ശ്രദ്ധിച്ചില്ലെങ്കിൽ ചക്രങ്ങൾ നമ്മെ വട്ടംകറക്കും! ടയറുകളുടെ ആരോഗ്യത്തിനായി ഇക്കാര്യങ്ങൾ നോക്കാം

നാലുചക്രത്തിലോടുന്ന വാഹനത്തിന്റെ ആ നാലു ചക്രങ്ങളുടെ പ്രാധാന്യം പ്രത്യേകം പരാമർശിക്കേണ്ടതില്ലല്ലോ. റോഡുമായി നേരിട്ടാണ് കൈകാര്യമെന്നതിനാൽ ഏറ്റവുമധികം കഷ്ടപ്പാട് അനുഭവിക്കുന്നതും ഈ ടയറുകളാണ്. അതിനാൽ അവയുടെ സർവസ്വവും ഇടയ്ക്കിടെ പരിശോധിക്കുന്നത് തടിക്ക് നന്ന്.
ടയർ പ്രഷർ
ഓരോ ടയറിലും കമ്പനി നിശ്ചയിച്ചിട്ടുള്ള ടയർ പ്രഷർ ഉണ്ട്. അത് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക. ഡോറുകളുടെ ഉൾവശം നാലു ടയറുകളിലും വേണ്ട പ്രഷറിന്റെ കണക്കുണ്ട്. അളവുതെറ്റിയുള്ള കാറ്റ് ഇന്ധനക്ഷമതയെയും വാഹനത്തിന്റെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കും.
വീൽ അലൈൻമെന്റ്
പുതിയ കാറായാലും പഴയതായാലും ടയറുകളുടെ അവസ്ഥ വ്യക്തമാക്കുന്നതാണിത്. ഒരുമിച്ചുവാങ്ങിയ ടയറുകളാണെങ്കിലും കുറച്ചു ദൂരം ഓടിക്കഴിഞ്ഞാൽ എല്ലാം ഒരുപോലെയിരിക്കില്ല. ചിലതിന് കൂടുതൽ തേയ്മാനം വന്നേക്കാം. ചിലതിന്റെ അലൈൻമെന്റ് മാറിയേക്കാം. ആയിരത്തിനും രണ്ടായിരത്തിനും കിലോമീറ്ററിനിടെ ഈ പരിശോധന എന്തായാലും നടത്തിയിരിക്കണം.
ചക്രങ്ങളിലെ പ്രശ്നം അതിന്റെ സസ്പെൻഷനെയും ഡ്രൈവിങ്ങിനെയും യാത്രാ സുഖത്തെയും പ്രതികൂലമായി ബാധിക്കും. ഡ്രൈവിങ് സമയത്ത് സ്റ്റിയറിങ്ങിലും വിറയൽ അനുഭവപ്പെടുകയും നിയന്ത്രിക്കാൻ അധിക കരുത്ത് ഉപയോഗിക്കേണ്ടിയും വരും.
വീൽ ബാലൻസിങ്
വാഹനത്തിന്റെ ടയറുകളുടെ ഭാരങ്ങൾ തമ്മിലുള്ള വിന്യാസമാണ് വീൽ ബാലൻസിങ്. അതായത് ഒരു വീൽ അസംബ്ലിയുടെ ഭാരം മറ്റെല്ലാ വീൽ അസംബ്ലികളുമായും ചേരണം. ഇതില്ലെങ്കിൽ ഡ്രൈവിങ് നിലവാരത്തെ ബാധിക്കും.
ടയർ റൊട്ടേഷൻ
ടയറുകളുടെ സ്ഥാനം മാറ്റുന്നതാണിത്. ഒന്നുകിൽ മുന്നിൽനിന്ന് പിന്നിലേക്ക് അല്ലെങ്കിൽ തിരിച്ച് മാറ്റിയിടുക. മുൻവീൽഡ്രൈവ് വാഹനങ്ങളിൽ മുൻഭാഗത്തെ ടയറുകൾക്കാണ് കൂടുതൽ തേയ്മാനം വരുക. സ്റ്റിയറിങ്ങിന്റെ പിടിത്തവും മറ്റും കാരണം മുൻചക്രങ്ങൾ വേഗം തേയും. പിൻവീൽ ഡ്രൈവുകൾക്ക് ഇതേ അവസ്ഥ പിന്നിലെ ചക്രങ്ങൾക്കായിരിക്കും. ഓരോ 8,000 കിലോമീറ്ററിലും ടയർ റൊട്ടേഷൻ ചെയ്യുന്നതാണ് നല്ലത്.
Content Highlights: Take care of your vehicle tyres