അന്യസംസ്ഥാന വാഹനങ്ങളുടെ നികുതിവെട്ടിപ്പ് തടയാൻ AI ക്യാമറ; MVD, GST വകുപ്പുകളുടെ സംയുക്ത ഓപ്പറേഷൻ

#ബി.അജിത് രാജ്
Representation Image | Photo: AI Image
Representation Image | Photo: AI Image

തിരുവനന്തപുരം: റോഡ്നികുതിവെട്ടിപ്പ് തടയാൻ മോട്ടോർ വാഹനവകുപ്പ് എഐ ക്യാമറ സംവിധാനത്തെ സജ്ജമാക്കുന്നു. ജിഎസ്ടി വകുപ്പിന്റെ സഹകരണത്തോടെയാണിത്. ഇതിനായി സംസ്ഥാനത്തേക്ക്‌ വരുന്നതും പോകുന്നതുമായ വാഹനങ്ങളുടെ വിവരങ്ങൾ ചെക്‌പോസ്റ്റുകളിൽ ജിഎസ്ടി വിഭാഗം സ്ഥാപിച്ച ഓട്ടോമേറ്റഡ് നമ്പർപ്ലേറ്റ് റെക്കഗനേഷൻ ക്യാമറകൾ ശേഖരിച്ച് ‘വാഹൻ’ സോഫ്റ്റ്‌വേറിലേക്ക് കൈമാറും. ചിത്രത്തിൽനിന്ന്‌ വാഹനത്തിന്റെ നമ്പർ തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണിത്.

ഇതിനുള്ള സോഫ്റ്റ്‌വേർ സംയോജനം പൂർത്തിയായി. ഒരുമാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും. സംസ്ഥാനത്തേക്കുകടന്ന് നിശ്ചിതസമയത്തിനുള്ളിൽ തിരികെപ്പോകാത്ത വാഹനങ്ങളുടെ വിവരങ്ങളും സംവിധാനത്തിലൂടെ മോട്ടോർ വാഹനവകുപ്പിന് ലഭിക്കും.

നികുതിവെട്ടിക്കാൻ ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്യുന്ന ആഡംബരവാഹനങ്ങളും ഇതിലൂടെ കണ്ടെത്താം. 12 മാസത്തിലധികമായി സംസ്ഥാനത്ത് ഉപയോഗിക്കുകയാണെങ്കിൽ നികുതിയടച്ച് പുതിയ രജിസ്‌ട്രേഷൻ നേടണമെന്നാണ് കേന്ദ്ര മോട്ടോർവാഹനചട്ടം. ഈ വാഹനങ്ങൾ സംസ്ഥാനത്തേക്കുകടന്ന തീയതി സംബന്ധിച്ച് തെളിവില്ലാത്തതിനാൽ നേരത്തേ കേസെടുക്കാൻ കഴിഞ്ഞിരുന്നില്ല.

ഡൽഹി വാഹനങ്ങളിലും നികുതിവെട്ടിപ്പ്

പത്തുവർഷത്തിലധികം പഴക്കമുള്ള ഡീസൽവാഹനങ്ങൾക്ക് ഡൽഹിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഇവിടെനിന്ന് സംസ്ഥാനത്തേക്ക്‌ വൻതോതിൽ വാഹനങ്ങൾ എത്തുന്നുണ്ട്. ഇവ നികുതിയടയ്ക്കാതെ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് അധികൃതർ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി. സംസ്ഥാനത്ത്‌ രജിസ്റ്റർചെയ്യാൻ നോഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് നേടി 14 ദിവസം കഴിഞ്ഞാൽ റോഡ് നികുതി അടയ്ക്കേണ്ടിവരും.

Content Highlights: AI camera to prevent tax evasion by out of state vehicles