ഓള്‍ ഇന്ത്യ പെര്‍മിറ്റില്‍ റൂട്ട് ബസായി ഓടരുത്; ഹൈക്കോടതി വിധി റോബിന്‍ പരീക്ഷണത്തിനും തിരിച്ചടി

കേരള ഹൈക്കോടതി, റോബിന്‍ ബസ് | മാതൃഭൂമി
കേരള ഹൈക്കോടതി, റോബിന്‍ ബസ് | മാതൃഭൂമി

അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍, റൂട്ട് ബസായി ഓടുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതിവിധി റോബിന്‍ ബസ് ഉടമയുടെ പരീക്ഷണത്തിനും തിരിച്ചടിയാകും. അഖിലേന്ത്യാ പെര്‍മിറ്റ് നേടിയാല്‍ സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ എവിടേക്കും സര്‍വീസ് നടത്താമെന്നായിരുന്നു ബസ്സുടമ ഗിരീഷിന്റെ അവകാശവാദം. 

ഇത് തള്ളിയാണ് കൊല്ലം നെല്ലേറ്റില്‍ സ്വദേശികളായ 'പുഞ്ചിരി' ബസ്സുടമകള്‍ നല്‍കിയ കേസിലും വിധിവന്നത്. സമാന സ്വഭാവമുള്ള കേസുകളിലെ വിധി കെ.എസ്.ആര്‍.ടി.സി.ക്കും മോട്ടോര്‍വാഹനവകുപ്പിനും ഒരുപോലെ ആശ്വാസമാകും. 

അഖിലേന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ സംസ്ഥാനത്തെ ദീര്‍ഘദൂരപാതകള്‍ കൈയടക്കാനുള്ള അന്തഃസംസ്ഥാന ബസ് ലോബിയുടെ നീക്കത്തിനുള്ള തിരിച്ചടിയായാണ് ഈ വിധിയെ കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ കാണുന്നത്.

റോബിന്‍ ബസ്സുടമയെ അന്യായമായി വേട്ടയാടുന്നെന്ന ആക്ഷേപമാണ് മോട്ടോര്‍വാഹനവകുപ്പിന് നേരിടേണ്ടിവന്നത്. സാമൂഹികമാധ്യമങ്ങളിലും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഹൈക്കോടതിവിധി റോബിന്‍ കേസിലെ നിയമനടപടികളെ ശരിവെക്കുന്നു.

ടൂറിസ്റ്റ് ബസുകളുടെ അതിര്‍ത്തികടന്നുള്ള സുഗമമായ യാത്രയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ നിയമം ദുര്‍വ്യാഖ്യാനംചെയ്ത് മുതലെടുക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തി.

Content Highlights: All India tourist permit buses do not operate as stage carriage says kerala high court