലധനമായി ഭാരത് ടാക്സിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടും. കൂടാതെ ടാക്സി എത്ര കിലോമീറ്റർ ഓടി എന്നതിനെ അടിസ്ഥാനമാക്കി 80 ശതമാനം നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിക്കപ്പെടും. ഇപ്പോൾ, നിങ്ങൾക്ക് നിശ്ചിത വാടകയാണ് ലഭിക്കുന്നത്. എന്നാൽ നിങ്ങളാണ് ഉടമ. അതിനാൽ ലാഭത്തിൽ നിങ്ങൾക്ക് ഒരു പങ്കുണ്ടായിരിക്കണം. അതിനാൽ ഈ പങ്കാളിത്തം വരും. പക്ഷേ ആദ്യ മൂന്ന് വർഷം നിങ്ങൾ ക്ഷമയോടെ കാത്തിരിക്കേണ്ടി വരും, അദ്ദേഹം പറഞ്ഞു.
ഭാരത് ടാക്സി
ഫെബ്രുവരി അഞ്ചിന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ അമിത് ഷായാണ് ഇന്ത്യയുടെ ആദ്യത്തെ സഹകരണ അടിസ്ഥാനത്തിലുള്ള റൈഡ്-ഹെയ്ലിങ് പ്ലാറ്റ്ഫോമായ ഭാരത് ടാക്സി പുറത്തിറക്കിയത്. റോഡ് സുരക്ഷ, യാത്രക്കാരുടെ സുരക്ഷ, നിയന്ത്രണ അനുസരണം എന്നിവ മെച്ചപ്പെടുത്തുന്നതിനായി തത്സമയ റൈഡ് നിരീക്ഷണം, SOS അലേർട്ടുകൾ, അടിയന്തര പ്രതികരണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു ജോയിന്റ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും പ്ലാറ്റ്ഫോമിലുണ്ട്.
സവിശേഷത
- ഡ്രൈവർമാർ സഹ ഉടമസ്ഥർ.
- കാറുകൾക്ക് 30 രൂപയും ഓട്ടോയ്ക്ക് 18 രൂപയും പ്രതിദിനം ഫീസായി അടച്ച് ഓൺലൈൻ ആപ്പിലേക്ക് ഡ്രൈവർമാർക്ക് കയറാം.
- ഡ്രൈവർമാർക്ക് അഞ്ചുലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസും കുടുംബ ആരോഗ്യ ഇൻഷുറൻസും
- ഉബർ, ഒല ആപ്പുകളെക്കാൾ 20-30 ശതമാനം കുറവ്.
നിരക്ക്
കുറഞ്ഞ ദൂരം (നാല് കി.മീ. വരെ)- 30 രൂപ, നാലുമുതൽ 12 കി.മീ. വരെ- കിലോമീറ്ററിന് 23 രൂപവീതം. 12 കി.മീറ്ററിനു മുകളിൽ കിലോമീറ്ററിന് 18 രൂപവീതം.
യാത്രക്കാർ ചെയ്യേണ്ടത്
- ആപ്പ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ ‘ഭാരത് ടാക്സി- കാബ്, ഓട്ടോ, ബൈക്ക്’ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യണം
- പേരും മൊബൈൽനമ്പറും രേഖപ്പെടുത്തി പുറപ്പെടുന്ന സ്ഥലവും എത്തേണ്ട സ്ഥലവും രേഖപ്പെടുത്തി ബുക്ക് ചെയ്യണം.
- യു.പി.ഐ., വാലറ്റ് വഴി പണമിടപാട് നടത്താം. ഔദ്യോഗിക ലിങ്കുകൾ വഴി ഭാരത് ടാക്സി ആപ്പ് തിരഞ്ഞെടുക്കണം.
Content Highlights: Discover Bharat Taxi, a government-backed cooperative ride-hailing platform empowering drivers. Own your ride, earn profit shares, and enjoy security. Learn more!