അമ്മയാണ് 'ആശാൻ'; കെവിന് വളയം പിടിക്കാൻ ഒരു കൈ ധാരാളം, ലൈസൻസ് നേരിട്ട് കൈമാറി ആർടിഒ

കാക്കനാട് : ആദ്യം അനായാസമായി ഒറ്റക്കൈ കൊണ്ട് എച്ച് എടുത്തു. പിന്നെ തിരക്കൊഴിഞ്ഞ റോഡിലൂടെ വണ്ടിയോടിപ്പിച്ചു. ഉദ്യോഗസ്ഥർക്കുവേണ്ടി ഒന്നുകൂടി ഉറപ്പിക്കാനായി തിരക്കുള്ള സീപോർട്ട്-എയർപോർട്ട് റോഡിലൂടെയും കാർ 'പറത്തി'. കുണ്ടും കുഴിയും നിറഞ്ഞ റോഡും യുവാവിന് വഴങ്ങുമെന്നായതോടെ ഉടനടി ഡ്രൈവിങ് ടെസ്റ്റ് പാസാക്കി ഉദ്യോഗസ്ഥർ.
ഇടപ്പള്ളി കൂനമ്മാവ് പാടൻവീട്ടിൽ കെവിൻ ബെന്നിയുടെ (23) ഒറ്റക്കൈയിൽ വളയം നിൽക്കുമോ എന്നറിയാനായി എറണാകുളം ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സി. സ്മിത ജോസ്, എസ്. അജയ് രാജ്, പി.എം. അഷറഫ് എന്നിവർ നടത്തിയ പരീക്ഷയിലാണ് യുവാവ് വിജയക്കൊടി പാറിച്ചത്. വ്യാഴാഴ്ച രാവിലെ കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജിജോ വിജയ് ആണ് കെവിനെ 'എച്ച്' എടുപ്പിച്ചത്. രൂപമാറ്റം വരുത്തിയ തന്റെ സ്വന്തം കാറിലാണ് അനായാസമായി കമ്പികൾക്ക് ഇടയിലൂടെ എച്ച് കടന്നത്. പിന്നീടായിരുന്നു മറ്റ് ഉദ്യോഗസ്ഥർ റോഡ് ടെസ്റ്റ് ചെയ്യിപ്പിച്ചത്.
കൂലിപ്പണിക്കാരനായ ബെന്നിയുടെയും ബ്യൂട്ടീഷ്യനായ സിമിയുടെയും മകനായ കെവിന് ജന്മനാ വലതു കൈമുട്ടിന് താഴെയില്ലായിരുന്നു. കാർ ഓടിക്കാനുള്ള അതിയായ ആഗ്രഹം ഉള്ളിൽ കൊണ്ടുനടന്ന കെവിൻ 18 വയസ്സായപ്പോൾ ആലുവ സബ് ആർടി ഓഫീസിൽ ലൈസൻസിനായി അപേക്ഷ നൽകിയെങ്കിലും അവർ നിരസിച്ചു. ഒടുവിൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ അപേക്ഷ നൽകിയതോടെ എറണാകുളം ആർടി ഓഫീസിന്റെ വാതിൽ കെവിന് ലൈസൻസിനായി തുറന്നു. അന്നത്തെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന എ.ആർ. രാജേഷിന്റെ നിർദേശപ്രകാരം കാറിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കുകയായിരുന്നു. നേരത്തെ ഡ്രൈവിങ് പഠിച്ച് ലൈസൻസ് നേടിയ അമ്മ സിമിയുടെ കാറിൽ ഇതനുസരിച്ച് മാറ്റം വരുത്തി ലേണേഴ്സ് നേടി.
ഡ്രൈവിങ് സ്കൂളിൽ വിടാതെ കെവിനെ അമ്മ തന്നെ ഡ്രൈവിങ് ഇൻസ്ട്രക്ടറുടെ റോളിലെത്തി വണ്ടിയോടിപ്പിക്കാൻ പഠിപ്പിച്ചു. ആലുവ യുസി കോളേജിൽ ബിരുദപഠനം പൂർത്തിയാക്കി പിഎസ്‌സി കോച്ചിങ് പോകുകയാണ് കെവിൻ. ടെസ്റ്റ് ജയിച്ചതിനെ തുടർന്ന് കെവിന് ലൈസൻസ് എറണാകുളം ആർടിഒ കെ.ആർ. സുരേഷ് തന്നെ നേരിട്ടുനൽകി.
Content Highlights: 23-year-old Kevin, who has only one hand, gets driving licence. He learned drifing from mother