നിരത്തിൽ വാഹനങ്ങളെക്കാൾ അവകാശം മനുഷ്യർക്കുണ്ട്; റോഡിൽ പഠിച്ചിരിക്കേണ്ട പാഠങ്ങൾ

മൗലികാവകാശവുമായി ബന്ധപ്പെട്ട സുപ്രധാന നിരീക്ഷണമാണ് കഴിഞ്ഞദിവസം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. നാമെല്ലാം റോഡിൽ പഠിച്ചിരിക്കേണ്ട പാഠത്തെക്കുറിച്ച് കോടതി ഓർമ്മിപ്പിച്ചു. വാഹനങ്ങളെക്കാൾ അവകാശം മനുഷ്യനുണ്ടെന്ന ഓർമ്മപ്പെടുത്തലായിരുന്നു അത്. നടപ്പാതയിലൂടെ നടക്കുന്ന കാൽനടയാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ നിയമനിർമാണം വേണമെന്ന് കോടതി പറഞ്ഞു
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ 2024-ലെ റിപ്പോർട്ട് പ്രകാരം 2019-നും 2024-നും ഇടയിൽ 1.8 ലക്ഷത്തിലധികം കാൽനടയാത്രക്കാർക്കാണ് രാജ്യത്തെ നിരത്തുകളിൽ ജീവൻ നഷ്ടപ്പെട്ടത്. അതായത്, പ്രതിവർഷം 30,500 പേർ മരിക്കുന്നു. ഇതിൽ 54 ശതമാനം പേരും ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ ഇടിച്ചു മരിക്കുന്നവരാണ്.
എന്തുകൊണ്ടിങ്ങനെ?
നിലവിലെ നിയമങ്ങൾ നിരുപാധികം ലംഘിക്കുന്നത് അപകടങ്ങൾ കൂടാൻ ഇടയാക്കുന്നു. നടക്കാനുള്ള സ്വാതന്ത്ര്യവും സുരക്ഷയും പൗരന്റെ അവകാശമായി അംഗീകരിക്കാത്ത മനോഭാവം മറ്റൊരു കാരണവും. സുരക്ഷ ഉറപ്പാക്കാനുള്ള സീബ്രാ ലൈനുകളിലൂടെ നമ്മളിലെത്രപേർ നടക്കുന്നു? നമ്മളിലെത്രപേർ സീബ്രാ ലൈനിൽ കടന്നുകയറി വാഹനം നിർത്തുന്നു?
ഡ്രൈവർമാരുടെ അശ്രദ്ധയാണ് അപകടങ്ങളുടെ പ്രധാനകാരണം. മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിക്കുന്നവർ വരുത്തിവെക്കുന്ന അപകടത്തിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും അപകടം കൂട്ടുന്നു. നടപ്പാതകളെ പാർക്കിങ് ഇടമാക്കി മാറ്റുക, അംഗപരിമിതർക്കുള്ള റാംപുകളിലേക്ക് കടന്നുകയറുക എന്നതെല്ലാം കാൽനടയാത്രക്കാർ നേരിടുന്ന അവകാശലംഘനവും സുരക്ഷാ വെല്ലുവിളിയുമാണ്
രാവിലെയോ വൈകുന്നേരങ്ങളിലോ നടക്കാനിറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നതിൽ നല്ലൊരു ശതമാനവും. ഇടുങ്ങിയ റോഡുകൾ, പരസ്യബോർഡുകൾ ഉൾപ്പെടെ വഴിയിലെ തടസ്സങ്ങൾ ഇതെല്ലാം കാൽനട ദുർഘടമാക്കുന്നു.
ബ്ലാക്ക് സ്‌പോട്ടുകൾ കൂടുന്നു
2025-ലെ നാറ്റ്പാക് (ഗതാഗത ഗവേഷണ കേന്ദ്രം) റിപ്പോർട്ടുപ്രകാരം കേരളത്തിൽ 555 കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന 400 കാൽനട അപകടസാധ്യതാ ഇടങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ 62 ശതമാനം ഇടത്തിലും സീബ്രാ ലൈനുകളോ നടപ്പാതകളോ ക്രോസിങ് പാലങ്ങളോ ഇല്ല. 2007-നുശേഷം കേരളത്തിലുണ്ടാകുന്ന റോഡ് അപകടങ്ങളിൽ നേരിയ കുറവുണ്ടെങ്കിലും കാൽനടയാത്രക്കാർ, ഇരുചക്രവാഹനയാത്രക്കാർ മുതിർന്നപൗരർ എന്നിവർ മരിക്കുന്നതിൽ വലിയ വർധന കാണാം.
ചില മാതൃകകളിങ്ങനെ
മിക്ക യൂറോപ്യൻ രാജ്യങ്ങളിലും കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ മുൻഗണനയാണുള്ളത്. സീബ്രാ ക്രോസിങ്ങുകളിൽ വാഹനം നിർത്തിയില്ലെങ്കിൽ വലിയ പിഴ ഈടാക്കും. യു.കെ.യിൽ വളവുകളിലും തിരിവുകളിലും കാൽനടയാത്രക്കാർക്കാണ് മുൻതൂക്കം. സിഗ്‌നലില്ലെങ്കിൽപ്പോലും കാൽനടയാത്രക്കാർക്ക് മുൻഗണനനൽകി വാഹനങ്ങൾ നിർത്തിക്കൊടുക്കുന്ന രീതിയാണ് ജപ്പാനിലേത്. യു.എസിൽ സീബ്രാ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്തിക്കൊടുക്കാൻ ഡ്രൈവർമാർ നിയമപരമായി ബാധ്യസ്ഥരാണ്.
ക്രോസിങ്ങിലൂടെയല്ലാതെ നിയമവിരുദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് യു.എസിൽ വലിയ പിഴയുണ്ട്. ജോ വോക്കിങ് എന്നാണ് അതറിയപ്പെടുന്നത്. രാത്രിയിലോ കനത്ത മൂടൽമഞ്ഞുള്ളപ്പോഴോ നഗരപരിധിക്കു പുറത്തുള്ള റോഡുകളിലൂടെ നടക്കുകയാണെങ്കിൽ, വസ്ത്രത്തിലോ ബാഗിലോ റിഫ്‌ലെക്ടറുകൾ (വെളിച്ചം അടിക്കുമ്പോൾ തിളങ്ങുന്ന സ്റ്റിക്കറുകളോ ബാന്റുകളോ) ധരിച്ചിരിക്കണമെന്നാണ് റഷ്യയിലെ നിയമം. മലേഷ്യ, ഇൻഡൊനീഷ്യ, തയ്വാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഹെവിവാഹനങ്ങൾക്കും പ്രത്യേകം പാതകൾ ഉണ്ട്.
നാറ്റ്പാക് കണ്ടെത്തിയ അപകടസാധ്യതമേഖലകളിൽ 2018-നും 2022-നും ഇടയിൽ 5100 കാൽനടയാത്രക്കാർ മരിച്ചു
കേരളം @ 2025
- ആകെ റോഡപകടങ്ങൾ- 499889
- മരിച്ച കാൽനടയാത്രക്കാർ- 1702
- 2024-ൽ ഇത് 1200-ൽ താഴെ
Content Highlights: Supreme Court mandates legislative action for pedestrian safety., Over 1.8 lakh pedestrian deaths reported between 2019-2024., NATPAC 2025 report identifies 400 accident-prone spots in Kerala., Driver negligence and poor infrastructure are primary causes., Global models like UK, Japan, and US highlight strict enforcement of pedestrian priority.