ഉപയോഗിക്കുന്നത് XEV 9e, എന്നാൽ ഇപ്പോഴും ഓടിക്കാൻ ഇഷ്ടം ബൊലേറോ; താൻ 'ബ്ലാക്ക് ബീസ്റ്റ്' ഫാനെന്ന് ആനന്ദ് മഹീന്ദ്ര

ദിവസങ്ങൾക്ക് മുൻപാണ് മുഖം മിനുക്കിയ മഹീന്ദ്ര ബൊലേറോ ഇന്ത്യയിൽ അവതരിപ്പിച്ചത്. എക്സറ്റീരിയറിലും ഇന്റീരിയറിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും മെക്കാനിക്കലി മാറ്റങ്ങളൊന്നുമില്ലാതെയാണ് വാഹനം എത്തിയത്.
2000-ത്തിൽ ആദ്യമായി ഇന്ത്യൻ നിരത്തുകളിലേക്ക് എത്തുമ്പോഴുണ്ടായിരുന്ന ആ അടിസ്ഥാന രൂപം 25 വർഷങ്ങൾക്ക് ശേഷവും കമ്പനി നിലനിർത്തിയിരിക്കുന്നു. ഇക്കാര്യം മാത്രം മതി ബൊലേറോ എന്ന ബോക്സി ഡിസൈൻ എസ്.യു.വിയുടെ ഫാൻബേസ് മനസ്സിലാക്കാൻ.
ഇപ്പോഴിതാ താനും ഒരു ബൊലേറോ ഫാൻ ആണെന്ന് വെളിപ്പെടുത്തുകയാണ് മഹീന്ദ്ര ചെയർമാൻകൂടിയായ ആനന്ദ് മഹീന്ദ്ര. ബൊലേറോയോടുള്ള തന്റെ ഇഷ്ടം എത്രത്തോളമാണെന്ന് തെളിയിക്കുന്ന ഒരു കുറിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ അദ്ദേഹം പങ്കുവെച്ചു.
എക്സ് പോസ്റ്റ് ഇങ്ങനെ:
ഞങ്ങളുടെ ആദ്യത്തെ ഹാർഡ്-ടോപ്പ് എസ്‌യുവിയായ മഹീന്ദ്ര അർമാഡ പുറത്തിറങ്ങിയതിന് ശേഷം ഞാൻ മറ്റൊരു ബ്രാൻഡിന്റെയും കാർ ഓടിച്ചിട്ടില്ല. (അർമാഡയ്ക്ക് മുൻപ് എനിക്കുണ്ടായിരുന്നത് ഒരു ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് കോണ്ടെസയായിരുന്നു!)
ഇന്ന് ഞാൻ ഉപയോഗിക്കുന്നത് മഹീന്ദ്ര ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും നൂതന വാഹനമായ XEV 9e ആണെങ്കിലും, വ്യക്തിപരമായി ഓടിക്കാൻ ഞാൻ ഇപ്പോഴും തിരഞ്ഞെടുക്കുക ബൊലേറോ ആയിരിക്കുമെന്ന് സത്യസന്ധമായി പറയാൻ കഴിയും.
കരുത്തും ലാളിത്യവും അതിനെ ഒരു യഥാർഥ, പഴയകാല പോരാളിയാക്കുന്നു. സ്കോർപിയോ പുറത്തിറങ്ങുന്നതിനും മുൻപ്, "ബ്ലാക്ക് ബീസ്റ്റ്" എന്ന് വിളിപ്പേരുള്ള എൻ്റെ ബൊലേറോ ഞാൻ ധാരാളമായി ഓടിച്ചിരുന്നു.
