റോഡിൽ ഉപേക്ഷിച്ചനിലയിലുള്ള വാഹനങ്ങൾ ഇനി സർക്കാർ വക; പിടിച്ചെടുത്ത് ലേലം ചെയ്യാൻ കർണാടക

ബെംഗളൂരു: നഗരത്തിൽ വഴിയരുകിലും മറ്റ് പൊതുസ്ഥലങ്ങളിലും ഉപേക്ഷിച്ചനിലയിലുള്ള വാഹനങ്ങൾ പിടിച്ചെടുത്ത് ലേലം ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചു. റോഡരുകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ ഗതാഗതതടസ്സമുണ്ടാക്കുന്നതിനാലാണ് ഇവ നീക്കാൻ നടപടി ആരംഭിച്ചത്. ട്രാഫിക് പോലീസിന്റെയും കോർപ്പറേഷനുകളുടെയും നേതൃത്വത്തിലാണ് നടപടി.
വാഹനഗതാഗതത്തിനൊപ്പം കാൽനടയാത്രക്കാർക്കുംഉപേക്ഷിച്ചനിലയിലുള്ള വാഹനങ്ങൾ മാർഗതടസ്സമുണ്ടാക്കുന്നുണ്ട്. നഗരത്തിൽ ഉടനീളം 1500-ൽ പരം വാഹനങ്ങൾ റോഡുകളിൽ ഉൾപ്പെടെ പൊതുയിടങ്ങളിൽ നിർത്തിയിട്ടിട്ടുണ്ടെന്നാണ് ഏകദേശ കണക്കുകൾ. ഈ വാഹനങ്ങൾ പിടിച്ചെടുത്ത് ലേലം ചെയ്യുമെന്ന് ദിവസങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഉടമകൾ സ്വമേധയാ വാഹനങ്ങൾ എടുത്തുമാറ്റണമെന്നായിരുന്നു നിർദേശം. ഇത് പാലിക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കാനാണ് ഒരുങ്ങുന്നത്. വാഹനങ്ങളുടെ നമ്പർ അടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടമകളെ കണ്ടെത്തി നീക്കാൻ നിർദേശം നൽകും. ഉടമകളെ കണ്ടെത്താൻ കഴിയാത്ത വാഹനങ്ങളിൽ നോട്ടീസ് പതിക്കും.
ഏഴുദിവസത്തിനുശേഷവും ഇവ കൊണ്ടുപോകാൻ നടപടിയെടുത്തില്ലെങ്കിൽ വാഹനങ്ങൾ ടോവിങ് വാഹനങ്ങൾ ഉപയോഗിച്ച് മാറ്റും. പിന്നീട് 15 ദിവസം സമയം നൽകും. വാഹനങ്ങളുടെ വിവരങ്ങൾ കോർപ്പറേഷൻ വെബ് സൈറ്റിലും കന്നഡ ദിനപത്രങ്ങളിലും പരസ്യപ്പെടുത്തും. ഇതിനിടെ ഉടമകൾ ബന്ധപ്പെട്ടാൽ ടോവിങ് ഫീസും നടപടി ക്രമങ്ങളും പൂർത്തിയാക്കി വാഹനങ്ങൾ കൊണ്ടുപോകാം.
ഇതിന് തയ്യാറാകാതെ വന്നാൽ വാഹനങ്ങൾ ലേലം ചെയ്യും. റോഡരുകളിൽ ഉപേക്ഷിച്ച വാഹനങ്ങളിൽ നോട്ടീസ് പതിക്കുന്ന നടപടി തുടങ്ങി. ഇതിന്റെ ഉദ്ഘാടനം ബെംഗളൂരു നഗര വികസന വകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ നിർവഹിച്ചു. നഗരത്തിലെ നടപ്പാത കൈയേറി വ്യാപാരം നടത്തുന്നവരെ ഒഴിപ്പിക്കുന്ന നടപടി കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ചിരുന്നു. ഇതിനൊപ്പമാണ് വഴിമുടക്കുന്ന വാഹനങ്ങൾ നീക്കുന്നതിനും പ്രത്യേക ഡ്രൈവ് ആരംഭിച്ചത്.
Content Highlights: Authorities are seizing vehicles abandoned on public roads and footpaths in Bengaluru., A 7-day notice period is provided before towing, followed by a 15-day grace period., Details of seized vehicles will be published on the official corporation website and local newspapers., Unclaimed vehicles after the grace period will be officially auctioned by the government., The initiative aims to reduce traffic congestion and reclaim public pedestrian spaces.