ലോകത്തിലെ ഏറ്റവും മികച്ച ഹെലികോപ്റ്റര്‍ അംബാനി കുടുംബത്തില്‍; വില 150 കോടി

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കുടുംബം വ്യവസായ പ്രമുഖനായ അംബാനിയുടെതാണ്. രാജ്യത്തുടനീളം വ്യപിച്ച് കിടക്കുന്ന അദ്ദേഹത്തിന്റെ വ്യവസായ സംരംഭങ്ങളിലേക്കുള്ള യാത്രകള്‍ എളുപ്പമാക്കുന്നതിനായി പ്രൈവറ്റ് ജെറ്റ് മുതല്‍ അത്യാഡംബര കാറുകള്‍ വരെ അംബാനിക്ക് സ്വന്തമായുണ്ട്. ഈ വാഹനങ്ങള്‍ക്കിടയിലേക്കാണ് ഇപ്പോള്‍ പുതിയൊരു ഹെലികോപ്റ്റര്‍ കൂടി എത്തിയിരിക്കുന്നത്. എയര്‍ബസ് എച്ച്160 എന്ന മോഡലാണ് റിലൈന്‍സ് ഇന്‍ഡസ്ട്രീസിനായി എത്തിയിരിക്കുന്നത്.
ലോകത്തില്‍ തന്നെ പൊതുജനങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതിലെ ഏറ്റവും അഡ്വാന്‍സ്ഡ് ഹെലികോപ്റ്ററാണ് എയര്‍ബസ് എച്ച് 160 എന്നാണ് വിവരം. 150 കോടി രൂപയാണ് ഈ ഹെലികോപ്റ്ററിന്റെ ഏകദേശ വില. ഒരു പൈലറ്റും ഒരു കോ-പൈലറ്റും ഉള്‍പ്പെടെ 12 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ഈ ഹെലികോപ്റ്ററിന് മണിക്കൂറില്‍ പരമാവധി 255 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ സാധിക്കും. ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 890 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും.
യാത്ര ആരംഭിക്കുന്നതിന് മുമ്പായി ഈ വാഹനത്തില്‍ പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അംബാനി കുടുംബത്തിന്റെ പൂജാരിയായ പണ്ഡിറ്റ് ചന്ദ്രശേഖറാണ് പൂജയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പൂജാരിക്ക് പുറമെ, രണ്ട് പൈലറ്റുമാര്‍, റിലൈന്‍സ് ഇന്‍ഡസ്ട്രീസ് ജീവനക്കാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പൂജ കര്‍മ്മങ്ങള്‍ നടന്നത്. പൂജയ്ക്ക് ശേഷം ഹെലികോപ്റ്ററില്‍ പൂമാല ചാര്‍ത്തുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അംബാനി കുടുംബത്തിലേക്ക് ഈ ഹെലികോപ്റ്റര്‍ എത്തിയത്. ഒരു ട്രെയിലറില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഇത് മുംബൈ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ അന്ന് പുറത്തുവന്നിരുന്നു.
രണ്ട് സാഫ്രാന്‍ അറാനോ 1എ ടര്‍ബോ ഷാഫ്റ്റ് എന്‍ജിനുകളാണ് ഈ ഹെലികോപ്റ്ററില്‍ നല്‍കിയിരിക്കുന്നത്. 1300 ബിഎച്ച്പി പവറാണ് ഈ എന്‍ജിനുകള്‍ ഉത്പാദിപ്പിക്കുന്നത്. ഏകദേശം 4.30 മണിക്കൂര്‍ നിര്‍ത്താതെ പറക്കാന്‍ സാധിക്കുന്ന ഈ വാഹനം നിലവില്‍ വിപണിയില്‍ ഉള്ളതില്‍ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളുള്ള ഹെലികോപ്റ്ററാണ്. ഈ ഹെലികോപ്റ്ററിന് പുറമെ, മറ്റൊന്ന് കൂടി അംബാനി കുടുംബത്തിലുണ്ട്. ഇതിനൊപ്പം തന്നെ ബോയിങ് 737 മാക്സ് 9 പ്രൈവറ്റ് ജെറ്റും അംബാനി കുടുംബത്തിനുണ്ട്.
Content Highlights: Ambani Family Acquires Advanced Airbus H160 Helicopter-A Blend of Luxury and Technology