ടൊയോട്ടയും അര്‍ബന്‍ ക്രൂസറും- Test Drive Review

മലയാളിയുടെ മനസ്സിലുറച്ച പേരാണ് ടൊയോട്ട. ആ ലോഗോവെച്ച് പുറത്തിറങ്ങുന്ന വാഹനങ്ങളോട് ഒരു പ്രത്യേക മമതയും മലയാളികള്‍ പുലര്‍ത്തുന്നുണ്ട്. ക്വാളിസ് മുതല്‍ ഇങ്ങ് ഇന്നോവ ക്രിസ്റ്റ വരെ നോക്കിയാല്‍ അത് വ്യക്തമാകും. തഴച്ചുവളരുന്ന ഇന്ത്യയിലെ വാഹനവിപണിയില്‍ ഉറച്ചസ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞത് ഗുണനിലവാരം കൊണ്ടുതന്നെയാണ്.
ഏകദേശം എല്ലാ വിഭാഗത്തിലും ടൊയോട്ടയ്ക്ക് സ്വന്തമായ സാന്നിധ്യമുണ്ട്. അതില്ലാത്ത ഇടങ്ങളിലേക്കാണ് മാരുതി സുസുക്കിയുമായി കൈകോര്‍ത്ത് മുന്നേറാനുള്ള തീരുമാനമെടുത്തത്. എങ്കിലും ടൊയോട്ടയുടെ ടച്ച് വിട്ട് ഒരു കളി കളിച്ചില്ല.
കരുത്തും സുരക്ഷയുമെല്ലാം വര്‍ധിപ്പിച്ച് പുതിയൊരു കാറായാട്ടിയിരുന്നു ഗ്ലാന്‍സ എത്തിയത്. അതുപോലെ ഇപ്പോള്‍, കോംപാക്ട് എസ്.യു.വി. സെഗ്മെന്റിലേക്കുള്ള ടൊയോട്ടയുടെ വരവാണ് അര്‍ബന്‍ ക്രൂസറിലൂടെ. മാരുതിയുടെ സൂപ്പര്‍ഹിറ്റ് ബ്രെസയുടെ അവതാരമാറ്റമാണിത്. അതില്‍ ടൊയോട്ട തങ്ങളുടെ ൈകയൊപ്പു ചാര്‍ത്തി എന്നുമാത്രം. പുതിയ അര്‍ബന്‍ ക്രൂസര്‍ ഒന്ന് ഓടിച്ചു നോക്കാം...
എന്ജിന്
ശബ്ദം കുറഞ്ഞ് റിഫൈന്‍ഡാണ് 1.5 ലീറ്റര്‍ പെട്രോള്‍ എന്ജിന്. കെ. സീരീസിലെ ശക്തിയേറിയ മികച്ച നിലവാരം പുലര്‍ത്തുന്നതാണ് ഈ പെട്രോള്‍ എന്ജിന്. ഫൈവ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും കൂടി കൂട്ടായപ്പോള്‍ ഹൈവേ ക്രൂസിങ്ങിനും സിറ്റിഡ്രൈവിനും ഒരുപോലെ അനുയോജ്യം. തുടക്കത്തിലെ പുള്ളിങ്ങും ഒന്നാന്തരം. കോര്‍ണറിങ്ങും ബ്രേക്കിങ്ങുമെല്ലാം മികച്ചതാണ്.
പെട്ടെന്ന് പ്രതികരിക്കുന്നതാണ് സ്റ്റിയറിങ് വീല്‍. അധികം ബലം പ്രയോഗിക്കേണ്ട എന്നതിനാല്‍ ആയാസകരമാണ് ഡ്രൈവിങ്. വേഗം കൂടിയാലും കാറ്റ് കൊണ്ടുപോകില്ല. ബോഡി കരുത്ത് കൂട്ടിയിട്ടിട്ടുണ്ട്. അതിനാല്‍ സ്റ്റെബിലിറ്റിയുമുണ്ട്. ഗട്ടറുകളില്‍ വീണാലും വലിയ കുലുക്കം ഉള്ളില്‍ അനുഭവപ്പെടുന്നില്ല. സസ്പെന്ഷന് മികച്ചതാണ്.
