ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയെന്ന് കേന്ദ്രം; വീഡിയോയുമായി ഗതാഗത വകുപ്പ് |Video

പ്രതീകാത്മക ചിത്രം | Photo: Facebook/Robin Motors
പ്രതീകാത്മക ചിത്രം | Photo: Facebook/Robin Motors

വിനോദസഞ്ചാരികള്‍ക്കു വേണ്ടിയാണ് ഓള്‍ ഇന്ത്യാ പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം. ഏപ്രിലില്‍ പുതിയ പെര്‍മിറ്റ് സംവിധാനം പരിചയപ്പെടുത്താന്‍ തയ്യാറാക്കിയ വീഡിയോയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിലേക്ക് റൂട്ട് സര്‍വീസ് നടത്താമെന്ന റോബിന്‍ ബസ് ഉടമയുടെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ സംസ്ഥാന ഗതാഗതവകുപ്പാണ് പുറത്തുവിട്ടത്.

വിവിധ സംസ്ഥാനങ്ങളിലെ നികുതി-പെര്‍മിറ്റ് വ്യവസ്ഥകളിലെ വൈവിധ്യം വിനോദസഞ്ചാരമേഖലയ്ക്കുണ്ടാക്കുന്ന തടസ്സം പരിഹരിക്കാനാണ് ഓള്‍ ഇന്ത്യാ പെര്‍മിറ്റ് സംവിധാനമെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നു. പെര്‍മിറ്റിനുവേണ്ടി കോണ്‍ട്രാക്ട് വാഹനങ്ങള്‍ ചെക്പോസ്റ്റുകളില്‍ കാത്തുകിടക്കുന്നത് സമയനഷ്ടമുണ്ടാക്കും. ഇതൊഴിവാക്കാനാണ് ഓള്‍ ഇന്ത്യാ പെര്‍മിറ്റ് മാതൃകയില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് വീഡിയോയില്‍ പറയുന്നു.

AITP എന്താണ് ? എന്തിനാണ് ? All India Tourist Permit

AITP - എന്താണ് ? എന്തിനാണ് ? All India Tourist Permit മായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം ഔദ്യോഗികമായി അവരുടെ വെബ്‌ സൈറ്റിലൂടെ പുറത്തു വിട്ടിട്ടുള്ള വീഡിയോ ... #AITP #StageCarriage #contractcarriage #MoRTH

Posted by MVD Kerala on Saturday, November 25, 2023

റോബിന്‍ ബസിന്റെ യാത്ര തടഞ്ഞ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചുകൊണ്ട് ഗതാഗതസെക്രട്ടറി ബിജു പ്രഭാകര്‍ രംഗത്തെത്തി. അന്തര്‍സംസ്ഥാനപാതയില്‍ അനധികൃതമായി ബസ് ഓടിക്കുന്ന ലോബിയാണ് റോബിനു പിന്നിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

സ്വീകരിച്ച ബുക്കിങ്ങുകളില്‍ സര്‍വീസ് നടത്താനാണ് കോടതി ബസ്സുടമയ്ക്ക് അനുമതി നല്‍കിയത്. വഴിയില്‍നിന്ന് ആളെക്കയറ്റി സര്‍വീസ് നടത്തിയതോടെയാണ് പിടിച്ചെടുത്തത്. ഹൈക്കോടതിവിധിയുടെ നഗ്‌നമായ ലംഘനമാണ് ബസ്സുടമയുടേത്. ഈ പരീക്ഷണം വിജയിച്ചാല്‍ മറ്റു ബസുകാരും ചെറുകിട വാഹനങ്ങളും സമാന്തരസര്‍വീസ് ആരംഭിക്കും. ഇത് പൊതുഗതാഗതമേഖല പൂര്‍ണമായി തകരാനിടയാക്കുമെന്നും ബിജു പ്രഭാകര്‍ പറയുന്നു.

Content Highlights: All India Permit is for tourist purpose, motor vehicle department release a video regarding the same