15 വയസ് പിന്നിട്ടിട്ടും നിരത്തൊഴിയാതെ കെഎസ്ആര്‍ടിസി ബസുകള്‍; ഓട്ടം ഇന്‍ഷുറന്‍സില്ലാതെ

#പ്രിയേഷ് ചന്ദ്രന്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള അയ്യായിരത്തില്‍പ്പരം ബസുകളില്‍ നാലിലൊന്നും 15 വര്‍ഷം കഴിഞ്ഞവയാണ്. ഈ ബസുകള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തത്. എന്നാല്‍ പുതിയ ബസുകള്‍ക്കും, സ്വിഫ്റ്റ്, ദീര്‍ഘദൂരബസുകള്‍ക്കും ഇന്‍ഷുറന്‍സുണ്ട്.

പരിരക്ഷയില്ലാത്ത ബസുകള്‍ക്കുള്ള അപകട നഷ്ടപരിഹാരം കെഎസ്ആര്‍ടിസി തന്നെയാണ് നല്‍കേണ്ടത്. മോട്ടോര്‍വാഹന അപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ നിര്‍ദേശിക്കുന്ന നഷ്ടപരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ തുക നല്‍കണം. കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍നിന്നുള്ള തുക നഷ്ടപരിഹാരത്തിന് നല്‍കുന്നത് വലിയ സാമ്പത്തിക ബാധ്യതയാവും.

പരിവാഹന്‍ സൈറ്റില്‍ കെഎസ്ആര്‍ടിസിയുടെ പഴയ ബസുകളുടെ ആര്‍സി ക്യാന്‍സല്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് പുതുക്കിലഭിക്കില്ല. പക്ഷേ കെഎസ്ആര്‍ടിസിക്ക് കേരള സര്‍ക്കാര്‍ ഇതില്‍ ഇളവ് നല്‍കിയിട്ടുണ്ട്. 

പക്ഷേ പരിവാഹനില്‍ 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കി നല്‍കിയാല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനാവില്ല. നിലവില്‍ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ക്ക് കേരളത്തില്‍ ആര്‍ടി ഓഫീസുകളില്‍ പെര്‍മിറ്റ് പുതുക്കി നല്‍കുന്നുണ്ട്. പക്ഷേ ഓണ്‍ലൈന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കില്ല. 

സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിതസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷാ നിബന്ധനകളില്‍ ഇളവുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് കെഎസ്ആര്‍ടിസി ബസുകള്‍ ഇന്‍ഷുറന്‍സ് എടുക്കാതെ നിരത്തിലോടുന്നത്.

Content Highlights: Thousands of KSRTC ordinary buses lack insurance, posing financial risks.