മലയാളി താരങ്ങളുടെ ഇഷ്ടവാഹനം; മിനി കണ്‍ട്രിമാന്‍ സ്വന്തമാക്കി ആന്റണി പെരുമ്പാവൂര്‍

ആന്റണി പെരുമ്പാവൂര്‍ പുതിയ വാഹനത്തിന് സമീപം | Photo: Social Media
ആന്റണി പെരുമ്പാവൂര്‍ പുതിയ വാഹനത്തിന് സമീപം | Photo: Social Media

ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, ധ്യാന്‍ ശ്രീനിവാസന്‍, നവ്യ നായര്‍ തുടങ്ങിയ താരങ്ങളുടെയെല്ലാം ഗ്യാരേജില്‍ അടുത്ത നാളുകളില്‍ സ്ഥാനം പിടിച്ചിട്ടുള്ള വാഹനമാണ് മിനി കൂപ്പര്‍. ഇവരുടെ നിരയില്‍ ഏറ്റവുമൊടുവിലായി എത്തിയിരിക്കുകയാണ് നടനും ഹിറ്റ് സിനിമകളുടെ നിര്‍മാതാവുമായി ആന്റണി പെരുമ്പാവൂര്‍. മലയാളി സിനിമതാരങ്ങളുടെ ഇഷ്ട വാഹനം എന്നാണ് ഇപ്പോള്‍ മിനി കൂപ്പറിന് സാമൂഹിക മാധ്യമങ്ങള്‍ നല്‍കുന്ന വിശേഷണം.

മിനിയുടെ ജെ.സി.ഡബ്ല്യു ഇന്‍സ്പയേഡ് കണ്‍ട്രിമാന്‍ കൂപ്പര്‍ എസ് പതിപ്പാണ് ആന്റണി പെരുമ്പാവൂര്‍ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ മിനി കൂപ്പര്‍ ഡീലര്‍ഷിപ്പായ മിനി-ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ കുടുംബസമേതം എത്തിയാണ് പുതിയ വാഹനത്തെ അദ്ദേഹം വീട്ടിലേക്ക് കൂട്ടിയത്. ആന്റണി പെരുമ്പാവൂരും മിനി കുടുംബത്തിലെ അംഗമായ സന്തോഷം മിനി-ഇ.വി.എം. ഓട്ടോക്രാഫ്റ്റാണ് സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമാണ് മിനി. ഈ ആഡംബര വാഹന നിര്‍മാതാക്കളുടെ വാഹന നിരയിലെ നാല് ഡോര്‍ ഹാച്ച്ബാക്ക് ശ്രേണിയിലാണ് കണ്‍ട്രിമാന്‍ മോഡലിന്റെ സ്ഥാനം. മിനി വാഹന നിരയിലെ ഏറ്റവും കരുത്തന്‍ വാഹനമെന്ന വിശേഷണവും നാല് ഡോര്‍ മോഡലായ കണ്‍ട്രിമാനിനാണ്. ബ്രിട്ടീഷ് റേസിങ്ങ് ഗ്രീന്‍ നിറത്തിലുള്ള വാഹനമാണ് ആന്റണി പെരുമ്പാവൂര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. 

മിനിയുടെ സിഗ്നേച്ചര്‍ ഗ്രില്ല്, വലിയ എയര്‍ഡാം എന്നിവയാണ് കണ്‍ട്രിമാന്റെയും മുഖഭാവം. ചുവപ്പ് അക്ഷരത്തില്‍ എസ്. ബാഡ്ജിങ്ങും ഗ്രില്ലില്‍ നല്‍കിയിട്ടുണ്ട്. പ്രൊജക്ഷന്‍ ഹെഡ്ലാമ്പും എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും നല്‍കിയിട്ടുള്ള ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍, യൂണിയന്‍ ജാക്ക് ഡിസൈനിലുള്ള എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ് എന്നിവയാണ് ഈ വാഹനത്തിന് അഴകേകുന്നത്. മിഡ് നൈറ്റ് ബ്ലാക്ക്, ചില്ലി റെഡ്, ഐലന്റ് ബ്ലൂ, ബ്രിട്ടീഷ് റേസിങ്ങ് ഗ്രീന്‍, വൈറ്റ് സില്‍വര്‍, സെയ്ജ് ഗ്രീന്‍എന്നീ നിറങ്ങളിലാണ് ഈ വാഹനമെത്തുന്നത്. 

അകത്തളത്തില്‍ നിരവധി ഫീച്ചറുകളും ആഡംബര സംവിധാനങ്ങളുമായാണ് ഈ വാഹനമെത്തുന്നത്. 5.5 ഇഞ്ച് വലിപ്പമുള്ള ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എല്‍.ഇ.ഡി. റിങ്ങിന്റെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള 8.8 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ലെതറില്‍ പൊതിഞ്ഞ സീറ്റുകളും ഡാഷ്‌ബോര്‍ഡും, വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ ഇന്റീരിറിലുള്ളത്.

ട്വിന്‍ പവര്‍ ടെക്‌നോളജിയില്‍ ഒരുങ്ങിയിട്ടുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 192 ബി.എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡബിള്‍ ക്ലെച്ച് സ്റ്റെപ്പ്‌ട്രോണിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 7.5 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന് 225 കിലോമീറ്ററാണ് പരമാവധി വേഗത. 46.50 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

Content Highlights: Producer Actor Antony Perumbavoor Buys New Mini Countryman, Antony Perumbavoor, Mini Cooper

Content Highlights: