400 കോടി രൂപയുടെ ഇടപാട്; യു.എ.ഇ.യില്‍ 1400 സ്‌കൂള്‍ ബസുകള്‍ ഒരുമിച്ചുവിറ്റ് അശോക് ലെയ്ലാന്‍ഡ്

യു.എ.ഇ.യുടെ വാഹനവിപണിയില്‍ 1400 സ്‌കൂള്‍ ബസുകള്‍ ഒരുമിച്ച് വില്‍പ്പന നടത്തി ഇന്ത്യയിലെ വാഹന നിര്‍മാതാക്കളായ അശോക് ലെയ്ലാന്‍ഡ്. 55 സീറ്റുകളുള്ള ഫാല്‍കണ്‍, 32 സീറ്റുകളുള്ള ഓയ്സ്റ്റര്‍ ബസുകളാണ് റാസല്‍ഖൈമയില്‍ അശോക് ലെയ്ലാന്‍ഡിന്റെ നിര്‍മാണയൂണിറ്റില്‍ നിര്‍മിച്ചത്. മുഴുവന്‍ ജി.സി.സി രാജ്യങ്ങള്‍ക്കുമായുള്ള ഈ നിര്‍മാണകേന്ദ്രം 50 ദശലക്ഷം യു.എസ്. ഡോളര്‍ ചെലവിട്ടാണ് ഒരുക്കിയിരിക്കുന്നത്.
യു.എ.ഇ.യിലെ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സൊലൂഷന്‍സും എമിറേറ്റ്സ് ട്രാന്‍സ്‌പോര്‍ട്ടുമാണ് ബസുകള്‍ വാങ്ങിയത്. ഒരു ബസിന് രണ്ടുലക്ഷം ദിര്‍ഹമാണ് വില. ആകെ 400 കോടി രൂപയുടെ ഇടപാടാണ് നടന്നത്. യു.എ.ഇ. അസംബ്ലി പ്ലാന്റിലാണ് ബസ്സിനായുള്ള വസ്തുക്കള്‍ നിര്‍മിച്ചത്. ആവശ്യമായ വസ്തുക്കളുടെ 55 ശതമാനവും യു.എ.ഇ.യില്‍നിന്നുതന്നെ വാങ്ങിയതാണെന്ന് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ ധീരജ് ഹിന്ദുജ പറഞ്ഞു.
ഇന്ത്യയിലും യു.കെ.യിലും വിപണിയിലിറക്കിയ വൈദ്യുതബസുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. സ്വിച്ച് എന്ന പേരില്‍ വൈദ്യുതബസുകളുടെ പരീക്ഷണയോട്ടം ഗള്‍ഫ് രാജ്യങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. അശോക് ലെയ്ലാന്‍ഡിന്റെ റാസല്‍ഖൈമ പ്ലാന്റിന് പ്രതിവര്‍ഷം 4000 ബസുകള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്. 2008-ല്‍ ആരംഭിച്ചതുമുതല്‍ ഇതുവരെ പ്ലാന്റില്‍നിന്ന് 25,500 ബസുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
Content Highlights: Ashok Leyland bags 1400 school bus order form UAE worth rupees 400 crores