160 കി.മീ. സ്പീഡ്, കുലുക്കമൊഴിവാക്കാൻ സെമി-ഓട്ടോമാറ്റിക് കപ്ലർ; ട്രാക്കിൽ ഇനി അമൃത് ഭാരത് 3.0

ചെന്നൈ: അമൃത് ഭാരത് തീവണ്ടിയുടെ മൂന്നാംപതിപ്പിന്റെ പ്രോട്ടോടൈപ്പ് ഈ വർഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.) അധികൃതർ അറിയിച്ചു. ഇതിൽ സാധാരണ എക്‌സ്പ്രസ് വണ്ടികളിലുള്ളതുപോലെ എ.സി. കോച്ചുകളുണ്ടാകും. ഒന്നിലും രണ്ടിലും സ്ലീപ്പർ കോച്ചുകളും ജനറൽ കോച്ചുകളും മാത്രമാണുണ്ടായിരുന്നത്.
ഫസ്റ്റ് എ.സി., സെക്കൻഡ് എ.സി., തേഡ് എ.സി. കോച്ചുകളാണ് പുതിയ പതിപ്പിൽ ഉൾപ്പെടുത്തുക. 22 കോച്ചുകളോടുകൂടിയ തീവണ്ടിയുടെ മുൻപിലും പിന്നിലും എൻജിനുകളുണ്ടാകും. പരമാവധി വേഗം മണിക്കൂറിൽ 130-160 കിലോമീറ്ററാണ്. വന്ദേഭാരതിലേതുപോലെ എല്ലാ സൗകര്യങ്ങളോടുകൂടിയ വണ്ടി സാധാരണക്കാർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമൃത് ഭാരത് പുറത്തിറക്കിയത്.
എ.സി. കോച്ചുകളോടുകൂടിയ അമൃത് ഭാരത് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്ന് ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തും. നിലവിലുള്ള എക്‌സ്പ്രസ് വണ്ടികളുടെ കോച്ചുകൾ മാറ്റി ഭാവിയിൽ അമൃത് ഭാരത് വണ്ടികളുടെ കോച്ചുകൾ ഉൾപ്പെടുത്തുമെന്നും അറിയിച്ചു.
തീവണ്ടികളിൽ സി.സി.ടി.വി.കൾ, എൽ.ഇ.ഡി.ലൈറ്റുകൾ എന്നിവയുണ്ടാകും. ഓടുമ്പോൾ കുലുക്കമുണ്ടാകാതിരിക്കാൻ സെമി-ഓട്ടമാറ്റിക് കപ്‌ളറുകൾകൂടിയുള്ളതാണ് അമൃത് ഭാരത് വണ്ടികളെന്ന് ഐ.സി.എഫ്. അധികൃതർ അറിയിച്ചു.
Content Highlights: Discover the new Amrit Bharat 3.0 train prototype! Expect higher speeds, AC coaches, and enhanced comfort for all passengers. Learn more about its features and routes.