സ്വന്തം കാർ ഒഴിവാക്കി ട്രംപിന്റെ കാറിൽ പുതിൻ,ഇരുവരും മാത്രമായി10 മിനിറ്റ്; മികച്ചത് ബീസ്റ്റോ സെനറ്റോ

അലാസ്കന്‍ നഗരമായ ആങ്കറേജിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന യുഎസിന്റെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ്-റിച്ചാര്‍ഡ്സണ്‍ (ജെബിഇആര്‍) സേനാതാവളത്തില്‍ നടക്കുന്ന ട്രംപ്-പുതിന്‍ കൂടിക്കാഴ്ചയാണ് ഇപ്പോള്‍ ലോകശ്രദ്ധ നേടിയിരിക്കുന്നത്. കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം മുതല്‍ ഇരുനേതാക്കള്‍ക്കുമായി ഒരുക്കിയിട്ടുള്ള സുരക്ഷ സംവിധാനങ്ങള്‍ പോലും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിനിടയില്‍ തന്നെ ശ്രദ്ധ നേടിയ മറ്റൊന്നാണ് ട്രംപും പുതിനും ഒരുമിച്ചുള്ള കാര്‍ യാത്ര.
ട്രംപിന്റെ ഔദ്യോഗിക വാഹനവും ബീസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നതുമായി കാഡിലാക് ലിമോസിനിലായിരുന്നു ഇരുവരും ഒരുമിച്ചുള്ള യാത്ര. പത്ത് മിനിറ്റോളം നീണ്ട ലിമോസിന്‍ യാത്രയില്‍ ട്രംപും പുതിനും ഡ്രൈവറും മാത്രമായിരുന്നു ഈ അത്യാഡംബര വാഹനത്തിലുണ്ടായിരുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുതിന്റെ ഔദ്യോഗിക വാഹനമായ ഓറസ് സെനറ്റും ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി ആങ്കറേജില്‍ എത്തിച്ചിരുന്നു. ഇരുവിഭാഗങ്ങളിലുള്ളവരും മറ്റുള്ളവരുടെ വാഹനത്തില്‍ യാത്ര ചെയ്യില്ലെന്നായിരുന്നു സുരക്ഷയുടെ ഭാഗമായുള്ള തീരുമാനം.
എന്താണ് ട്രംപിന്റെ ബീസ്റ്റ്
കാഡിലാക് വണ്‍ എന്ന ലിമോസിന്‍ ആണ് യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത്. ബീസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന ഈ വാഹനം അമേരിക്കന്‍ പ്രസിഡന്റിന് മാത്രമായി ഒരുങ്ങുന്നതാണെന്നതാണ് സവിശേഷത. 1.5 മില്ല്യണ്‍ ഡോളറാണ് (13.17 കോടി രൂപ) ഈ വാഹനത്തിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്. 2014-ല്‍ നിര്‍മാണം ആരംഭിക്കുകയും 2018-ല്‍ പുറത്തിറങ്ങുകയും ചെയ്ത വാഹനമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ബീസ്റ്റ്.
ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനമായി കണക്കാക്കുന്ന ഒന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം. ഒരു കമാൻഡ് സെന്റര്‍ വരെ ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ബോംബാക്രമണങ്ങളെയും വെടിയുണ്ടയേയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഈ വാഹനത്തിന്റെ ബോഡി എട്ട് ഇഞ്ച് കട്ടിയിലാണ് ഒരുക്കിയിരിക്കുന്നത്. വിന്‍ഡോ ഉള്‍പ്പെടെയുള്ള ഗ്ലാസുകളുടെ കട്ടി മൂന്ന് ഇഞ്ചാണ്. 20,000 പൗണ്ടാണ് ഈ വാഹനത്തിന്റെ ആകെ ഭാരം.
പ്രസിഡന്റിന് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നമുണ്ടാകുകയാണെങ്കില്‍ പ്രാഥമിക ശുശ്രൂഷ ഉറപ്പാക്കുന്നതിനായി ഓക്‌സിജന്‍ സംവിധാനം, അദ്ദേഹത്തിന്റെ ഗ്രൂപ്പിലുള്ള രക്തം എന്നിവയും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ജനറല്‍ മോട്ടോഴ്‌സ് നിര്‍മിക്കുന്ന ഈ വാഹനമാണ് 1980 മുതലുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കുന്നത്. ലിങ്കണ്‍ ലിമോസിനുകള്‍ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് റൊണാള്‍ഡ് റീഗന്‍ ആണ് കാഡിലാക്കിലേക്കുള്ള മാറ്റം കൊണ്ടുവരുന്നത്. കാഡിലാക് എക്‌സ്ടി6 മോഡലിനോട് സാമ്യമുള്ള രൂപത്തിലാണ് പ്രസിഡന്റ് ബീസ്റ്റ് ഒരുങ്ങിയിരിക്കുന്നത്. പെട്രോള്‍ എന്‍ജിനിലും ഡീസല്‍ എന്‍ജിനിലും ഈ വാഹനം എത്തിയിരുന്നു.
