ലൈറ്റുകൾ മിന്നിതെളിയും പാട്ടും കേൾക്കും; യാഥാർഥ ടൂറിസ്റ്റ് ബസുകളെ വെല്ലും ഈ കുഞ്ഞൻ ബസുകൾ

#Auto Desk
മിനിയേച്ചർ വാഹനങ്ങൾക്കൊപ്പം അക്ഷയ് നന്ദകുമാർ.
മിനിയേച്ചർ വാഹനങ്ങൾക്കൊപ്പം അക്ഷയ് നന്ദകുമാർ.

കുറവിലങ്ങാട്: കെട്ടിലുംമട്ടിലും അക്ഷയയുടെ മിനിയേച്ചർ വാഹനങ്ങൾ ശ്രദ്ധേയമാണ്. കാഴ്ചയിൽ കളിപ്പാട്ട വണ്ടികളെങ്കിലും കാര്യത്തിൽ യഥാർഥ വാഹനങ്ങളെ വെല്ലുന്ന മാതൃകകളാണിവ. കുറവിലങ്ങാട് ഡി പോൾ ഹയർസെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അക്ഷയ്. ഫോം ഷീറ്റും അക്രിലിക് ഗ്ലാസും എൽ.ഇ.ഡി. ലൈറ്റുകളും ഉപയോഗിച്ചാണ് ടൂറിസ്റ്റ് ബസുകളുടെയും മറ്റു വാഹനങ്ങളുടെയും ചെറുപതിപ്പുകൾ നിർമിക്കുന്നത്.

വാഹനത്തിന്റെ നീളം, വീതി, ഉയരം എന്നിവ കൃത്യമായി നിശ്ചയിക്കും. തുടർന്നാണ് നിർമാണം. ഫോംബോർഡ് ആവശ്യമായ അളവിൽ മുറിച്ച് അതിവേഗം ദൃഢമായി ഒട്ടുന്ന പശ ഉപയോഗിച്ച് ബോഡി രൂപപ്പെടുത്തും. സൈഡ് ഷട്ടറുകളും മുൻവശത്തെ ഗ്ലാസും തയ്യാറാക്കുന്നത് അക്രിലിക് ഗ്ലാസ് ഷീറ്റുകൾകൊണ്ടും. യഥാർഥ വാഹനങ്ങളുടെ ഓരോ ഭാഗവും സൂക്ഷ്മമായി നിരീക്ഷിച്ച് അതേപടി പകർത്താനുള്ള കഴിവാണ് അക്ഷയെ വേറിട്ടതാക്കുന്നത്.

ടൂറിസ്റ്റ് ബസുകളിലെ വെളിച്ച ക്രമീകരണങ്ങളും ഈ മിനിയേച്ചർ മോഡലുകളിലുണ്ട്. എൽ.ഇ.ഡി. വിളക്കുകളും ലേസർ സംവിധാനങ്ങളും ഘടിപ്പിച്ചിരിക്കുന്നു. ബ്ലൂ ടൂത്ത് വഴി വാഹനത്തിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന സ്പീക്കറുകളിൽനിന്ന് പാട്ടുംകേൾക്കാം.

മൂന്നുവർഷം മുമ്പാണ് കാർഡ്‌ബോർഡിൽ വാഹനങ്ങൾ നിർമിക്കാൻ തുടങ്ങിയത്. കുട്ടിക്കാലം മുതൽ വാഹനങ്ങളോടുള്ള പ്രത്യേക താത്പര്യമാണ് ഈ കഴിവിലേക്ക് നയിച്ചത്. ജീപ്പ്, ലോറി, വിവിധതരത്തിലുള്ള ബസുകൾ എന്നിവയുടെ മോഡലുകളും ഇതിനകം നിർമിച്ചിട്ടുണ്ട്.

വൈക്കം പടിഞ്ഞാറേക്കര തറയിൽ നന്ദകുമാർ- ഗീത ദമ്പതിമാരുടെ മകനാണ് അക്ഷയ്. നന്ദകുമാർ എം.ജി. സർവകലാശാലയിലെ റിട്ട. സെക്ഷൻ ഓഫീസറാണ്. ചെറുപ്പത്തിൽത്തന്നെ മകന്റെ നിരീക്ഷണശക്തി തിരിച്ചറിഞ്ഞ് കുടുംബവും പിന്തുണ നൽകിവരുന്നു.

Content Highlights: Akshay, a 9th-grade student, crafts highly detailed miniature vehicles., Models are built using foam sheets, acrylic glass, and LED lighting systems., Features include functional Bluetooth speakers and precise structural replication., The craft evolved from cardboard models three years ago to professional-grade replicas., Strong family support fosters his observational skills and artistic talent.