അജിത്തിനൊപ്പം കാറോടിക്കാൻ നരെയ്ൻ കാർത്തികേയൻ; ഏഷ്യൻ ലെ മാൻസിൽ തീ പാറും

വരാനിരിക്കുന്ന ഏഷ്യൻ ലെ മാൻസ് സീരീസിൽ ടീമിനെ മത്സരിപ്പിക്കാനൊരുങ്ങി അജിത് കുമാർ റേസിങ്. നടനും പ്രൊഫഷണൽ റേസിങ് താരവുമായ അജിത് കുമാർ സ്വന്തം ടീമിനായി കാറോടിക്കും. ഇന്ത്യയുടെ ആദ്യത്തെ എഫ്1 (ഫോർമുല വൺ) ഡ്രൈവറായ നരെയ്ൻ കാർത്തികേയനും അദ്ദേഹത്തോടൊപ്പം ചേരും.
നരെയ്ൻ ടീമിൽ ചേരുന്നത് ഒരു വലിയ ഭാഗ്യമാണെന്ന് ഈ വാർത്ത സ്ഥിരീകരിച്ചുകൊണ്ട് അജിത് പറഞ്ഞു, അദ്ദേഹത്തോടൊപ്പം മത്സരിക്കുന്നത് ഒരു ബഹുമതിയാണ്. നാരായൺ കൂടെയുള്ളതുകൊണ്ട് ഈ ഏഷ്യൻ ലെ മാൻസ് സീരീസ് ഞങ്ങൾക്കെല്ലാവർക്കും വളരെ സവിശേഷമായ ഒന്നാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന ഏഷ്യൻ ലെ മാൻസ് സീരീസിൽ അജിത്തിനാപ്പം പങ്കാളിയാകുന്നതിൽ താൻ ആവേശത്തിലാണെന്ന് നാരായൺ കാർത്തികേയനും പ്രതികരിച്ചു. "എനിക്ക് അജിത്തിനെ വർഷങ്ങളായി അറിയാം. അദ്ദേഹം ഇപ്പോൾ പ്രൊഫഷണൽ തലത്തിൽ മത്സരിക്കുന്നത് കാണുന്നതിൽ വലിയ സന്തോഷമുണ്ട്. ഒപ്പം മുന്നോട്ടുള്ള ഈ മികച്ച യാത്രയ്ക്കായി കാത്തിരിക്കുകയാണ്," കാർത്തികേയൻ കൂട്ടിച്ചേർത്തു.
അജിത് കുമാറിൻ്റെ റേസിങ് ടീം നിലവിൽ GT4 യൂറോപ്യൻ സീരീസിലും 24H യൂറോപ്യൻ സീരീസിലും മത്സരിക്കുന്നുണ്ട്. ഇപ്പോൾ ഏഷ്യൻ ലെ മാൻസിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന ടീം, ഇതിനായി കാർത്തികേയനുമായി കൈകോർക്കുകയായിരുന്നു.
2025-26 ഏഷ്യൻ ലെ മാൻസ് സീരീസ് ഡിസംബറിലാണ് ആരംഭിക്കുക. മലേഷ്യയിലെ സെപാങ് ഇന്റർനാഷണൽ സർക്യൂട്ട്, ദുബായ് ഓട്ടോഡ്രോം, അബുദാബിയിലെ യാസ് മറീന സർക്യൂട്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഓരോ റൗണ്ടിലും നാല് മണിക്കൂർ ദൈർഘ്യമുള്ള രണ്ട് മത്സരങ്ങൾ വീതം ഉണ്ടാകും.
മത്സരാർഥികളെ LMP2, LMP3 പ്രോട്ടോടൈപ്പുകൾ, സാധാരണ കാറുകളെ അടിസ്ഥാനമാക്കിയുള്ള GT3 റേസറുകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അജിത് കുമാർ റേസിങ് പങ്കുവെച്ച പ്രഖ്യാപനത്തിൽ ഒരു പ്രോട്ടോടൈപ്പ് കാറാണ് കാണിച്ചിട്ടുള്ളതെങ്കിലും, ഏത് വിഭാഗത്തിലാണ് മത്സരിക്കുകയെന്ന കാര്യത്തിൽ ടീം അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്.
വർഷങ്ങളുടെ സിംഗിൾ-സീറ്റർ മത്സരപരിചയത്തിനൊപ്പം, എൻഡ്യൂറൻസ് റേസിങ്ങിലും കാർത്തികേയന് നിർണായകമായ അനുഭവസമ്പത്തുണ്ട്. 2021-ൽ അർജുൻ മൈനി, നവീൻ റാവു എന്നിവർക്കൊപ്പം അദ്ദേഹം ഏഷ്യൻ ലെ മാൻസ് സീരീസിൽ മത്സരിച്ചിരുന്നു. എൻഡ്യൂറൻസ് റേസിങ്ങിൽ അന്താരാഷ്ട്ര തലത്തിൽ മത്സരിക്കുന്ന ആദ്യത്തെ സമ്പൂർണ ഇന്ത്യൻ ടീമായിരുന്നു അത്.
കോയമ്പത്തൂർ സ്വദേശിയായ നരെയ്ൻ, കാറോട്ടത്തിലെ ഏറ്റവും ഉയർന്ന മത്സരവേദിയായ ഫോർമുല വണിൽ 2005 മുതൽ 2012 വരെ മാറ്റുരച്ചു. ജോർദാൻ ഫോർമുല വൺ ടീമിനുവേണ്ടിയായിരുന്നു അരങ്ങേറ്റം. മോട്ടോർ സ്‌പോർട്‌സ് ടൂർണമെന്റായ ഓട്ടോ ജിപി, സൂപ്പർ ജിടി തുടങ്ങിയ മത്സരങ്ങളിലും പങ്കെടുത്തു. 2010-ൽ പദ്‌മശ്രീ പുരസ്‌കാരംവും നേടി.
അജിത് കുമാർ റേസിങ് ടീമുമായുള്ള കാർത്തികേയന്റെ സഹകരണം ഭാവിയിൽ ഏഷ്യൻ ലെ മാൻസ് സീരീസിൽ ഒതുങ്ങില്ലെന്നാണ് വിവരം. ഡ്രൈവർമാരെ കണ്ടെത്തുന്നതിനും അവർക്ക് പരിശീലനം നൽകുന്നതിനും മുൻ എഫ്1 ഡ്രൈവറായ അദ്ദേഹം ടീമിനെ സഹായിച്ചേക്കും.
Content Highlights: Actor Ajith Kumar and F1 driver Narain Karthikeyan will race together in the 2025-26 Asian Le Mans