പുതിന്റെ ഓറസ് സെനറ്റ്
വ്ളാദമിര്‍ പുതിന്റെ ഔദ്യോഗിക വാഹനമാണ് റഷ്യന്‍ നിര്‍മിത ഓറസ് സെനറ്റ് എന്ന ലിമോസിന്‍.അത്യാഡംബര സംവിധാനങ്ങള്‍ക്കൊപ്പം അത്യാധുനിക സുരക്ഷ സംവിധാനങ്ങള്‍ എല്ലാം ഈ വാഹനത്തിലുണ്ട്. ഒറ്റ നോട്ടത്തില്‍ റോള്‍സ് റോയിസ് ഫാന്റം എന്ന വാഹനത്തിനോട് സാമ്യമുള്ള രൂപമാണ് സെനറ്റിനുമുള്ളത്. എന്നാല്‍, 1940-കളില്‍ നിര്‍മിച്ചിരുന്ന സോവിയന്റ് ലിമോസിന്‍ മോഡലായ ഇസഡ്.ഐ.എസ്-110 എന്ന മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സെനറ്റ് ഒരുങ്ങിയിരിക്കുന്നത്. കോര്‍ട്ടേജ് എന്നാണ് പുതിന്റെ വാഹനത്തെ വിശേഷിപ്പിക്കുന്നത്.
ഓറസ് സെനറ്റിന്റെ സാധാരണ മോഡലുകള്‍ക്ക് 5631 എം.എം. ആണ് നീളമെങ്കില്‍ 6700 എം.എം. നീളമാണ് പുതിന്റെ വാഹനത്തിനുള്ളത്. ബുള്ളറ്റ് പ്രൂഫ് കരുത്തിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. ദൃഢതയേറിയ ഗ്ലാസുകള്‍, ബോംബ് സ്‌ഫോടനത്തെ പോലും ചെറുക്കുന്ന അണ്ടര്‍ ഫ്‌ളോര്‍ പ്രൊട്ടക്ഷന്‍, പഞ്ചറായാല്‍ പോലും നിശ്ചിത കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ടയറുകള്‍, സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ആയുധങ്ങള്‍, ഓക്‌സിജന്‍ സപ്ലൈ തുടങ്ങിയ സംവിധാനങ്ങളാണ് സുരക്ഷയ്ക്ക് ആക്കം കൂട്ടുന്നത്.
ദൃഢതയ്‌ക്കൊപ്പം അഴകുമാണ് എക്സ്റ്റീരിയറിന്റെ സവിശേഷതയെങ്കില്‍ ആഡംബരമാണ് ഇന്റീരിയറിനെ വ്യത്യസ്തമാക്കുന്നത്. ലെതറിനൊപ്പം മറ്റ് ആഡംബര വസ്തുകളും ചേര്‍ത്താണ് അകത്തളം ഒരുക്കിയിരിക്കുന്നത്. മസാജ് സംവിധാനം ഉള്‍പ്പെടെ നല്‍കി വിവിധ രീതികളില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് സീറ്റുകള്‍ ഒരുക്കിയിട്ടുള്ളത്. ഓരോ സീറ്റിലേയും യാത്രക്കാര്‍ക്കായി പ്രത്യേകം എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകളും നല്‍കിയിട്ടുണ്ട്. മുന്നിലും വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ടി.എഫ്.ടി. സ്‌ക്രീന്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റവും ഒരുക്കിയിട്ടുണ്ട്.
സുരക്ഷ പോലെ കരുത്തിനും പ്രാധാന്യം നല്‍കിയാണ് പ്രസിഡന്റിന്റെ സെനറ്റ് ലിമോസിന്‍ എത്തിയിട്ടുള്ളത്. 6.6 ലിറ്റര്‍ വി12 എന്‍ജിനാണ് ലിമോസിനില്‍ നല്‍കിയിട്ടുള്ളത്. ഇത് 850 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, ഈ വാഹനത്തിന്റെ റെഗുലര്‍ മോഡലില്‍ 4.4 ലിറ്റര്‍ വി8 എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. 590 ബി.എച്ച്.പി. പവറും 880 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. കേവലം ആറ് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.
Content Highlights: Trump and Putin shared a 10-minute ride in `The Beast` the US presidential Cadillac limousine