ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താൻ വികസിപ്പിച്ച ആപ്പ് ഫലപ്രദം- ഭൂപേഷ് എസ്. രാഹുൽ

ഇൻഷുറൻസ് മേഖലയിൽ ഇൻഷുറൻസ് െറഗുലേറ്ററി ആൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) നടപ്പിലാക്കിയിട്ടുള്ള പുതിയ നിയന്ത്രണങ്ങൾ പോളിസി ഉടമകളുടെ താത്പര്യം സംരക്ഷിക്കാൻവേണ്ടിയാണെന്ന് പൊതുമേഖലയിലെ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഭൂപേഷ് എസ്. രാഹുൽ. 2047 ഓടെ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ കൊണ്ടുവരുമെന്ന് അദ്ദേഹം ‘മാതൃഭൂമി’ക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.
രാജ്യത്ത് ഇപ്പോൾ എത്ര ശതമാനം പേർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്?
ഒരു ശതമാനത്തിൽ താഴെ മാത്രമേ ഇപ്പോൾ ഇൻഷുറൻസ് പരിധിയിൽ വരുന്നുള്ളു. 2047 ആവുമ്പോൾ ഹെൽത്ത്, ലൈഫ് തുടങ്ങിയ അടിസ്ഥാന റിസ്ക് കവറേജുള്ള ഇൻഷുറൻസിന്റെ പരിരക്ഷ മുഴുവൻജനങ്ങൾക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും പ്രത്യേക മേഖലതിരിച്ച് നൽകിയിട്ടുണ്ട്.
ക്ലെയിം സെറ്റിൽമെന്റ് നടപടികൾ പൂർത്തിയാക്കാൻ ഇപ്പോൾ ശരാശരി എത്രസമയം എടുക്കുന്നുണ്ട്?
ഡിജിറ്റൈസേഷൻ ഉൾപ്പെടെയുള്ള ആധുനിക സംവിധാനം ഉപയോഗിച്ചാണ് ഇപ്പോൾ നടപടികൾ പൂർത്തിയാക്കുന്നത്. ക്ലെയിം സെറ്റിൽമെന്റ് നിരക്ക് ഇപ്പോൾ 90 ശതമാനത്തിന് മുകളിലാണ്. കോടതിനടപടികൾ നീളുന്നതാണ് ബാക്കിയുള്ള കാര്യത്തിൽ തീർപ്പാവാതെ കിടക്കുന്നത്. അദാലത്ത് പോലുള്ള സംവിധാനം പ്രയോജനപ്പെടുത്തി കേസുകളിൽ വേഗത്തിൽ നടപടിയുണ്ടാക്കാൻ സാധിക്കുന്നുണ്ട്.
വാഹനാപകടങ്ങൾ കൂടുന്നത് അപകട ഇൻഷുറൻസ് മേഖലയെ ഏതുതരത്തിലാണ് ബാധിക്കുന്നത്?
വാഹനാപകടങ്ങളിൽ തേഡ് പാർട്ടി ഇൻഷുറൻസ് ക്ലെയിമാണ് ഭൂരിപക്ഷവും. അപകടസാധ്യത കൂടുതലുള്ളവയ്ക്ക് പ്രീമിയം കൂട്ടുകയെന്ന രീതി ഇന്ത്യയിലില്ല. ചില വിദേശരാജ്യങ്ങളിൽ ഡ്രൈവർമാരുടെ ഡ്രൈവിങ് പരിചയംകൂടി കണക്കിലെടുത്താണ് പ്രീമിയം നിശ്ചയിക്കുന്നത്. ഇപ്പോൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡ്രൈവർമാരുടെ പരിചയവും പൂർവവിവരങ്ങളും ഡേറ്റയായി ശേഖരിക്കാൻ എളുപ്പം കഴിയും. താമസിയാതെ ഇത് ഇവിടെയും നടപ്പിലാക്കാനിടയുണ്ട്.
ചെറിയ പ്രീമിയമായിട്ടുപോലും രാജ്യത്ത് 50 ശതമാനത്തിലധികം വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇല്ല. ഇത് വലിയൊരു പ്രതിസന്ധിയാണ്. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ തട്ടി അപകടം സംഭവിക്കുന്നവർക്ക് നാമമാത്രമായ നഷ്ടപരിഹാരം മാത്രമേ ലഭിക്കുന്നുള്ളൂ. ഇതിന് പരിഹാരമെന്ന നിലയിലാണ് എല്ലാവരെയും ഇൻഷുർ ചെയ്യുകയെന്ന ലക്ഷ്യം മുന്നോട്ടുവെയ്ക്കുന്നത്.
എല്ലാവരെയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്?
ഇതിനായി ഓരോ ഇൻഷുറൻസ് കമ്പനിക്കും വിവിധ സംസ്ഥാനങ്ങൾ അനുവദിച്ചുകൊണ്ട് ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. ബാർകോഡ് സ്കാൻ ചെയ്ത് ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താൻ നടപടി ആരംഭിച്ചുകഴിഞ്ഞു. ഇതിനുപുറമേ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി സ്വന്തമായൊരു ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. പെട്രോൾ പമ്പിലും മറ്റ് പൊതുസ്ഥലങ്ങളിലും എത്തുന്ന വാഹനങ്ങൾ ഇൻഷുറൻസ് എടുത്തിട്ടുണ്ടോ എന്ന് ലളിതമായി ഈ ആപ്പ് ഉപയോഗിച്ച് കണ്ടെത്താൻ കഴിയും. ഇത് അടുത്തിടെ തമിഴ്നാട് സർക്കാരിലെ ഉദ്യോഗസ്ഥർക്കു മുന്നിൽ ഞങ്ങൾ പ്രവർത്തിപ്പിച്ച് കാണിച്ചിരുന്നു.
സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ഏതെങ്കിലും രീതിയിൽ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ടോ?
ജനറൽ ഇൻഷുറൻസ് മേഖലയിൽ നാല് പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്. അതേസമയം, സ്വകാര്യമേഖലയിൽ 30-ഓളം കമ്പനികളുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ വരുന്നതിന് മുൻപ് രാജ്യത്ത് ഇൻഷുറൻസ് എടുത്തവരുടെ ശതമാനം 0.7 ആയിരുന്നു. എന്നാൽ ഇത്രയും സ്വകാര്യ കമ്പനികൾ വന്നിട്ടും ഇത് 0.9 ശതമാനം മാത്രമായാണ് ഉയർന്നത്. ഫലത്തിൽ പൊതുമേഖലാ കമ്പനികളുടെ നല്ല ബിസിനസിലേക്ക് കടന്നുകയറുകയാണ് ഈ സ്വകാര്യ കമ്പനികൾ ചെയ്തത്.
വാഹനാപകട നഷ്ടപരിഹാരം വിധിക്കുന്നതിൽ വൻ വർധന കമ്പനികളെ ബാധിക്കുന്നുണ്ടോ?
നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിൽ വലിയ വർധനയാണ് അടുത്തകാലത്ത് ഉണ്ടായിട്ടുള്ളത്. അതിനനുസരിച്ച് പ്രീമിയം കൂടിയിട്ടില്ല. അപകടത്തിന് ഇരയായ ആളുടെ അപ്പോഴത്തെ സാഹചര്യം വെച്ചാണ് നേരത്തേ നഷ്ടപരിഹാരം വിധിച്ചിരുന്നത്. അപകടത്തിൽപ്പെട്ടത് ഒരു വിദ്യാർഥിയാണെങ്കിൽ, കുട്ടി പഠിച്ച് ഭാവിയിൽ എൻജിനിയറോ, മറ്റ് ഉന്നത ജോലിയിലോ പ്രവേശിച്ചാൽ കിട്ടാവുന്ന വരുമാനം കൂടി അനുമാനിച്ചാണ് ഇപ്പോൾ കോടതി വിധിക്കുന്നത്. ഇത് കമ്പനികൾക്ക് വലിയ ബാധ്യത ഉണ്ടാക്കുന്നു.
പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ഇതിനായി പ്രത്യേക ഇൻഷുറൻസ് പോളിസി ഉണ്ടോ?
പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയവയിൽ നാശം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുന്ന പോളിസികളുണ്ട്. പക്ഷേ, കേരളത്തിൽ ഇത്തരം പോളിസികൾക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല.
ജിഎസ്ടിയിൽ നൽകിയ ഇളവ് ഇൻഷുറൻസ് കമ്പനികൾക്ക് ഗുണകരമാണോ?
ജിഎസ്ടി ഇളവുകൊണ്ട് നേട്ടമുണ്ടായത് ഉപഭോക്താക്കൾക്കാണ്. ഇൻഷുറൻസ് കമ്പനികൾ ഏജന്റുമാർക്ക് നൽകുന്ന കമ്മിഷന് ഇപ്പോഴും ജിഎസ്ടി ഉണ്ട്. ഫലത്തിൽ കമ്പനികൾക്ക് ഈ ഇനത്തിൽ നഷ്ടമാണുണ്ടായത്. സ്വകാര്യ കമ്പനികൾ ജിഎസ്ടി തുക ഏജന്റുമാരുടെ കമ്മിഷനിൽനിന്ന് വെട്ടിക്കുറയ്ക്കുന്നുണ്ട്. പക്ഷേ, പൊതുമേഖലാ സ്ഥാപനങ്ങൾ അത് ചെയ്യുന്നില്ല.
വാഹന ഡീലർമാർ പലപ്പോഴും സ്വകാര്യ കമ്പനികളിൽ നിന്നാണ് ആദ്യത്തെ ഇൻഷുറൻസ് എടുക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. സ്വകാര്യ കമ്പനികൾ 35-40 ശതമാനം വരെ കമ്മിഷൻ നൽകുന്നുണ്ട്. പ്രീമിയം കൂട്ടിയാണ് കൂടുതൽ കമ്മിഷൻ നൽകുന്നത്. ഫലത്തിൽ ഉപഭോക്താവിനാണ് നഷ്ടം സംഭവിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ 15 ശതമാനമേ കമ്മിഷൻ നൽകുന്നുള്ളൂ.
യുണൈറ്റഡ് ഇന്ത്യഇൻഷുറൻസ് കമ്പനി ലാഭത്തിലാണോ?
തുടർച്ചയായി ഏഴുവർഷം നഷ്ടത്തിലായിരുന്ന കമ്പനി ഈ വർഷം ലാഭത്തിലായിട്ടുണ്ട്. പൊതുമേഖലാ കമ്പനികൾക്ക് വലിയ തുക പെൻഷൻ ഇനത്തിൽ ചെലവുവരുന്നുണ്ട്.
ഇതാണ് നഷ്ടത്തിനുള്ള പ്രധാന കാരണം. സ്വകാര്യ കമ്പനികൾക്ക് ഈ ബാധ്യതയില്ല. നേരത്തേ 13,000 ജീവനക്കാരുണ്ടായിരുന്നത് ഇപ്പോൾ 8,500 ആയി ചുരുങ്ങി. പക്ഷേ, 18,000 പേർക്ക് പെൻഷൻ നൽകുന്നുണ്ട്. എങ്കിലും പ്രവർത്തനം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് വിശ്വാസം.
Content Highlights: Discover how a new app helps identify uninsured vehicles, driving a major push to expand insurance coverage across India. Learn about IRDAI`s new regulations and future goals.