75 വര്‍ഷമായി നന്നാക്കുന്നത് മഹീന്ദ്രജീപ്പുകള് മാത്രം; ഇനിയില്ല ജീപ്പുകളുടെ ഈ ആശുപത്രി

'പ്പൊ, ശെര്യായ്ക്കിത്തരാ...' എന്നുപറഞ്ഞ് എ.വി. സഹദേവന് സ്പാനറെടുത്താല് പിന്നെ വാഹന ഉടമയ്ക്ക് ആശങ്കവേണ്ട. സുയിപ്പാക്കില്ലെന്ന് ഉറപ്പ്. ജീപ്പുകളുടെ ആശുപത്രിയാണ് കിഴക്കേനടക്കാവിലുള്ള സഹദേവന്റെ ഭാരത് മോട്ടോഴ്സ്. 75 വര്‍ഷമായി മഹീന്ദ്രജീപ്പുകള് മാത്രം സര്‍വീസ് ചെയ്യുന്ന സ്ഥാപനം. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി വര്‍ക്ക്ഷോപ്പ് പൂട്ടേണ്ടസ്ഥിതിയിലാണിപ്പോള്. സഡന്ബ്രേക്കിടുന്നതല്ല. സര്‍വീസ് കുറച്ചുകുറച്ച് സ്ലോസ്പീഡിലാക്കി സാവധാനം നിര്‍ത്തുന്നു.
പെട്രോള്‍ ജീപ്പുകള്‍ നാടുവാണിരുന്നകാലത്താണ് തുടക്കം. വയനാടന്ചുരമിറങ്ങി അക്കാലത്ത് ജീപ്പുകള്‍ ഇവിടേക്കുവന്നിട്ടുണ്ട്. ലക്ഷദ്വീപില്‍നിന്ന് ബേപ്പൂര്‍ തുറമുഖത്ത് കപ്പലിറങ്ങി ജീപ്പുകള്‍ വന്നിട്ടുണ്ട്. കുടകില്‍നിന്നും മലപ്പുറത്തുനിന്നുമൊക്കെ ജീപ്പുകള്‍ ഈ വര്‍ക്ക്ഷോപ്പ് തേടിയെത്തിയിട്ടുണ്ട്. ജീപ്പ് നന്നാക്കാന്‍ പ്രമുഖര്‍ ഇവിടെ കാത്തുനിന്നിട്ടുണ്ട്. 26 മെക്കാനിക്കുകള്വരെ ഒരേസമയം പണിയെടുത്തകാലമുണ്ട്. 35 ജീപ്പുകള്വരെ ഒരേസമയം അക്കാലത്ത് വര്ക്ക്ഷോപ്പിലുണ്ടാവുമായിരുന്നു.
ജീപ്പ് 540, വില്ലീസ്, താര്, ബോലെറോ പാസഞ്ചര്‍, ബൊലെറോ പിക്ക് അപ്പ്, സ്കോര്‍പ്പിയോ എം.ടു. ഡി.ഐ., സി.ആര്.ഡി.ഇ. തുടങ്ങിയവമുതല്‍ മിലിട്ടറിജീപ്പുകള്വരെ ഇവിടെ നന്നാക്കിയിട്ടുണ്ട്. സഹദേവന്റെ അച്ഛന് ഈസ്റ്റ്ഹില്‍ അയിനിപ്പുള്ളി വേലായുധനാണ് വര്‍ക്ക്ഷോപ്പ് തുറന്നത്. പാച്ച്വര്‍ക്ക്, പെയിന്റിങ്, മെക്കാനിക്കല്‍ തുടങ്ങി ജീപ്പുകളുടെ ഏതുപ്രശ്നവും ഇവിടെ പരിഹരിക്കും. സ്ഥിരമായെത്തുന്ന കസ്റ്റമേഴ്സാണ് കൂടുതല്‍. ഏത് പുതിയതരം വാഹനവും നന്നാക്കും ഈ സ്പെഷ്യലിസ്റ്റ് 'ഡോക്ടര്‍'. മോഡലുകള്‍ മാറിയപ്പോഴും ഈ 62-കാരന് ഒപ്പംനടന്നു. 47 കൊല്ലത്തെ പരിചയം.
'മ്മടെ വേലായുധേട്ടന്റെ വര്‍ക്ക്ഷോപ്പ്' എന്ന് മുമ്പ് നാട്ടുകാര്‍ വിളിച്ചിരുന്ന സ്ഥാപനത്തില്‍ ഇപ്പോള്‍ ന്യൂജെന്‍ ചെക്കന്മാരും ധാരാളമായെത്തുന്നു. ശിവാനന്ദന്റെ നേതൃത്വത്തിലുള്ള മൂന്ന് മെക്കാനിക്കുകള്‍ ഇപ്പോഴും ആരെയും നിരാശരാക്കാറില്ല. നിഷ്ഠകള്‍ ചിലതുണ്ട് സഹദേവന്. വണ്ടി ആള്‍ട്ടര്‍ ചെയ്യില്ല. സുരക്ഷിതത്വത്തെ ബാധിക്കുമെന്നതിനാല്‍. ഒറിജിനല്‍ സ്പെയര്പാര്ട്ടുകള് മാത്രമേ ഉപയോഗിക്കൂ.
വാഹനത്തിന്റെ ശബ്ദംകേട്ടാല്‍ പ്രശ്നം തിരിച്ചറിയുന്ന സഹദേവന് പത്താംക്ലാസുകാരനാണെങ്കിലും വാഹനങ്ങളുടെ മാസ്റ്ററാണ്. ''നല്ലൊരു മെക്കാനിക്ക് വാഹനങ്ങള്‍ ഓടിക്കുന്നതിലും മിടുക്കനായിരിക്കണം. ഓടിച്ചുനോക്കിയാല്‍ വാഹനത്തിന്റെ പ്രശ്നം തിരിച്ചറിയണം'' -സഹദേവന് പറഞ്ഞു. പഴയവാഹനങ്ങളുടെ നല്ലൊരു ആല്‍ബം സഹദേവനുണ്ട്. കുറേ ഫോട്ടോകള്‍ ഫ്രെയിംചെയ്ത് വര്‍ക്ക്ഷോപ്പില്‍ സൂക്ഷിച്ചിട്ടുമുണ്ട്.
ടോപ്പ് ഗിയറില്‍ കുതിച്ചോടിയിരുന്ന സ്ഥാപനം റിവേഴ്സ് ഗിയറിലായതില് സഹദേവന് ദുഃഖമില്ല. കാലംമാറുമ്പോള്‍ ഇങ്ങനെ ഒരുപാട് മാറ്റങ്ങളുണ്ടാവും. അത്രതന്നെ. പുതിയൊരിടത്ത് ചെറിയതോതില്‍ സ്ഥാപനം വീണ്ടും തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. എന്നും തനിക്ക് പ്രാധാന്യംനല്കുന്ന സ്ഥിരം കസ്റ്റമേഴ്സിന്റെ നിര്‍ബന്ധം മൂലം.
Content Highlights: Only Mahindra Jeeps have been repairing for 75 years, Mahindra Jeeps, Mahindra 540, mahindra Willys