ക്രാഷ് ടെസ്റ്റ് ഭാരത് NCAP-യെ വിദേശ കമ്പനികളും ആശ്രയിക്കുന്നു; 2027-ൽ വലിയ മാറ്റമെന്ന് ഗഡ്കരി

ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയാകാനുള്ള തിരക്കുപിടിച്ച നീക്കങ്ങളിലാണ് ഇന്ത്യ. നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നതിനായി സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ ഉണർന്ന് പ്രവർത്തിക്കുകയാണ്. ഇതിനായി വാഹനങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ കാര്യക്ഷത ഉറപ്പാക്കുന്നതിനുമായി കർശന നടപടിയിലേക്ക് കടക്കുകയാണെന്നും പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
ഇന്ത്യയിൽ ഇറങ്ങുന്ന വാഹനങ്ങൾ നൂറ് ശതമാനം സുരക്ഷിതമാണെന്ന് ഉറപ്പിക്കുന്നതിനായി ഭാരത് NCAP 2.0 നടപ്പാക്കുമെന്നാണ് മന്ത്രി ഗഡ്കരി അറിയിച്ചത്. 2027 ഒക്ടാബർ മാസം മുതൽ ഭാരത് NCAP 2.0 നടപ്പാക്കാനുള്ള നീക്കങ്ങൾ സർക്കാർ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഈ പ്രദേശിക ക്രാഷ് ടെസ്റ്റ് സംവിധാനത്തിന് ആഗോളതലത്തിൽ പോലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ഗഡ്കരി അവകാശപ്പെട്ടു.
അന്താരാഷ്ട്ര തലത്തിലുള്ള മറ്റ് പരിശോധന രീതികളെ അപേക്ഷിച്ച് 75% കുറഞ്ഞ ചെലവിലാണ് ഭാരത് NCAP പരിശോധനങ്ങൾ നടപ്പാക്കുന്നത്. ഈ കാരണങ്ങൾ കൊണ്ട് തന്നെ നിരവധി വിദേശ വാഹന കമ്പനികൾ സുരക്ഷ പരിശോധനകൾക്കും സർട്ടിഫിക്കേഷനുമായി അവരുടെ വാഹനങ്ങൾ ഇന്ത്യയിലേക്ക് അയയ്ക്കുന്നുണ്ട്. ഇത് ഭാരത് NCAP ക്രാഷ് ടെസ്റ്റിന് ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവാണെന്നാണ് അദ്ദേഹം പറയുന്നത്.
വാഹന വിപണി കുതിച്ചുയരുമ്പോഴും നമ്മുടെ റോഡ് സുരക്ഷ വളരെ ഗുരുതരമായ സുരക്ഷ പ്രശ്‌നങ്ങൾ നേരിടുകയാണ്. റോഡ് അപകടങ്ങളുടെ കാര്യത്തിൽ രാജ്യം നിലവിൽ ലോകത്ത് ഒന്നാം സ്ഥാനത്താണെന്നാണ് ഗഡ്കരി പറയുന്നത്. 2027-ൽ ക്രാഷ് ടെസ്റ്റിൽ വരുത്തുന്ന പരിഷ്‌കരണം വാഹനാപകടവുമായി ബന്ധപ്പെട്ട മുഴുവൽ ഘട്ടങ്ങളേയും വിലയിരുത്തുമെന്നാണ് നിതിൻ ഗഡ്കരി അറിയിച്ചിരിക്കുന്നത്.
ഇനി നിഷ്‌ക്രിയമായ സുരക്ഷ മുൻകരുതലുകൾ അല്ല വേണ്ടതെന്നും വരാനിരിക്കുന്ന ഭാരത് NCAP 2.0-യിൽ വാഹനങ്ങളുടെ സുരക്ഷ വിലയിരുത്തുന്ന രീതികൾ അടിമുടി മാറാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. അപകട പ്രതിരോധ സാങ്കേതികവിദ്യ, കാൽനട യാത്രക്കാരുടെ സുരക്ഷ, അപകടാനന്തര പരിചരണ സംവിധാനങ്ങൾ എന്നിവയ്ക്ക് മുൻതൂക്കം നൽകിയുള്ള മാറ്റങ്ങളായിരിക്കും നടപ്പാക്കുകയെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
Content Highlights: Bharat NCAP 2.0 will be implemented by October 2027., India's crash test system is 75 percent cheaper than international methods., Global car companies are bringing vehicles to India for safety testing., New standards will focus on accident prevention technology, pedestrian safety, and post-crash care.