ഇപ്പോഴിതാ, ആ ബീസ്റ്റ് തിരിച്ചെത്തിയിരിക്കുന്നു. കാഴ്ചയിൽ അതേ രൂപമാണെങ്കിലും, 2025-ലെ പുതുക്കിയ രൂപത്തിൽ പുനർജനിച്ചിരിക്കുന്നു. 2000ൽ പുറത്തിറങ്ങിയതുമുതൽ തുടർച്ചയായി നിർമാണത്തിലുള്ള, വാഗൺ ആർ കഴിഞ്ഞാൽ ഏറ്റവും പഴക്കമുള്ള ഇന്ത്യൻ കാർ ബ്രാൻഡാണിത്. ആൾട്ടോയേക്കാൾ ഒരു മാസം മാത്രം പ്രായക്കൂടുതൽ.
വർഷങ്ങളായി, മഹീന്ദ്ര ഓട്ടോയിലെ പല ടീമുകളും ഇത് (ബൊലേറോ) നിർത്തലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെങ്കിലും, അത് വിടപറയാൻ എപ്പോഴും വിസമ്മതിച്ചുകൊണ്ടേയിരുന്നു. അത് സ്വയം നവീകരിച്ചും, സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടും, അതിൻ്റേതായ താളത്തിൽ മുന്നോട്ട് കുതിച്ചുകൊണ്ടേയിരിക്കുന്നു.
2025 മഹീന്ദ്ര ബൊലേറോ
എക്സ്റ്റീരിയർ
അടിസ്ഥാന രൂപഘടന നിലനിർത്തിയിട്ടുണ്ടെങ്കിലും അഞ്ച് സ്ലാറ്റുകളുള്ള പുതിയ ഗ്രിൽ, ഫോഗ് ലാമ്പുകൾ, പുതുതായി രൂപകൽപന ചെയ്ത അലോയ് വീലുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വാഹനത്തിന് കൂടുതൽ സ്റ്റൈലിഷ് ലുക്ക് കിട്ടാനായി സ്റ്റെൽത്ത് ബ്ലാക്ക് എന്ന പുതിയ നിറം ചേർത്തതാണ് മഹീന്ദ്ര ബൊലേറോയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.
ഇൻ്റീരിയർ
മുൻ മോഡലിനെ അപേക്ഷിച്ച് അകത്തളം കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. ലെതറെറ്റ് അപ്ഹോൾസ്റ്ററിയും എയർ ഫ്ലോയ്ക്കായി സീറ്റുകളിൽ മെഷ് ഡിസൈനുമുള്ള പരിഷ്കരിച്ച ക്യാബിനാണ് മഹീന്ദ്ര ബൊലേറോയ്ക്ക് ലഭിക്കുന്നത്.
സ്റ്റിയറിങ്ങിൽ ഘടിപ്പിച്ചിട്ടുള്ള ഓഡിയോ കൺട്രോളുകളിലൂടെയും മറ്റ് ഫങ്ഷനുകളിലൂടെയും ഇൻ്റീരിയറിലെ അടിസ്ഥാന കാര്യങ്ങൾ നിയന്ത്രിക്കാനാകും. 7ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റും ഇതിലുണ്ട്.
എൻജിൻ
2025 മഹീന്ദ്ര ബൊലേറോയ്ക്ക് മുൻ പതിപ്പിലെ അതേ എൻജിനാണ് നൽകിയിരിക്കുന്നത്. 75 ബിഎച്ച്പി കരുത്തും 210 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ എംഹോക് 75 ഡീസൽ എൻജിനാണ് ഇതിന് കരുത്തേകുന്നത്.
വില
ബൊലേറോയ്ക്ക് 7.99 ലക്ഷം രൂപയാമ് (എക്സ്-ഷോറൂം) പ്രാരംഭ വില. 9.69 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയുള്ള B8 എന്ന പുതിയ ടോപ്പ് വേരിയൻ്റും ലഭിക്കുന്നുണ്ട്.
Content Highlights: Mahindra Bolero gets a facelift with updated exterior and interior. Anand Mahindra reveals his personal love for this iconic Indian SUV. Learn more!