അമൃത് ഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങി; മൂന്ന് ട്രെയിനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ പുത്തൻതലമുറ അമൃത് ഭാരത് എക്സ്പ്രസുകൾ സംസ്ഥാനത്തും ഓടിത്തുടങ്ങി. തിരുവനന്തപുരത്തുനിന്നുള്ള മൂന്ന് ട്രെയിനുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ചമുതൽ ഇവ റെയിൽവേ പ്രഖ്യാപിച്ച സമയപ്പട്ടികയിൽ ഓടിത്തുടങ്ങും. കൂടുതൽ ജനറൽ കോച്ചുകളുള്ള ട്രെയിനുകളാണ് അമൃത് ഭാരത്. 22 കോച്ചുള്ള തീവണ്ടിയിൽ എട്ട് സ്ലീപ്പർ കോച്ചുകൾ ഒഴികെയുള്ളവ ജനറൽ സീറ്റിങ് വിഭാഗത്തിലുള്ളവയാണ്. പുഷ് പുൾ സാങ്കേതികവിദ്യ ആയതിനാൽ പെട്ടെന്ന് വേഗമെടുക്കാനാകും.
എയർ സ്പിങ് സസ്‌പെൻഷൻ, മികച്ച കുഷ്യൻ സീറ്റുകൾ, മൊബൈൽ ചാർജിങ് സൗകര്യം, റീഡിങ് ലൈറ്റുകൾ എന്നിവയുണ്ട്. മൂന്ന് അമൃത് ഭാരതുകളാണ് സംസ്ഥാനത്തിനു ലഭിച്ചത്. പൂർണമായും തദ്ദേശീയമായി രൂപകല്പന ചെയ്തു നിർമിക്കുന്നുവെന്ന പ്രത്യേകതയും അമൃത് ഭാരത് ട്രെയിനുകൾക്കുണ്ട്.
നാഗർകോവിൽ-മംഗളൂരു അമൃത് ഭാരത്(16329)
:ചൊവ്വാഴ്ചകളിൽ രാവിലെ 11.40-ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും. അന്നേദിവസമുള്ള മടക്കയാത്രയിൽ മംഗളൂരുവിൽനിന്നു രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05-ന് നാഗർകോവിലിൽ എത്തും. തിരുവനന്തപുരം, കോട്ടയം, ഷൊർണൂർ വഴിയാണ് യാത്ര.
താംബരം-തിരുവനന്തപുരം അമൃത് ഭാരത്(16121)
:ബുധനാഴ്ചകളിൽ വൈകീട്ട് 5.30-ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും. തിരികെ യാത്ര വ്യാഴാഴ്ച പുറപ്പെടും. രാവിലെ 10.40-ന് പുറപ്പെട്ട് അന്ന് രാത്രി 11.45-ന് താംബരത്ത് എത്തും. മധുര, നാഗർകോവിൽ വഴിയാണ് യാത്ര.
ചർലപ്പള്ളി-തിരുവനന്തപുരം അമൃത്ഭാ രത്(17041)
:ചർലപ്പള്ളി(ഹൈദരാബാദ്)യിൽനിന്ന് ചൊവ്വാഴ്ച രാവിലെ 7.15-ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ന് തിരുവനന്തപുരത്ത് എത്തും. അന്നേദിവസം വൈകീട്ട് 5.30-ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11.30-ന് ചർലപ്പള്ളിയിലെത്തും. കോട്ടയം, എറണാകുളം, ജോലാർപെട്ട, ഗുണ്ടൂർ, വഴിയാണ് യാത്ര. നാഗർകോവിൽ -മംഗലാപുരം, ചർലപ്പള്ളി- തിരുവനന്തപുരം വണ്ടികൾ 27-നും താംബരം-തിരുവനന്തപുരം വണ്ടി 28-നുമാണ് സർവീസ് തുടങ്ങുന്നത്.
Content Highlights: Discover Kerala`s new Amrit Bharat Express trains! Enjoy modern amenities, push-pull technology, and more. Plan your journey on these indigenous, superfast trains.