നിയന്ത്രണം AI, അപകടമുണ്ടാകില്ല;ടെര്‍മിനലിലെ ഓട്ടത്തിന് ഡ്രൈവറില്ലാ വാഹനവുമായി ദുബായ് എയര്‍പോര്‍ട്ട്

അല്‍ മക്തും വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന സ്വയംനിയന്ത്രിത വാഹനങ്ങള്‍ | ഫോട്ടോ: മാതൃഭൂമി
അല്‍ മക്തും വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന സ്വയംനിയന്ത്രിത വാഹനങ്ങള്‍ | ഫോട്ടോ: മാതൃഭൂമി

ദുബായ്: അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ദുബായ് വേള്‍ഡ് സെന്‍ട്രല്‍) ഇനി ഡ്രൈവറില്ലാവാഹനങ്ങളുടെ സേവനവും. ടെര്‍മിനലില്‍നിന്ന് വിമാനത്തിലേക്ക് ലഗേജുകളും ചരക്കുകളുമെല്ലാം എത്തിക്കുന്നത് ഡ്രൈവറില്ലാ ബാഗേജ് ട്രാക്ടറുകളായിരിക്കുമെന്ന് എയര്‍ ആന്‍ഡ് ട്രാവല്‍ സര്‍വീസ് ദാതാക്കളായ ഡിനാറ്റ അധികൃതര്‍ അറിയിച്ചു.

ഗ്രൗണ്ട് ഹാന്‍ഡ്ലിങ് സേവനങ്ങളെല്ലാം ഡ്രൈവറില്ലാവാഹനങ്ങള്‍ നിര്‍വഹിക്കും. ഇതിനായി ആറ്് വൈദ്യുത ട്രാക്ടറുകളാണ് വികസിപ്പിച്ചിരിക്കുന്നത്. നിര്‍മിതബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇഇസെഡ് ടൗ എന്ന ഡ്രൈവറില്ലാവാഹനം വികസിപ്പിച്ചെടുത്തത് ട്രാക്റ്റ് ഈസിയാണ്.

ഒരേസമയം നാല് ബാഗേജ് കണ്ടെയ്‌നറുകള്‍ കൈകാര്യംചെയ്യാന്‍ സാധിക്കുന്ന സ്വയംനിയന്ത്രിതവാഹനങ്ങളുടെ വേഗം മണിക്കൂറില്‍ 15 കിലോമീറ്ററായിരിക്കും. അപകടങ്ങള്‍ പരമാവധി നിയന്ത്രിക്കാന്‍ സാധിക്കുകയുംചെയ്യും.

ഡ്രൈവറില്ലാവാഹനങ്ങള്‍ സര്‍വീസ് നടത്തുന്നതോടെ ഇത്തരം ജോലികള്‍ നിര്‍വഹിക്കുന്ന ജീവനക്കാരെയെല്ലാം വിമാനത്താവളത്തിലെ മറ്റ് ചുമതലകളിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു. സ്വയം നിയന്ത്രിത വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ഗ്രൗണ്ട് ഹാന്‍ഡ്ലിങ് വേറിട്ട ഓപ്പറേറ്റിങ് മാതൃകയായാണ് പരീക്ഷിക്കുന്നത്.

60 ലക്ഷം ദിര്‍ഹം ചെലവുവരുന്ന ലെവല്‍ ത്രീ പദ്ധതിയില്‍ താത്കാലികമായി മനുഷ്യനിയന്ത്രണങ്ങള്‍ ഉണ്ടാവുമെങ്കിലും 2026-ഓടെ പൂര്‍ണമായും സ്വയംനിയന്ത്രിത വാഹനങ്ങള്‍ വികസിപ്പിച്ചുകൊണ്ട് ലെവല്‍ നാലിലേക്കുമാറുമെന്നും അധികൃതര്‍ അറിയിച്ചു.

ദുബായ് എയര്‍പോര്‍ട്ട്‌സ്, സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) എന്നിവ ഒരുവര്‍ഷത്തോളമായി സഹകരിച്ച് പ്രവര്‍ത്തിച്ചതിലൂടെയാണ് പുതിയസംവിധാനം വികസിപ്പിച്ചെടുത്തത്.

ഡ്രൈവറില്ലാവാഹനങ്ങള്‍ അല്‍ മക്തൂം വിമാനത്താവളത്തില്‍ ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണെങ്കിലും ആഗോളനിലവാരത്തിലേക്ക് ഓട്ടോണമസ് സേവനം ഉയര്‍ത്തപ്പെടുമെന്ന് ഡിനാറ്റ യുഎഇ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് ഡിവിഷണല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജാഫര്‍ ദാവൂദ് പറഞ്ഞു. സുരക്ഷിതമായ അടിസ്ഥാനസൗകര്യ ഡവികസനമാണ് ഇതിലൂടെ നടപ്പാക്കുന്നത്. അയാട്ടയുടെ കണക്കനുസരിച്ച് 15-ലേറെ രാജ്യങ്ങളില്‍ ഇപ്പോള്‍ ഓട്ടോണമസ് ഗ്രൗണ്ട് സപ്പോര്‍ട്ട് സേവനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Content Highlights: Autonomous Vehicles Transform Ground Handling at Dubai World Central