രൂപം
ടൊയോട്ടയുടെ കൈയൊപ്പായ ഗ്രില്‍ തന്നെയാണ് പ്രധാന ആകര്‍ഷണം. ബോള്‍ഡായ ഗ്രില്ലാണ്. ഫോര്‍ച്യൂണറിനെ ഓര്‍മിപ്പിക്കും. മുന്നില്‍ നിന്ന് നോക്കിയാല്‍ കരുത്തനാണ്. അത് ബോഡിയില്‍ തൊട്ടാലറിയും. ഗ്രില്ലിനോടു ചേര്‍ന്നാണ് ഡ്യൂവല്‍ ചേംബര്‍ എല്‍.ഇ.ഡി. പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍. അതിനു ചുറ്റിലുമാണ് ഡി.ആര്.എല്‍. വെള്ളിവരകള്‍ അതിരിടുന്ന ഫോഗ് ലാമ്പിന് താഴെ ബമ്പറില്‍ പ്രത്യേകയിടം കണ്ടെത്തിയിട്ടുണ്ട്.
പതിനാറ് ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലിലാണ് അര്‍ബന്‍ ക്രൂസറിന്റെ നില്‍പ്പ്. വശങ്ങളില് നിന്ന് നോക്കുമ്പോള്‍ സഹോദരനെ ഓര്‍മിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് രൂപത്തില്‍ അധികം കൈകടത്തിയിട്ടില്ല. പിന്നിലേക്ക് എത്തിയാല്‍ ബംബറിലും ടെയില്‍ ലാമ്പുകളിലും ടൊയോട്ട ചെറിയ കൈക്രിയകള്‍ നടത്തിയിട്ടുണ്ട്. എല്‍.ഇ.ഡി. ടെയില്‍ ലാമ്പും സ്കഫ് പ്ലേറ്റോടുകൂടിയ പുതിയ പിന് ബംബറുമാക്കിമാറ്റി.
അകം
കറുപ്പുമയമാണ് ഉള്‍വശം. സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടനും ഓട്ടോമാറ്റിക് ക്ളൈമെറ്റ് കണ്ട്രോളും എല്ലാ വേരിയന്റിലേക്കും എത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്പ്ലേയുമൊക്കെ ഉള്‍പ്പെടുത്തിയ ഏഴിഞ്ചിന്റെ ടച്ച് സ്ക്രീനും സെന്‍ട്രല്‍ കണ്‍സോളില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. അധികം ആര്‍ഭാടങ്ങള്‍ കുത്തിനിറച്ചിട്ടില്ല ഡാഷ്ബോര്‍ഡില്‍. അതിനാല്‍, എല്ലാ സൗകര്യങ്ങളും കൈയെത്താദൂരത്തുണ്ട്.
സ്റ്റിയറിങ് വീലിലും സ്വിച്ചുകളുണ്ട്. റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ഓട്ടോ ഹെഡ്ലൈറ്റ്, എയര്‍ കൂള്‍ഡ് സ്റ്റോറേജ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.
മികച്ച യാത്രാസുഖം നല്കുന്ന സീറ്റുകളാണ്. ആവശ്യത്തിന് ഹെഡ്റൂം ഉള്ളതിനാല്‍ ഇടുക്കം അനുഭവപ്പെടില്ല. മുന്നിലും പിന്നിലും സ്റ്റോറേജ് സ്പേസുകളും ഹാന്ഡ്റെസ്റ്റുകളും ക്രൂസറിലുണ്ട്. സുരക്ഷയ്ക്കായി രണ്ട് എയര്‍ബാഗുകള്‍, എ.ബി.എസ്., ഇ.ബി.ഡി., പിന്നില്‍ ക്യാമറ, സെന്‍സര്‍ എന്നിവയെല്ലാം സ്റ്റാന്‍ഡേര്‍ഡായി നല്കിയിരിക്കുന്നു.
17 കിലോമീറ്ററാണ് മാനുവല്‍ ട്രാന്സ്മിഷന് കമ്പനി പറയുന്ന മൈലേജ്. 8.4 ലക്ഷം മുതല്‍ 11.3 ലക്ഷം വരെയാണ് അര്‍ബന്‍ ക്രൂസറിന്റെ എക്സ്ഷോറൂം വില.
Content Highlights: Toyota Urban Cruiser Compact SUV Test Drive Review
Content Highlights: