ഇനി പിഴയിൽ നിൽക്കില്ല, അനധികൃത ബൈക്ക് ടാക്‌സി ഓടുന്നവരുടെ ലൈസൻസും രജിസ്‌ട്രേഷനും തെറിക്കും

#Auto Desk
പ്രതീകാത്മക ചിത്രം | AI Generated Image
പ്രതീകാത്മക ചിത്രം | AI Generated Image

ബെംഗളൂരു: മാസങ്ങൾനീണ്ട ഇടവേളയ്ക്കുശേഷം ബെംഗളൂരു നഗരത്തിൽ വീണ്ടും ബൈക്ക് ടാക്സികൾക്ക് എതിരേ നടപടി ആരംഭിച്ചു. അനധികൃതമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്സിക്കാരെ പിടികൂടുകയും ഇവരുടെ ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. ബുധനാഴ്ച ആരംഭിച്ച പ്രത്യേക പരിശോധനയിൽ 250-ൽപ്പരം വാഹനങ്ങൾ പിടിച്ചെടുത്തു.

ബൈക്ക് ടാക്സിയായി പ്രവർത്തിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷനും താത്കാലികമായി റദ്ദാക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു. കഴിഞ്ഞ ജൂണിൽ കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്നാണ് ആദ്യം ബൈക്ക് ടാക്സികൾക്ക് എതിരേ നടപടി ആരംഭിച്ചത്. സർക്കാർ നയം രൂപവത്കരിക്കാതെ ബൈക്ക് ടാക്സികൾ അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു ഏകാംഗ ബെഞ്ചിന്റെ വിധി.

തുടർന്ന് ബൈക്ക് ടാക്സികൾക്ക് എതിരേ വ്യാപകമായി നടപടിയെടുത്തിരുന്നു. പിന്നീട്, ഇരുചക്രവാഹനങ്ങളായതിന്റെ പേരിൽ ടാക്സിയായി പ്രവർത്തിക്കൽ നിരസിക്കാൻ പാടില്ലെന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചു. തുടർന്നാണ് നിരത്തുകളിൽ ബൈക്ക് ടാക്സികൾ വീണ്ടും സജീവമായത്.

ബൈക്ക് ടാക്സി അനുവദിക്കാമെന്നും എന്നാൽ ഇതിനായി സർക്കാർ ചട്ടംകൊണ്ടുവരണമെന്നും വിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച പശ്ചാത്തലത്തിലാണ് വീണ്ടും നടപടി ആരംഭിച്ചിരിക്കുന്നത്. പ്രത്യേക പരിശോധന നടത്താൻ നഗരത്തിലെ എല്ലാ ആർ.ടി.ഒ. ഓഫീസുകളിലും നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞദിവസം ഗതാഗതവകുപ്പ് അധികൃതരും കർണാടക ആപ്പ് ബേസ്ഡ് വർക്കേഴ്സ് യൂണിയൻ പ്രതിനിധികളും ചർച്ച നടത്തിയിരുന്നു. യൂണിയനിൽ ഉൾപ്പെടുന്ന ടാക്സി, ഓട്ടോക്കാരാണ് ബൈക്ക് ടാക്സികൾക്ക് എതിരേ ശക്തമായി രംഗത്തുള്ളത്. ഇവരുടെ സമ്മർദവും ബൈക്ക് ടാക്സികൾക്ക് എതിരായ നടപടിക്ക് കാരണമായി.

Content Highlights: Transport authorities seized over 250 illegal bike taxis in a new crackdown., Licenses and registrations of offending drivers face temporary suspension., Legal dispute continues between the state government and the Karnataka High Court/Supreme Court., App-based worker unions are actively protesting against bike taxi operations., RTO offices across Bengaluru have been instructed to conduct strict inspections.