ഒറ്റയടിക്ക് 200 കിലോമീറ്റര്‍ ഓടും, 40 ടണ്‍ കപാസിറ്റി; രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ട്രക്കുമായി അദാനി

ഹൈഡ്രജന്‍ പവര്‍ ട്രക്ക് | Photo: ANI
ഹൈഡ്രജന്‍ പവര്‍ ട്രക്ക് | Photo: ANI

ന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ ട്രക്ക് ഫ്‌ളാഗ് ഓഫ് ചെയ്ത് അദാനി ഗ്രൂപ്പ്. ഛത്തീസ്ഗഢിലെ ഖനന വിതരണ ശൃംഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് ഈ ട്രക്ക് ഉപയോഗിക്കുക. പരമ്പരാഗത ഇന്ധനമായ പെട്രോളിനേയും ഡീസലിനേയും ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഈ ഹൈഡ്രജന്‍ പവര്‍ ട്രക്കിലൂടെ ലക്ഷ്യമിടുന്നത്. 

40 ടണ്‍ വരെ സാധനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ട്രക്ക് റായ്പുരിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഗാരെ പാല്‍മെ ബ്ലോക്കില്‍ നിന്ന് സംസ്ഥാനത്തെ വൈദ്യുത നിലയത്തിലേക്ക് കല്‍ക്കരി കൊണ്ടുപോകാന്‍ ഈ ട്രക്ക് ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവില്‍ ഉപയോഗിക്കുന്ന ഡീസല്‍ ട്രക്കുകള്‍ക്ക് പകരമായി കൂടുതല്‍ ഹൈഡ്രജന്‍ ട്രക്കുകള്‍ ഭാവിയില്‍ ഉപയോഗിക്കുമെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. ഒറ്റയടിക്ക് 200 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ഈ ട്രക്കില്‍ മൂന്ന് ഹൈഡ്രജന്‍ ടാങ്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് ലോഡ് കപാസിറ്റിയുടേയും റേഞ്ചിന്റേയും കാര്യത്തില്‍ ഡീസല്‍ പവര്‍ ഹെവി വാഹനങ്ങളുമായി മത്സരിക്കുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 

ഹൈഡ്രജന്‍ ട്രക്ക് വലിയ അളവില്‍ കാബണ്‍ പുറന്തള്ളല്‍ കുറയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. സാധാരണയായി കാര്‍ബണ്‍ ഡൈ ഓക്‌സൈഡും അന്തരീക്ഷം മലിനമാക്കുന്ന മറ്റ് വസ്തുക്കളും പുറന്തള്ളുന്ന ഡീസല്‍ ട്രക്കുകളില്‍നിന്ന് വ്യത്യസ്തമാണ് ഈ ട്രക്ക്. ജലബാഷ്പവും ചൂടുള്ള വായുവും മാത്രമേ ഇവ ഉത്പാദിപ്പിക്കുകയുള്ളു. 

ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ ഒരു ഇലക്ട്രോ കെമിക്കല്‍ പ്രക്രിയയിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഹൈഡ്രജനേയും ഓക്‌സിജനേയും വൈദ്യുതിയാക്കി മാറ്റുന്നു. ഫ്യുവല്‍ സെല്ലിലേക്ക് ഹൈഡ്രജന്‍ പ്രവേശിക്കുമ്പോള്‍ അത് പ്രോട്ടോണുകളായും ഇലക്ട്രോണുകളുമായും വിഭജിക്കപ്പെടുന്നു. പ്രോട്ടോണുകള്‍ ഒരു മെമ്പ്രയ്‌നിലൂടെ കടന്നുപോകുമ്പോള്‍ ഇലക്ടോണുകള്‍ ഒരു സര്‍ക്യൂട്ടിലൂടെ അയച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഈ വൈദ്യുതി ട്രക്കിന്റെ ഇലക്ട്രിക് മോട്ടോറിന് ശക്തി പകരുകയും വാഹനം ചലിക്കുകയും ചെയ്യുന്നു. ഈ സമയത്ത് വാഹനത്തില്‍നിന്ന് ജലം മാത്രമാണ് പുറന്തള്ളപ്പെടുന്നത്. 

നേരത്തെ ടയോട്ട, ഹുണ്ടായ്, ഹോണ്ട തുടങ്ങിയ കമ്പനികള്‍ ടയോട്ട മിറായ്, ഹുണ്ടായ് നെക്‌സോ തുടങ്ങിയ ഹൈഡ്രജന്‍ കാറുകള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഖനനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ആദ്യമായാണ് ഹൈഡ്രജന്‍ പവര്‍ ട്രക്ക് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 

Content Highlights: adani flags off indias first hydrogen truck